BusinessNationalNews

ഗോതമ്പിനും പഞ്ചസാരയ്ക്കും പിന്നാലെ അരി കയറ്റുമതിയും ഇന്ത്യ നിയന്ത്രിച്ചേക്കും; ഗോതമ്പിനായി അപേക്ഷ നല്‍കി രാജ്യങ്ങള്‍

മുംബൈ: ഗോതമ്പിനും പഞ്ചസാരയ്ക്കും പിന്നാലെ അരി കയറ്റുമതിയിലും നിയന്ത്രണം കൊണ്ടുവരുന്നതു പരിഗണിച്ച് ഇന്ത്യ. ആഭ്യന്തര വിപണിയില്‍ അരിലഭ്യത ഉറപ്പാക്കാനും വില ക്രമംവിട്ടുയരുന്നതു തടയാനും ഇതുവഴി ലക്ഷ്യമിടുന്നു. ഉയരുന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരപ്രാധാന്യമുള്ള ഓരോ ഉത്പന്നത്തിന്റെയും ലഭ്യതയും വിപണിവിലയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസമിതി പരിശോധിക്കുന്നുണ്ട്. ബസ്മതി ഇതര അരിയും ഇക്കൂട്ടത്തിലുണ്ട്. ഇവയുടെ വില ക്രമംവിട്ട് ഉയരുകയാണെങ്കില്‍ ഉടനടി നടപടിയെടുക്കാനാണ് സമിതിയുടെ തീരുമാനം.

പണപ്പെരുപ്പം ഏതുവിധേനയും കുറച്ചുകൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ആഭ്യന്തരവിപണിയില്‍ ഗോതമ്പുവില ഉയര്‍ന്നുതുടങ്ങിയപ്പോള്‍തന്നെ കയറ്റുമതി നിരോധനം കൊണ്ടുവന്നത്. ഉത്സവകാലത്തേക്കുള്ള പഞ്ചസാര ലഭ്യത ഉറപ്പുവരുത്തുകയാണ് പഞ്ചസാര കയറ്റുമതി നിയന്ത്രണത്തിലൂടെ ഉദ്ദേശിക്കുന്നത്.

അരിയും ഗോതമ്പും പഞ്ചസാരയും ഉള്‍പ്പെടെ അഞ്ചുത്പന്നങ്ങളുടെ കയറ്റുമതി നിയന്ത്രണമാണ് പരിഗണനയിലുള്ളതെന്നാണ് വിവരം. ഇതില്‍ ഗോതമ്പിന്റെയും പഞ്ചസാരയുടെയും കയറ്റുമതിനിയന്ത്രണം പ്രഖ്യാപിച്ചുകഴിഞ്ഞു. ചൈന കഴിഞ്ഞാല്‍ ലോകത്തില്‍ രണ്ടാമത്തെ വലിയ അരി ഉത്പാദക രാജ്യമാണ് ഇന്ത്യ. 2021-’22 സാമ്പത്തികവര്‍ഷം നൂറ്റമ്പതോളം രാജ്യങ്ങളിലേക്ക് ഇന്ത്യ അരി കയറ്റിയയച്ചിരുന്നു.

കയറ്റുമതി നിരോധിച്ച സാഹചര്യത്തില്‍ ഗോതമ്പു വാങ്ങുന്നതിന് ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതിക്കായി അപേക്ഷനല്‍കി വിവിധ രാജ്യങ്ങള്‍. യു.എ.ഇ., ദക്ഷിണ കൊറിയ, ഒമാന്‍, യെമെന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇതിനകം അപേക്ഷ നല്‍കിയിട്ടുള്ളത്. യു.എ.ഇ. ഇന്ത്യന്‍ സ്ഥാനപതി മുഖേന കയറ്റുമതി നിരോധനത്തില്‍ ഇന്ത്യയെ ആശങ്ക അറിയിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന് ഗോതമ്പ് ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നും യു.എ.ഇ. ആവശ്യപ്പെടുന്നു. അതേസമയം, യെമെനിലെ ഔദ്യോഗിക സര്‍ക്കാരാണോ സ്വയംപ്രഖ്യാപിത സര്‍ക്കാരാണോ അപേക്ഷ നല്‍കിയതെന്നതില്‍ വ്യക്തതയില്ലെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇതുവരെ അപേക്ഷ വന്നിട്ടില്ല. ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്തിരുന്ന ഗോതമ്പിന്റെ പകുതിയും വാങ്ങിയിരുന്നത് ബംഗ്ലാദേശാണ്. കയറ്റുമതിക്ക് നിരോധനമുണ്ടെങ്കിലും ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ അത്യാവശ്യ രാജ്യങ്ങള്‍ക്ക് ഗോതമ്പ് നല്‍കുമെന്ന് ഇന്ത്യ നേരത്തേ അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker