KeralaNews

കണ്ണൂരിലേക്ക് അധികവും പറക്കുന്നത് ഇന്‍ഡിഗോ വിമാനങ്ങള്‍? പറഞ്ഞ വാക്ക് പാലിക്കാന്‍ ഇ പിയ്ക്ക് കഴിയുമോ?

കണ്ണൂര്‍: മൂന്നാഴ്ച യാത്രാവിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ഇനി ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്ന് ഉറപ്പിച്ച് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.വിമാനമൊഴിവാക്കി തിരുവനന്തപുരത്തുനിന്നും കണ്ണൂര്‍ക്കുള്ള ആദ്യ യാത്ര അദ്ദേഹം ട്രെയിനില്‍ പുറപ്പെടുകയും ചെയ്തു.

മൂന്നാഴ്ചയെന്നല്ല, നടന്നുപോയാലും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ജയരാജന്റെ പ്രതികരണം വന്നതോടെ രാഷ്ട്രീയ എതിരാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചിന്തിക്കുന്നത് ഇനി ഏതു സര്‍വീസായിരിക്കും ഇ പി തിരഞ്ഞെടുക്കുക എന്നതാണ്.

തിരുവനന്തപുരം- കണ്ണൂര്‍ റൂട്ടില്‍ ഏറ്റവുമധികം സര്‍വീസ് നടത്തുന്നത് ഇന്‍ഡിഗോ വിമാനങ്ങളാണ്. അതുകഴിഞ്ഞാല്‍ പിന്നെയുള്ളത് എയര്‍ ഇന്ത്യ. അതാകട്ടെ അധികം സര്‍വീസുകളുമില്ല. ഉള്ള സര്‍വീസിനാണെങ്കില്‍ നല്ല പണവും മുടക്കേണ്ടി വരും. 4000 മുതല്‍ 6000 വരെയാണ് ഇന്‍ഡിഗോ ഈടാക്കുന്നതെങ്കില്‍ എയര്‍ഇന്ത്യയുടേത് ഏതാണ്ട് 15000 രൂപ അടുപ്പിച്ചാണ്. എല്‍ ഡി എഫ് കണ്‍വീനര്‍ ആയതുകൊണ്ടുതന്നെ ജയരാജന് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ധാരാളം യാത്രകള്‍ നടത്തേണ്ടി വരും.

എന്നാല്‍,ഇനി അത്തരം യാത്രകളെല്ലാം ട്രെയിനിലോ റോഡ് മാര്‍ഗമോ ആക്കേണ്ടി വന്നേക്കും. അങ്ങനെ വന്നാല്‍ ഉണ്ടാകുന്ന സമയനഷ്ടം ഏറെയാകും. അതല്ലെങ്കില്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളെ ആശ്രയിക്കേണ്ടി വരും. വളരെ വേഗത്തിലും കുറഞ്ഞ ചിലവിലും എത്താന്‍ ഇന്‍ഡിഗോയേക്കാള്‍ മികച്ച ഓപ്ഷന്‍ ഇല്ല എന്നതാണ് വസ്തുത.

‘കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്തത് ഞാനും ഭാര്യയുമായിരിക്കും. ഇനി നടന്നുപോയാലും ഇന്‍ഡിഗോ കമ്പനിയുടെ വിമാനത്തില്‍ ഞാന്‍ യാത്ര ചെയ്യില്ല. ഇതൊരു വൃത്തികെട്ട കമ്പനിയാണെന്ന് മനസിലായി.

ഇന്‍ഡിഗോ കമ്പനിയില്‍ യാത്ര ചെയ്തില്ലെന്ന് കരുതി എനിക്കൊന്നും സംഭവിക്കാന്‍ പോകുന്നില്ല. മാന്യമായ വേറെ പല വിമാന കമ്പനികളും ഉണ്ട്. ആ വിമാനങ്ങളിലേ ഇനി പോകൂ. കുറ്റവാളികള്‍ക്ക് നേരെ നടപടിയെടുക്കാനല്ല ഇന്‍ഡിഗോ താത്പര്യം കാണിച്ചത്. അവരുടെ വിമാനക്കമ്പനി അപകടത്തിലാണെന്ന് പല സ്ഥലത്തുനിന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.’- ഇങ്ങനെയായിരുന്നു ജയരാജന്റെ പ്രതികരണം.

ഇന്‍ഡിഗോയുടെ വിലക്കിനെതിരെ അപ്പീല്‍ പോകില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇന്‍ഡിഗോ വേണമെങ്കില്‍ അവരുടെ തീരുമാനം പിന്‍വലിക്കട്ടേ. കണ്ണൂരിലേക്ക് മറ്റ് വിമാന കമ്പനികളുടെ സര്‍വീസുകള്‍ തുടങ്ങാന്‍ തന്നാലാവുന്ന ശ്രമം നടത്തുമെന്നും ഇ പി പറഞ്ഞു. ഇ പി ജയരാജന്റെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണയെന്ന് ഭാര്യ പി കെ ഇന്ദിരയും പറഞ്ഞു.

എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന് മൂന്നാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുത്തിയ ഇന്‍ഡിഗോ വിമാനകമ്പനിയുടെ തീരുമാനത്തിനെതിരെ സി പി എം. വസ്തുതകള്‍ പരിശോധിക്കാതെയുള്ള തീരുമാണെന്നും, വിലക്കേര്‍പ്പെടുത്തിയ തീരുമാനം പുനഃപരിശോധിക്കണമന്നും സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker