ഹിജാബ് വിവാദം വീണ്ടും; കർണാടകത്തിൽ 6 കോളേജ് വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്തു
മംഗലാപുരം: ദക്ഷിണ കന്നഡയിൽ ഹിജാബ് ധരിച്ച് കോളേജിലെത്തിയ 6 വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്തു. ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളേജാണ് നടപടി എടുത്തത്. 6 ബിരുദ വിദ്യാർത്ഥിനികൾ ഇന്ന് ഹിജാബ് ധരിച്ച് കോളേജിലെത്തുകയും ക്ലാസ് മുറിയിൽ പ്രവേശിക്കുകയുമായിരുന്നു. ഇതറിഞ്ഞെത്തിയ അധ്യാപകർ വിദ്യാർത്ഥിനികളെ ക്ലാസിന് പുറത്താക്കി.
ഇതിനുപിന്നാലെയാണ് വിദ്യാർത്ഥിനികളെ ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്ത് മാനേജ്മെന്റ് ഉത്തരവിറക്കിയത്. നിയമം ലംഘിച്ച് മനഃപൂർവ്വം പ്രകോപനം സൃഷ്ടിക്കാൻ വിദ്യാർത്ഥിനികൾ ശ്രമിച്ചെന്ന് ആരോപിച്ചാണ് കോളേജ് മാനേജ്മെന്റിന്റെ നടപടി. ക്ലാസ് മുറിയിൽ നിന്ന് അധ്യാപകർ പുറത്താക്കിയ വിദ്യാർത്ഥിനികൾ മറ്റ് വിദ്യാർത്ഥിനികൾക്കൊപ്പം ചേർന്ന് പ്രതിഷേധം സംഘടിപ്പിച്ചെന്നും മാനേജ്മെന്റ് ആരോപിക്കുന്നു. അതേസമയം നിയമം ലംഘിച്ചിട്ടില്ലെന്നും നേരത്തെ ധരിച്ച ഡ്രസ് തന്നെയാണ് അണിഞ്ഞതെന്നും വിദ്യാർത്ഥിനികൾ വിശദീകരിച്ചു.
നേരത്തെ കർണാടകത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച് സർക്കാർ ഇറക്കിയ ഉത്തരവ് കർണാടക ഹൈക്കോടതി ശരിവച്ചിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിലെ ഒഴിച്ചുകുനാകാത്ത ആചാരമല്ലെന്നും ആ നിലയിൽ ഹിജാബ് നിരോധിച്ചതിൽ തെറ്റില്ലെന്നുമാണ് ഹൈക്കോടതി കണ്ടെത്തിയത്.
ഹിജാബിനെ ചൊല്ലി കഴിഞ്ഞ ദിവസം മംഗളൂരു സർവകലാശാലയിലും പ്രതിഷേധം ഉയർന്നിരുന്നു. യൂണിഫോം നിർബന്ധമാക്കണമെന്ന് മംഗളൂരു സർവകലാശാല (Mangalore University) നിർദേശം പുറപ്പെടുവിച്ചതിന് പിന്നാലെ, ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ ക്ലാസിൽ കയറ്റാതെ തിരിച്ചയച്ചിരുന്നു. വിസിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് മാർച്ച് 15ലെ കർണാടക ഹൈക്കോടതി വിധി പ്രകാരം ക്ലാസ് മുറികളിൽ ഹിജാബ് അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
സംഭവം വിവാദമായതോടെ, ന്യായീകരണവുമായി മുഖ്യമന്ത്രി ബസവരാജ ബൊമ്മെ രംഗത്തെത്തിയിരുന്നു. ഹൈക്കോടതി വിധിയും സർക്കാരിന്റെ ഉത്തരവുകളും എല്ലാവരും അനുസരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹിജാബിൽ വിവാദം സൃഷ്ടിക്കേണ്ട ആവശ്യമില്ല, വിദ്യാർത്ഥികൾക്ക് പഠനമാണ് പ്രധാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.