NationalNews

9 മണിക്കൂര്‍ ചോദ്യം ചെയ്തു;അരവിന്ദ് കെജ്രിവാൾ സിബിഐ ആസ്ഥാനത്തുനിന്ന് മടങ്ങി

ന്യൂഡല്‍ഹി:ഡല്‍ഹി മദ്യ നയക്കേസിൽ അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. കെജ്രിവാൾ സിബിഐ ഓഫീസിൽ നിന്ന് മടങ്ങി. ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെജ്രിവാൾ സിബിഐ ഓഫീസ് വിട്ടത്. ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിൽ നാളെ പ്രത്യേക നിയമസഭാ സമ്മേളനം ചേരുമെന്ന് നിയമസഭാ സെക്രട്ടറി രാജ് കുമാർ അറിയിച്ചു.

ഡല്‍ഹി സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് ചർച്ച ചെയ്യുമെന്നും നിയമസഭ സെക്രട്ടറി പറഞ്ഞു. അതേസമയം പ്രത്യേക സമ്മേളനം ചേരുന്നതിൽ വിയോജിപ്പ് രേഖപ്പെടുത്തിയ ലഫ്. ഗവർണർ നടപടിക്രമങ്ങൾ ലംഘിച്ചാണ് സമ്മേളനം ചേരുന്നതെന്ന് വ്യക്തമാക്കിയിരുന്നു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനുൾപ്പടെയുള്ള നേതാക്കൾക്കും എംഎൽഎമാർക്കുമൊപ്പം രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് കെജ്‌രിവാൾ സിബിഐ ആസ്ഥാനത്തേക്ക് പോയത്. സിബിഐ നൂറ് തവണ വിളിച്ചാലും ഹാജരാകുമെന്നും, രാഷ്ട്ര വിരുദ്ധ ശക്തികളാണ് തന്നെ വേട്ടയാടുന്നത് എന്നും കെജ്‌രിവാൾ പറഞ്ഞു.

അഴിമതിയുടെ സൂത്രധാരൻ കെജ്രിവാളാണെന്ന ആരോപണം ബിജെപി ആവർത്തിച്ചു. സിബിഐ നടപടി ബിജെപിയുടെയും കേന്ദ്ര സർക്കാരിൻ്റെയും രാഷ്ട്രീയ വേട്ടയാടലാണെന്നാണ് കെജ്രിവാളും എഎപിയും ആവർത്തിക്കുന്നത്. 

രാജ്ഘട്ടിന് മുന്നിൽ കെജ്രിവാളിന്റെ അറസ്റ്റാവശ്യപ്പെട്ട് ബിജെപി പ്രതിഷേധ ധ‌ർണ്ണ സംഘടിപ്പിച്ചു. മഹാത്മാ​ഗാന്ധിയെ കെജ്രിവാൾ അപമാനിച്ചെന്നും, മദ്യനയത്തിന്റെ സൂത്രധാരൻ കെജ്രിവാളാണെന്നും ബിജെപി ഇന്നും ആവർത്തിച്ചു.

മദ്യനയം വഴി മദ്യവ്യവസായികളുണ്ടാക്കിയ 144 കോടിയുടെ കമ്മീഷൻ കെജ്രിവാളിന് പോയെന്നും ബിജെപി വക്താവ് സംബിത് പാത്ര പറഞ്ഞു. കെജ്രിവാളിനെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രി സ്ഥാനം മന്ത്രി സൗരഭ് ഭരദ്വാജിന് കൈമാറാനും എഎപി ആലോചിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker