സ്വകാര്യത ലംഘനം; ഫേസ്ബുക്കിനെതിരെ 650 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി
സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്കിനെതിരെ സ്വകാര്യതാ വ്യവഹാരത്തിന് 650 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഫെഡറല്‍ കോടതി വിധി. സ്വകാര്യതാ ലംഘനത്തിന്റെ എക്കാലത്തെയും വലിയ സെറ്റില്‍മെന്റുകളിലൊന്നാണ് ഈ വിധിയെന്ന് ജഡ്ജി ജയിംസ് ഡൊനാറ്റോ ഇതിനെ വിശേഷിപ്പിച്ചു.
2015 ല്‍ ഇല്ലിനോയിസില്‍ ഫയല്‍ ചെയ്ത ഒരു ക്ലാസ്-ആക്ഷന്‍ വ്യവഹാരത്തിലാണ് യുഎസ് ജില്ലാ ജഡ്ജി ജയിംസ് ഡൊണാറ്റോയുടെ നിര്‍ണ്ണായകമായ ഈ വിധി. ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഫോട്ടോ ഫെയ്‌സ്-ടാഗിംഗും മറ്റ് ബയോമെട്രിക് ഡാറ്റയും ഉപയോഗിച്ചുവെന്നാരോപിച്ചായിരുന്നു കേസ് ഫയല്‍ ചെയ്തത്.
ഉപയോക്താക്കളുടെ മുഖങ്ങള്‍ ഡിജിറ്റലായി സൃഷ്ടിക്കുന്നതിനും സംഭരിക്കുന്നതിനും ഉപയോക്താക്കള്‍ അപ്ലോഡ് ചെയ്ത ഫോട്ടോകള്‍ സ്‌കാന്‍ ചെയ്യുന്നതിന് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് മുമ്പ് അവരുടെ സമ്മതം വാങ്ങേണ്ടതുണ്ട്.
നഷ്ടപരിഹാരത്തിന് കേസ് കൊടുത്ത ഇല്ലിനോയിസിലെ 1.6 ദശലക്ഷം ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഈ വിധി അനുകൂലമായി ബാധിക്കും. വിധിയ്‌ക്കെതിരെ അപ്പീല്‍ കൊടുത്തില്ലെങ്കില്‍ രണ്ട് മാസത്തിനുള്ളില്‍ ചെക്കുകള്‍ മെയിലിലുണ്ടാകുമെന്ന് കേസ് ഫയല്‍ ചെയ്ത ഷിക്കാഗോ അറ്റോര്‍ണി ജയ് എഡല്‍സണ്‍ പറഞ്ഞു.