ചേർത്തലയിൽ നവവധു മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്,ഭർത്താവ് അറസ്റ്റിൽ

ആലപ്പുഴ: ചേർത്തലയിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കൊല്ലം സ്വദേശിനി ഹെന (42) ആണ് മരിച്ചത്. മേയ് 26നാണ് ഭർത്താവിന്റെ വീട്ടിലെ കുളിമുറിയിൽ ഹെനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ചേർത്തല കൊക്കോതമംഗലംഅനന്തപുരിയിൽ അപ്പുക്കുട്ടൻ (50) അറസ്റ്റിലായി. ആറുമാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം.

സംഭവദിവസം കുളിമുറിയിൽ കുഴഞ്ഞുവീണുവെന്ന് പറഞ്ഞ് അപ്പുക്കുട്ടൻ ഹെനയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നാലെ മരണം സ്ഥിരീകരിച്ചതിനെത്തുടർന്ന് പൊലീസിനെ അറിയിച്ച ശേഷം പോസ്റ്റ്‌മോർട്ടം നടത്തി കൊല്ലത്തെ വീട്ടിൽ സംസ്‌കാരം നടത്തുകയും ചെയ്തു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ കൊലപാതകത്തിന്റെ സൂചനകൾ കണ്ടെത്തിയതിനെത്തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. ഹെനയ്ക്ക് തലയ്ക്ക് പരിക്കും കഴുത്തിൽ വിരൽ അമർത്തിയതിന്റെ പാടുമുണ്ടെന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. കഴുത്തു ഞെരിച്ചാണ് കൊലപാതകം നടത്തിയത്. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതി കുറ്റസമ്മതം നടത്തി. ചില തെളിവുകളുടെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് അപ്പുക്കുട്ടനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് പ്രതി കുറ്റസമ്മതം നടത്തിയത്.

ചെറുപ്പം മുതൽ മാനസികാസ്വാസ്ഥ്യമുള്ളയാളാണ് ഹെന. ഇക്കാര്യം വ്യക്തമാക്കിത്തന്നെയായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന് ശേഷം പലപ്പോഴായി പണം ആവശ്യപ്പെട്ടിരുന്നുവെന്ന് ഹെനയുടെ പിതാവ് പറയുന്നു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഹെനയെ നിരന്തരം ഭർത്താവ് മർദിക്കുമായിരുന്നു. ഫോണിൽ സംസാരിക്കാൻ പോലും അനുവദിക്കുമായിരുന്നില്ലെന്ന് ഹെനയുടെ പിതാവ് പറഞ്ഞു. സാമ്പത്തിക തർക്കമാണ് മരണകാരണമെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News