EntertainmentKeralaNews

സുനിച്ചനുമായി വിവാഹമോചനം; വിശദീകരണവുമായി മഞ്ജുപത്രോസ്‌

കൊച്ചി:നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. അടുത്തിടെയാണ് മഞ്ജു വീട് നിര്‍മിച്ച് കയറി താമസിച്ചത്. ഇപ്പോഴിതാ വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു. താനും ഭര്‍ത്താവും വേര്‍പിരിഞ്ഞുവെന്ന് വരെ പലരും പറഞ്ഞുപരത്തിയെന്നും ഇതൊക്കെ പറയാനും പ്രചരിപ്പിക്കാനും നിങ്ങള്‍ ആരാണെന്നുമാണ് മഞ്ജു ചോദിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരത്തിന്റെ പ്രതികരണം.

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നമസ്‌കാരം

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒരു വലിയ സ്വപ്നത്തിന്റെ പിന്നാലെ ആയിരുന്നു ഞാന്‍.. അതിനുവേണ്ടി രാത്രിയെന്നില്ല പകലെന്നില്ലാതെ ജോലി ചെയ്തു.. ജോലി ചെയ്തു എന്നല്ല പറയേണ്ടത്.. ആരോഗ്യം പോലും നോക്കാതെ ചോര നീരാക്കി ഞാന്‍ ഓടി… ഓടിയോടി ഓട്ടത്തിനൊടുവില്‍ ഞാന്‍ ആ സ്വപ്നത്തില്‍ എത്തി… അതെ ഞങ്ങളുടെ വീട്… കല്ലും മണ്ണും കൊണ്ടല്ല ഞാന്‍ ആ വീട് പണിതത്.. എന്റെ ചോരയും വീയര്‍പ്പും സ്വപ്നങ്ങളും കൊണ്ടാണ്… നിങ്ങളില്‍ പലര്‍ക്കും അത് മനസ്സിലാകും… കാരണം നിങ്ങളില്‍ പലരും ആ വേവ് അറിഞ്ഞവരാണ്.

വളരെ ആലോചനകള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു കത്ത് ഞാന്‍ എഴുതുന്നത്… ഇത് എന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത അല്ലെങ്കില്‍ എന്നെ ഒരുപാട് സ്‌നേഹിക്കുന്ന എന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി എഴുതുന്നതല്ല.. കാരണം അവര്‍ക്കൊക്കെ എന്നെ മനസ്സിലാകും… മറിച്ച് ഇവിടെ അന്യായ കസര്‍ത്തുകള്‍ കാണിച്ചു കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ വാര്‍ത്ത മാധ്യമ അധര്‍മ്മികള്‍ക്ക് വേണ്ടിയാണ്.. നിങ്ങള്‍ ആരെന്നാണ് നിങ്ങളുടെ വിചാരം? എന്താണ് നിങ്ങളുടെയൊക്കെ ധാരണ? മരിക്കാത്തവനെ കൊന്നും ഡൈവോഴ്‌സ് ആകാത്തവരെ തമ്മില്‍ പിരിച്ചും ഗര്‍ഭിണിയാകാത്തവരെ പ്രസവിപ്പിച്ചും നിങ്ങള്‍ മാധ്യമധര്‍മ്മം നിറവേറ്റാന്‍ തുടങ്ങിയിട്ട് കുറെ നാളായല്ലോ… ഒരു മുറിയും ഒരു ഫോണും ഇന്റര്‍നെറ്റും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആരെക്കുറിച്ചും എന്തും പറയാം എന്നാണോ? ആരാണ് നിങ്ങള്‍ക്ക് ഇതിനൊക്കെയുള്ള ലൈസന്‍സ് തന്നത്? നിങ്ങളെക്കാളൊക്കെ അന്തസ്സ് തെരുവ് നായ്ക്കള്‍ക്ക് പോലും ഉണ്ട് … ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കണം നിങ്ങളെപ്പോലെ തന്നെ സമാധാനമായി ജീവിക്കാനുള്ള അവകാശം ഇവിടെ ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഉണ്ട്…

ഞാനൊരു സെലിബ്രിറ്റി അല്ല… അഭിനയം എന്റെ തൊഴില്‍ മാത്രമാണ്… ജീവിതം കൈവിട്ടു പോകാന്‍ പോകുന്നു എന്നറിഞ്ഞ നിമിഷത്തില്‍ അത് കെട്ടിപ്പടുക്കാന്‍ അഹോരാത്രം ഓടിയ ഒരുത്തിയാണ് ഞാന്‍.. എന്നെപ്പോലെ ഒരുപാട് സ്ത്രീകള്‍ ഇവിടെയുണ്ട്…
ബാങ്കില്‍നിന്ന് ലോണെടുത്തും പണിയെടുത്തും ഒരു വീട് വെച്ചപ്പോള്‍ അത് കോടികളുടെ വീടാക്കി നിങ്ങള്‍… നിങ്ങളാണോ എന്റെ വീട്ടില്‍ കോടികള്‍ കൊണ്ട് തന്നത് ?ഹൗസ് വാമിങ്ങിന് സുനിച്ചനെ കാണാതായപ്പോള്‍, നല്ലകാലം വന്നപ്പോള്‍ അവനെ ഒഴിവാക്കി അവള്‍ ആഘോഷിക്കുന്നു എന്ന് പറഞ്ഞു നിങ്ങള്‍..

സുനിച്ചനെ ഡൈവോഴ്‌സ് ചെയ്തു പോലും.. അതൊക്കെ നിങ്ങള്‍ സ്വയമങ്ങ് തീരുമാനിച്ചാല്‍ മതിയോ? അല്ലെങ്കില്‍ ആ മനുഷ്യന്‍ എവിടെയെങ്കിലും വന്നു നിങ്ങളോട് പറഞ്ഞോ ഞാന്‍ അദ്ദേഹത്തിനെ ഒഴിവാക്കിയെന്ന്? അതൊക്കെ പോട്ടെ ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചാലോ പിരിഞ്ഞാലോ മാധ്യമങ്ങളെ നിങ്ങള്‍ക്ക് എന്താണ്? കേരളം നേരിടുന്ന ആഭ്യന്തരപ്രശ്‌നമാണോ ഞങ്ങളുടെ ദാമ്പത്യം? അടുത്ത നിങ്ങളുടെ പ്രശ്‌നം എന്റെ കൂട്ടുകാരിയാണ്….

എന്റെ എല്ലാ ഘട്ടത്തിലും, സുഖത്തിലും.. ദുഃഖത്തിലും.. കൂടെയുണ്ടായിരുന്ന എന്റെ കൂട്ടുകാരി ഞാന്‍ വെച്ച വീട്ടില്‍ വരുമ്പോള്‍ നിങ്ങള്‍ക്കൊക്കെ എവിടെയാണ് പൊള്ളുന്നത്? അവള്‍ മാത്രമല്ല എനിക്ക് ധാരാളം സുഹൃത്തുക്കള്‍ ഉണ്ട്.. അവരെല്ലാം എന്റെ വീട്ടില്‍ വരും.. അതിന്റെ അര്‍ത്ഥം അവരെല്ലാം എന്റെ ജീവിതപങ്കാളികളാണെന്നാണോ?

എന്റെ പൊന്ന് ഓണ്‍ലൈന്‍ വാര്‍ത്ത മാധ്യമങ്ങളെ, എന്നാണ് നിങ്ങളുടെയെല്ലാം തലയില്‍ വെളിച്ചം വീഴുന്നത്? കഷ്ടം…നിങ്ങളൊക്കെ ഒരു കാര്യം മനസ്സിലാക്കിക്കൊള്ളു.. എന്റെ സുഹൃത്തുക്കള്‍ ഇനിയും എന്റെ വീട്ടില്‍ വരും… അതിന്റെ പേരിലോ എന്റെ കുടുംബത്തിന്റെ പേരിലോ ഇനിയും നിങ്ങള്‍ നുണക്കഥകള്‍ പടച്ചു വിടാനാണ് തീരുമാനിച്ചിരിക്കുന്നത് എങ്കില്‍,നിങ്ങള്‍ ചെയ്‌തോളൂ …പക്ഷേ എന്നാല്‍ കഴിയുന്നത് ഞാനും ചെയ്യും.. അതിനൊക്കെയുള്ള സാഹചര്യം ഇപ്പോള്‍ ഈ നാട്ടിലുണ്ട്..

ഞാനിപ്പോള്‍ ഇത് പറയുന്നത് എനിക്ക് വേണ്ടി മാത്രമല്ല ..നിങ്ങളുടെ കൊള്ളരുതായ്മകള്‍ കൊണ്ട് പൊറുതിമുട്ടിയ നിരവധി പേരുണ്ടിവിടെ… അവര്‍ക്ക് കൂടി വേണ്ടിയാണ്… അതുകൊണ്ട് ഓരോരുത്തര്‍ക്കും അവരവരുടെ ജീവിതം വിട്ടുകൊടുക്കുക.. എല്ലാവരും ജീവിക്കട്ടെ… അവര്‍ക്ക് ഇഷ്ടമുള്ളതുപോലെ.. നിങ്ങള്‍ എഴുതി വിടുന്ന നുണക്കഥകളെ പേടിക്കാതെ… ഒരു കാര്യം എടുത്തു പറയട്ടെ..ഞാന്‍ ഓണ്‍ലൈന്‍ വാര്‍ത്തമാധ്യമപ്രവര്‍ത്തകരെ അടച്ച് ആക്ഷേപിച്ചതല്ല

മറ്റുള്ളവരുടെ ജീവിതം കൊണ്ട് അമ്മാനമാടി നുണക്കഥകള്‍ മാത്രം വിറ്റ് ജീവിക്കുന്ന ഒരു കൂട്ടം ചാനലുകള്‍ ഉണ്ട്.. അവരെയാണ്… എപ്പോഴും ആലോചിക്കും വീട്ടിലേക്ക് അരി മേടിക്കാന്‍ ആണല്ലോ ഇവര്‍ ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്… വീട്ടിലിരിക്കുന്നവര്‍ക്ക് ഇങ്ങനെ ചിലവിനു കൊടുത്തിട്ട് എന്താണ് കാര്യം?
ഇത്രയും പറഞ്ഞതുകൊണ്ട് നാളെ നിങ്ങള്‍ക്ക് ഞാന്‍ ശത്രു ആയിരിക്കും… പക്ഷേ എനിക്ക് നിങ്ങളെ പേടിയില്ല… കാരണം സത്യം മാത്രമേ എന്നും വിജയിക്കു.. സത്യം മാത്രം…

ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ ദാസാ…?

സ്ത്രീകളോട്..
നമുക്ക് ജീവിക്കണം.. ജയിക്കണം.. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി കുടുംബത്തിനുവേണ്ടി… വഴിവക്കില്‍ തെരുവ് നായ്ക്കള്‍ ഇനിയും നമ്മളെ നോക്കി കുരച്ചുകൊണ്ടേയിരിക്കും.. അതില്‍ പതറാതെ നമുക്ക് മുന്നോട്ട് പോകാം…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker