KeralaNews

നാലുവയസ്സുകാരന് ഷിഗെല്ല,മരിച്ച സഹോദരന്റെ കാര്യത്തിലും സംശയം; കുട്ടികളിൽ രോ​ഗം ​ഗുരുതരമാകാം

കൊല്ലം: പരവൂർ സ്വദേശിയായ നാലുവയസ്സുകാരന് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ്‌ അധികൃതർ പറഞ്ഞു.

ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കുട്ടിയുടെ അഞ്ചുവയസ്സുള്ള സഹോദരൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഷിഗെല്ലയെ തുടർന്നാണോ കുട്ടി മരിച്ചതെന്നറിയാൻ ആരോഗ്യവകുപ്പ് വിശദപരിശോധന നടത്തിവരികയാണ്.

പരവൂർ കോട്ടപ്പുറം സ്വദേശികളായ ദമ്പതിമാരുടെ അഞ്ചുവയസ്സുള്ള കുട്ടിയാണ് മരിച്ചത്. കോട്ടപ്പുറം ഗവ. എൽ.പി.സ്കൂളിലെ വിദ്യാർഥിയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് സ്കൂളിൽവെച്ച് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ രക്ഷിതാക്കൾ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് പരവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അവിടെനിന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. 11 വയസ്സുള്ള മൂത്ത കുട്ടിക്കും അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും ആരോഗ്യനില മോശമായില്ല.

ഏറ്റവും ഇളയകുട്ടിയുടെ നില മോശമായതിനെ തുടർന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാതാവടക്കമുള്ള കുടുംബാംഗങ്ങളും ഒപ്പം ചികിത്സയിലുണ്ട്. പരിശോധനയിൽ ഷിഗെല്ല സ്ഥിരീകരിച്ച കുട്ടിക്ക് വിദഗ്ധചികിത്സയെ തുടർന്നാണ് ആരോഗ്യനില മെച്ചപ്പെട്ടത്. മരിച്ച കുട്ടിയുടെ ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക്‌ അയച്ചു.

പരിശോധനാഫലം ലഭിച്ചിട്ടില്ല. ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും കോങ്ങാലിലെ കുട്ടികളുടെ വീട് സന്ദർശിച്ചു. പുറത്തുനിന്നുള്ള ഭക്ഷണം അടുത്തദിവസങ്ങളിലൊന്നും വീട്ടുകാർ കഴിച്ചിട്ടില്ലെന്നാണ് ലഭിച്ചിട്ടുള്ള വിവരം. പരിസരത്തെ വീടുകളിൽനിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്‌. മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണമായതൊന്നും കണ്ടെത്തിയിട്ടില്ലെന്നും വിശദപരിശോധനയ്ക്കുശേഷം മാത്രമേ ഷിഗെല്ലബാധ ഉണ്ടായിരുന്നോയെന്നു സ്ഥിരീകരിക്കാൻ കഴിയൂ എന്നും ഡി.എം.ഒ. ഡോ. ഡി.വസന്തദാസ്‌ അറിയിച്ചു.

പരവൂരിൽ നാലുവയസ്സുകാരന് ഷിഗെല്ലബാധ സ്ഥിരീകരിച്ചത് ഹോട്ടൽ ഭക്ഷണത്തിൽനിന്നാണോയെന്ന കാര്യത്തിൽ അവ്യക്തത. ആരോഗ്യവകുപ്പിനും ഭക്ഷ്യസുരക്ഷാവകുപ്പിനും ഇതുസംബന്ധിച്ച് വ്യത്യസ്തമായ വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. ചികിത്സയിലുള്ള കുടുംബാംഗങ്ങൾ ആരോഗ്യനില വീണ്ടെടുത്തശേഷം ഇവരിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.

ഒരാഴ്ചയായി പുറത്തുനിന്നുള്ള ഭക്ഷണം കഴിച്ചിട്ടില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. എന്നാൽ ഒരാഴ്ചമുൻപ്‌ ഭക്ഷണശാലയിൽനിന്നുള്ള സാൻവിച്ച് ഇവർ കഴിച്ചിരുന്നതായി വിവരമുണ്ട്. കുട്ടി മരിച്ചദിവസം പുറത്തുനിന്ന് കൊണ്ടുവന്ന ഭക്ഷണം മൂത്ത കുട്ടി കഴിച്ചതായി പറയുന്നു. ഇതിന്റെ സാമ്പിളുകൾ ഭക്ഷ്യസുരക്ഷാവകുപ്പിന് ലഭിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലുള്ള രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥതകളുള്ളതായി കണ്ടെത്തിയതിനെത്തുടർന്ന് പോലീസ് കുടിവെള്ളപരിശോധനയ്ക്കും നടപടികളെടുത്തിട്ടുണ്ട്. മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ് അധികൃതർ. ചികിത്സയിലുള്ളവരിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതരുടെ പ്രതീക്ഷ. കുടിവെള്ള പരിശോധനയിലൂടെ സംഭവം സംബന്ധിച്ച ദുരൂഹതകൾ അകറ്റാനാകുമെന്നാണ് പോലീസ് കരുതുന്നത്.

കുട്ടികളിൽ ഷിഗെല്ലബാധ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ആഹാരവും വെള്ളവും കൈകാര്യംചെയ്യുന്നത് ഷിഗെല്ല ബാധയ്ക്ക് ഇടയാക്കാം. മലപരിശോധനയിലൂടെയാണ് രോഗനിർണയം നടത്തുന്നത്. ഷിഗെല്ല വിഭാഗത്തിൽപ്പെട്ട ബാക്ടീരിയകൾ കുടലുകളെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന അണുബാധയാണ് ഷിഗെല്ലോസിസ്. വയറിളക്കമാണ്‌ രോഗത്തിന്റെ പ്രധാന ലക്ഷണം. നില ഗുരുതരമാകുമ്പോൾ ഇത് രക്തത്തോടുകൂടിയ വയറിളക്കമാകും. നിർജലീകരണം രോഗത്തെ മാരകമാക്കും. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികൾക്ക് രോഗബാധയേൽക്കാൻ സാധ്യത കൂടുതലാണ്. എന്നാൽ കൃത്യമായ ചികിത്സ രോഗനിയന്ത്രണത്തിന് സഹായകമാകും. ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചാൽ മൂന്നു ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. അപസ്മാരമുള്ള കുട്ടികളിൽ ഷിഗെല്ല മരണകാരണവുമാകാം.

പാൽ, മുട്ട, മത്സ്യ-മാംസങ്ങൾ തുടങ്ങിയ ശീതികരിച്ചു സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ഷിഗെല്ല ബാക്ടീരിയ കൂടുതൽകാലം ജീവിച്ചിരിക്കും. ഇവയുടെ ഉപയോഗത്തിൽ ശ്രദ്ധ അനിവാര്യമാണ്. രോഗബാധിതർ ഭക്ഷണമുണ്ടാക്കുന്നതിൽനിന്ന് വിട്ടുനിൽക്കണം. നിർജലീകരണംപോലുള്ള ലക്ഷണങ്ങൾ കാണുമ്പോൾതന്നെ ചികിത്സ തേടണം. രോഗതീവ്രത കുറയ്ക്കാൻ ആന്റിബയോട്ടിക്കുകൾ സഹായിക്കും. പരിസരശുചിത്വവും തിളപ്പിച്ചാറ്റിയ കുടിവെള്ളംമാത്രം ഉപയോഗിക്കുന്നതും രോഗത്തെ അകറ്റിനിർത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker