‘ഞാൻ അവരെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ളതല്ലേ, നല്ലത് എഴുതാൻ പറയുമ്പോൾ അവർ ചെയ്യുന്നില്ല’; വിമർശകരോട് ദിലീപ്!
കൊച്ചി:വിവാദങ്ങളിൽ ഉൾപ്പെട്ട ശേഷമാണ് നടൻ ദിലീപിന്റെ സിനിമാ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുന്നത്. മഞ്ജു വാര്യരുമായി വേർപിരിഞ്ഞ് നടി കാവ്യ മാധവനെ വിവാഹം ചെയ്തത് മുതൽ ദിലീപിന് ആരാധകരെക്കാൾ കൂടുതൽ വിമർശകരാണ്.
താൻ എന്ത് ചെയ്താലും ആളുകൾ തന്നെ എടുത്ത് ഉടുക്കുന്ന സ്ഥിതിയാണെന്ന് അടുത്തിടെ മാധ്യമങ്ങളോട് സംസാരിക്കവെ ദിലീപ് പറഞ്ഞിരുന്നു. പണ്ടൊക്കെ വർഷത്തിൽ ഒന്നും രണ്ടും ദിലീപ് സിനിമകൾ തിയേറ്ററുകളിൽ നിറഞ്ഞോടിയിരുന്നു.
എന്നാൽ ഇന്ന് രണ്ടും മൂന്നും വർഷം ഇടവേളയെടുത്തിട്ടാണ് ദിലീപ് സിനിമകൾ റിലീസ് ചെയ്യുന്നത്. ഇടക്കാലത്തുണ്ടായ കേസും പ്രശ്നങ്ങളും തന്നെയാണ് ദിലീപിന്റെ അഭിനയ ജീവിതത്തെയും ബാധിച്ചത്. ദിലീപ് സിനിമകൾ റിലീസിന് തയ്യാറെടുക്കുമ്പോൾ തന്നെ ഡീഗ്രേഡിങും ഒപ്പം നടക്കുന്നുണ്ട്.
ഇപ്പോഴിതാ വോയ്സ് ഓഫ് സത്യനാഥൻ എന്ന ദിലീപ് സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. റാഫിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ തന്റെ വിമർശകരെ കുറിച്ച് ദിലീപ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഒരു കാലത്ത് തന്റെ സിനിമകൾ കണ്ട് പൊട്ടിച്ചിരിച്ചവരാണ് ഇന്ന് തന്നെ വിമർശിച്ച് എഴുതുന്നതെന്നാണ് ദിലീപ് പറയുന്നത്. തന്നെ കുറിച്ച് മോശമായി എഴുതുന്ന രീതി നിർത്തരുതെന്നും എല്ലാം തുടർന്നോളാനും ദിലീപ് പറയുന്നു.
സൈബർ അറ്റാക്ക് ചെയ്യുന്നവരോട് എന്താണ് പറയാനുള്ളതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് സരസമായ ഭാഷയിൽ ദിലീപ് മറുപടി നൽകിയത്. ‘ഒന്നും നിർത്തരുത്. എല്ലാം കൺടിന്യു ചെയ്യുക. കാരണം നിങ്ങൾ എന്നെ വിമർശിക്കുമ്പോഴും ജനങ്ങളുടെ മനസിൽ എത്തുന്നത് എന്റെ മുഖം തന്നെയല്ലേ.’
‘ഞാൻ അവരെ വിളിച്ച് എന്നെ കുറിച്ച് നല്ലത് എഴുതാൻ പറയുമ്പോൾ അവരാരും ചെയ്യുന്നില്ല. മോശം എഴുതുമ്പോഴും എന്റെ ചിരിച്ച മുഖം തന്നെയല്ലേ വരുന്നത്. അവർ കൺടിന്യു ചെയ്യട്ടെ. ഹേറ്റേഴ്സ് അവരുടെ വ്യൂസ് കൂട്ടാൻ ശ്രമിക്കുമ്പോഴും അവരെല്ലാം അവരുടെ ചെറുപ്പകാലം മുതൽ എന്റെ സിനിമ കണ്ട് ചിരിച്ചിട്ടുള്ളവരല്ലേ.
‘ഞാൻ ഒരുപാട് അവരെ ചിരിപ്പിച്ചിട്ടുള്ളതല്ലേ. ഇനി അവർ അത് ചിന്തിച്ചിട്ട് എന്തെങ്കിലും ചെയ്യട്ടെ. അവരുടെ ഇഷ്ടമാണെന്നും’, ദിലീപ് പറയുന്നു. തന്റെ ഇത്രയും വർഷത്തെ സിനിമാ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതമാണ് തോന്നുന്നതെന്നും താരം പറയുന്നു.
കുഞ്ഞുനാൾ മുതൽ സിനിമയിൽ എന്തെങ്കിലും ആകണമെന്ന് ആഗ്രഹിച്ച ഒരാൾ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് സിനിമയിലെത്തി. കൊച്ചു കൊച്ചു വേഷങ്ങൾ ചെയ്ത് പ്രധാന വേഷങ്ങളിലേക്ക് എത്തി. ഒരുപാട് പേർക്കൊപ്പം പ്രവർത്തിച്ച് ഇവിടെ വരെ എത്തിയെന്നത് ഓർക്കുമ്പോൾ സന്തോഷം തോന്നുന്നുവെന്നും ദിലീപ് പറയുന്നു.
വിദേശത്തായാലും കേരളത്തിലായാലും ഇപ്പോഴും ദിലീപ് പങ്കെടുക്കുന്ന പരിപാടികൾക്ക് സാക്ഷ്യം വഹിക്കാൻ ജനസാഗരം ഒഴുകി എത്താറുണ്ട്. കഴിഞ്ഞ ദിവസം വോയ്സ് ഓഫ് സത്യനാഥന്റെ ഖത്തറിലെ പ്രമോഷൻ പരിപാടി കാണാൻ ആയിരങ്ങളാണ് തടിച്ച് കൂടിയത്.
വോയ്സ് ഓഫ് സത്യനാഥന് ശേഷം മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ദിലീപ് സിനിമ ബാന്ദ്രയാണ്. തെന്നിന്ത്യൻ സുന്ദരി തമന്ന അടക്കം ബാന്ദ്രയിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലെ ദിലീപിന്റെ ലുക്ക് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ‘വോയ്‌സ് ഓഫ് സത്യനാഥൻ എന്ന ചിത്രം തമാശ മാത്രമല്ല പറയുന്നത്.’
‘എല്ലാതരത്തിലുമുള്ള ഇമോഷനുകളുണ്ട്. സിനിമ തമാശയിലൂടെയാണ് നീങ്ങുന്നതെങ്കിലും ചിത്രത്തിന്റെ ആശയം വളരെ സീരിയസാണ്. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ റിവ്യൂ വരുന്ന കാലമാണ്. എന്നാൽ ഈ മുപ്പത് വർഷക്കാലം എന്നെ നിലനിർത്തിയ പ്രേക്ഷകർ എനിക്ക് കരുത്താകുമെന്ന് വിശ്വസിക്കുന്നു’, എന്നാണ് പുതിയ സിനിമയെ കുറിച്ചുള്ള പ്രതീക്ഷ പങ്കുവെച്ച് ദിലീപ് പറഞ്ഞത്.