ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ വിദേശികൾ ഉൾപ്പെടെ 13 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ്
റഫ: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന വ്യോമാക്രമണത്തിലാണ് ബന്ദികള്‍ കൊല്ലപ്പെട്ടതെന്ന് ഹമാസ് അറിയിച്ചത്. അഞ്ചിടങ്ങളിലായി ഇസ്രയേലി യുദ്ധവിമാനങ്ങള്‍ നടത്തിയ വ്യോമാക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ 13 ബന്ധികള്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ സായുധ വിഭാഗമായ ഇസ്സദീന്‍ അല്‍-ഖസ്സാം ബ്രിഗേഡ്‌സാണ് അറിയിച്ചത്. ഒക്ടോബര്‍ 7ന് തെക്കന്‍ ഇസ്രയേലില്‍ കടന്നുകയറി 150 പേരെയാണ് ബന്ദികളാക്കി ഹമാസ് ഗാസയില്‍ എത്തിച്ചിരിക്കുന്നത്. മുന്നറിയിപ്പില്ലാതെ ജനവാസകേന്ദ്രങ്ങളില്‍ ബോംബിട്ടാല്‍ ബന്ദികളെ കൊലപ്പെടുത്തുമെന്ന് ഹമാസ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
വടക്കന്‍ ഗാസയില്‍ നിന്നും 24 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞുപോകാനുള്ള ഇസ്രയേലിന്റെ അന്ത്യശാസനം അവഗണിക്കാന്‍ ഹമാസിന്റെ ആഹ്വാനം. വീടുകളില്‍ ഉറച്ച് നില്‍ക്കാനും അധിനിവേശം നടത്താനുള്ള വെറുപ്പുളവാക്കുന്ന മനശാസ്ത്രയുദ്ധത്തെ നേരിടാനുമാണ് ഹമാസ് വടക്കന്‍ ഗാസയിലെ ജനങ്ങളോട് അഹ്വാനം ചെയ്തിരിക്കുന്നത്. ഇസ്രയേല്‍ കരയുദ്ധം നടത്തിയാല്‍ നേരിടുമെന്ന് നേരത്തെ ഹമാസ് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ഇസ്രയേല്‍ അന്ത്യശാസനത്തിന് ശേഷം ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നില്ലെന്നും തെരുവുകള്‍ വിജനമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹമാസ്-ഇസ്രയേല്‍ യുദ്ധത്തില്‍ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 1868 ആയി. ഗാസയില്‍ 1537 പേര്‍ കൊല്ലപ്പെടുകയും 6612 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അധിനിവേശ വെസ്റ്റ്ബാങ്കില്‍ 31 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ 600 പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍ പക്ഷത്ത് 1300 പേര്‍ കൊല്ലപ്പെടുകയും 3200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
വടക്കന്‍ ഗാസയില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ ഒരു ദശലക്ഷത്തിലേറെ ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ കഴിയില്ലെന്ന് ഗാസ സിറ്റിയിലെ പലസ്തീന്‍ റെഡ് ക്രസന്റ് വക്താവ് നെബല്‍ ഫര്‍സാഖ് പറഞ്ഞതായി അന്താരാഷ്്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.”ഞങ്ങളുടെ രോഗികള്‍ക്ക് എന്ത് സംഭവിക്കും? പരിക്കേറ്റവരുണ്ട്, പ്രായമായവരുണ്ട്, ആശുപത്രികളില്‍ കഴിയുന്ന കുട്ടികളുണ്ട് ഫര്‍സാഖ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍ പലരും ആശുപത്രികള്‍ ഒഴിപ്പിക്കാനും രോഗികളെ ഉപേക്ഷിക്കാനും വിസമ്മതിക്കുകയാണെന്നും നബല്‍ ഫര്‍സാഖ് പറഞ്ഞു. ആളുകള്‍ക്ക് പോകാന്‍ സ്ഥലമില്ല. പ്രദേശത്തുടനീളം ബോംബാക്രമണം നടക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളും റോഡുകളും തകര്‍ന്ന് കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആളുകളോട് മറ്റൊരു പ്രദേശത്തേക്ക് സ്വയം ഒഴിയാന്‍ ആവശ്യപ്പെടുന്നതെന്നും ഫര്‍ഖാസ് ചൂണ്ടിക്കാണിച്ചു.
പലസ്തീനികളെ ഗാസയില്‍ നിന്ന് ഈജിപ്തിലേക്ക് മാറ്റാനുള്ള ഇസ്രയേലിന്റെ ശ്രമമാണ് ഈ നീക്കമെന്ന് ഈജിപ്ഷ്യന്‍ എംപി മുസ്തഫ ബക്രി എക്‌സില്‍ കുറിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഇതുവഴി ഫലസ്തീന്‍ പ്രശ്‌നം പൂര്‍ണ്ണമായും ഇല്ലാതാക്കപ്പെടും, ഈജിപ്ത് ഒരിക്കലും ഈ പദ്ധതിയുടെ ഭാഗമാകില്ല, പലസ്തീനികള്‍ അവരുടെ ഭൂമി വിട്ടുപോകില്ല, എന്ത് ത്യാഗം സഹിച്ചാലും അവര്‍ ഉറച്ചുനില്‍ക്കും’; മുസ്തഫ ബക്രി എക്‌സില്‍ കുറിച്ചു.
ഇതിനിടെ പലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നൂറുകണക്കിന് ജോര്‍ദ്ദാന്‍ പൗരന്മാര്‍ ഇസ്രയേല്‍-ജോര്‍ദ്ദാന്‍ അതിര്‍ത്തിയിലേയ്ക്ക് പ്രകടനം നടത്തുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലസ്തീന്‍ രാജ്യമില്ലാതെ സമാധാനം സാധ്യമാകില്ലെന്ന് ബുധനാഴ്ച ജോര്‍ദ്ദന്‍ ഭരണാധികാരി അബ്ദുള്ള രാജാവ് വ്യക്തമാക്കിയിരുന്നു. തലസ്ഥാനമായ അമ്മാനില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളെ തുടര്‍ന്നായിരുന്നു അബ്ദുള്ള രാജാവിന്റെ പ്രതികരണം. പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തുന്നതിനായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വെള്ളിയാഴ്ച ജോര്‍ദ്ദാനിലെത്തിയിരുന്നു. ജോര്‍ദ്ദന്‍ ഭരണാധികാരി അബ്ദുള്ള രാജാവുമായും ആന്റണി ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തും.