‘കശ്മീരിയാകാനുള്ള നിറമില്ല’ കശ്മീരുകാരിയായിട്ടും ഹിനയ്ക്ക് അവസരമില്ല! അവഗണനയെപ്പറ്റി താരം

മുംബൈ:ലോകം ഇത്രയൊക്കെ മുന്നോട്ട് വന്നിട്ടും ഇപ്പോഴും പഴയ ചിന്താഗതികളില്‍ നിന്നും നമുക്ക് മുന്നോട്ട് വരാന്‍ സാധിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇത്തരം ഇല്ലെന്നായിരിക്കും. പ്രത്യേകിച്ചും സൗന്ദര്യത്തേയും ഭംഗിയേയും കുറിച്ചുള്ള സങ്കല്‍പ്പങ്ങളുടെ കാര്യത്തില്‍. മാറ്റങ്ങള്‍ കാണാന്‍ സാധിക്കുന്നുണ്ടെങ്കിലും നായിക സങ്കല്‍പ്പത്തിലും മറ്റും പഴയ കാഴ്ചപ്പാടുകള്‍ പിന്തുടരുന്നവര്‍ സിനിമാ ലോകത്തുണ്ട്.
നിറത്തിന്റെ പേരിലും ശരീരപ്രകൃതിയുടെ പേരിലുമെല്ലാം മാറ്റി നിര്‍ത്തപ്പെടല്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നത് വസ്തുതയാണ്. ഇരുണ്ട നിറം ആയതില്‍ പരിഹസിക്കപ്പെടുകയും ഒഴിവാക്കപ്പെടുകയും ചെയ്തതിനെക്കുറിച്ച് തുറന്ന് പറഞ്ഞവരില്‍ ഒരുപാട് പേരുണ്ട്. കറുത്തവരെ നായികയും നായകനുമൊക്കെയാക്കാന്‍ പലരും ഇപ്പോഴും രണ്ട് വട്ടം ചിന്തിക്കുമെന്നത് സങ്കടകരമായൊരു വസ്തുതയാണ്.
അങ്ങനെ ഒരിക്കല്‍ ഇരുണ്ട നിറത്തിന്റെ പേരില്‍ അവസരം നഷ്ടപ്പെട്ട നടിയാണ് ഹിന ഖാന്‍. ഒരു അഭിമുഖത്തിലാണ് ഹിന ഖാന്‍ മനസ് തുറന്നത്. കശ്മീര്‍ സ്വദേശിയാണ് ഹിന ഖാന്‍. എന്നാല്‍ തനിക്ക് മതിയായ വെളുപ്പില്ലെന്ന് പറഞ്ഞ് കശ്മീരി കഥാപാത്രത്തിന്റെ വേഷം പോലും നിരസിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഹിന ഖാന്‍ പറയുന്നത്. ഇ-ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
”ചിലപ്പോഴൊക്കെ എനിക്ക് കഥ ഇഷടപ്പെടാതെ വരികയും കഥാപാത്രം എങ്ങനെ അവതരിപ്പിക്കണമെന്ന് അറിയാതെ വരികയോ ചെയ്തിട്ടുണ്ട്. മഅതേസമയം ചിലപ്പോള്‍ ടെസ്റ്റ് നല്‍കുകയും അഭിനയിക്കാന്‍ ആവേശത്തോടെ കാത്തിരിക്കുകയും ചെയ്യുന്ന സമയമുണ്ട്. പക്ഷെ പല കാരണങ്ങള്‍ കൊണ്ടും അവ നഷ്ടപ്പെട്ടേക്കാം. ഈ പ്രൊജക്ടിനെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഒന്ന് പറയാം, എനിക്ക് വേണ്ടത്ര കശ്മീരി ലുക്ക് ഇല്ലാത്തതിനാലാണ് ആ അവസരം നഷ്ടമായത്” എന്നാണ് ഹിന പറയുന്നത്.
കശ്മീര്‍ സ്വദേശിയായിരുന്നിട്ടും കശ്മീര്‍ ഭാഷ നന്നായി അറിയാമായിരുന്നിട്ടും തനിക്ക് ആ വേഷം നഷ്ടമായി. അതിനുള്ള ഏക കാരണം തന്റെ നിറം ഇരുണ്ടതാണെന്നാണ് ഹിന ഖാന്‍ പറയുന്നത്. ”ഞാന്‍ കശ്മീരിയാണ്. ഭാഷയും ഒഴുക്കോടെ സംസാരിക്കും. പക്ഷെ എന്റെ നിറം ഇരുണ്ടതായാതിനാല്‍ എനിക്ക് ആ വേഷം കിട്ടിയില്ല. അതായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നത്. എന്നെ കണ്ടാല്‍ കശ്മീരി ലുക്ക് ഇല്ലത്രേ. പക്ഷെ ഞാന്‍ പ്രതീക്ഷ കൈ വിടുന്നില്ല. ശ്രമം തുടരുകയാണ്” എന്നാണ് ഹിന ഖാന്‍ പറയുന്നത്.
ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ഹിന ഖാന്‍ താരമായി മാറുന്നത്. സിനിമയില്‍ അവസരം ലഭിച്ചില്ലെങ്കിലും ടെലിവിഷനിലെ സൂപ്പര്‍ താരമായി മാറാന്‍ ഹിന ഖാന് സാധിച്ചു. ഇന്ന് ടെലിവിഷനില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് ഹിന ഖാന്‍. യേ രീഷ്ത ക്യാ കെഹലാത്താ ഹേ, കസൗട്ടി സിന്ദഗി കേ തുടങ്ങിയ പരമ്പരകളിലൂടെയാണ് ഹിന ഖാന്‍ താരമാകുന്നത്. ബിഗ് ബോസ് സീസണ്‍ 11 ലെ മത്സരാര്‍ത്ഥിയായിരുന്നു ഹിന ഖാന്‍. കത്രോം കി ഖില്ലാഡിയിലും ഹിന ഖാന്‍ പങ്കെടുത്തിരുന്നു.
അതേസമയം ജീവിതത്തില്‍ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ് ഹിന ഖാന്‍. താരം ക്യാന്‍സര്‍ ബാധിതയാണ്. തന്റെ ചികിത്സയെക്കുറിച്ചുള്ള വിവരങ്ങളൊക്കെ താരം നിരന്തരം പങ്കുവെക്കാറുണ്ട്.