NationalNews

അരവിന്ദ് കെജ്‌രിവാളിന് 164 കോടി രൂപ തിരിച്ചടയ്ക്കാൻ നോട്ടീസ് അയച്ച് ഡൽഹി സർക്കാർ

ന്യൂഡൽഹി: സർക്കാർ പരസ്യങ്ങളുടെ മറവിൽ രാഷ്ട്രീയ പരസ്യങ്ങൾ നൽകിയെന്നാരോപിച്ച് ആം ആദ്‌മി പാർട്ടിയിൽ നിന്ന് 163.62 കോടി രൂപ തിരിച്ചുപിടിക്കാൻ നോട്ടീസ് അയച്ച് ഡൽഹി സർക്കാർ. ഡൽഹി സർക്കാരിന്റെ ഇൻഫർമേഷൻ ആന്റ് പബ്ളിസിറ്റി ഡയറക്ട്രേറ്റ് ആണ് നോട്ടീസ് നൽകിയത്. പത്തുദിവസത്തിനുള്ളിൽ പണം അടയ്ക്കണമെന്നാണ് നോട്ടീസിൽ നി‌‌ർദേശിക്കുന്നത്.

163,61,88,265 രൂപ തിരിച്ചടയ്ക്കാനുള്ള അവസാന അവസരം നൽകുകയാണ്. പത്തുദിവസത്തിനുള്ളിൽ പണം അടച്ചില്ലെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും നോട്ടീസിൽ പറയുന്നു. 2017 മാർച്ച് 31 വരെ പരസ്യങ്ങൾക്കായി ചെവലഴിച്ച തുകയായി വ്യക്തമാക്കുന്നത് 99,31,10,53 രൂപയാണ്. ബാക്കിയുള്ള 64,30,78,212 രൂപ പരസ്യയിനത്തിൽ ചെലവാക്കിയ തുകയുടെ പലിശയാണ്.

നിശ്ചിത സമയത്തിനുള്ളിൽ എ എ പി കൺവീനർ പണം തിരിച്ചടച്ചില്ലെങ്കിൽ ഡൽഹി ലെഫ്.ഗവർണറുടെ മുൻ ഉത്തരവുപ്രകാരം പാർട്ടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. അതേസമയം, നോട്ടീസുമായി ബന്ധപ്പെട്ട് ഡൽഹി സർക്കാരോ ആം ആദ്‌മി പാർട്ടിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സർക്കാർ പരസ്യങ്ങളുടെ മറവിൽ പാർട്ടി പരസ്യങ്ങൾ നൽകിയെന്നാരോപിച്ച് എ എ പിയ്ക്കെതിരെ ഡൽഹി ലഫ്. ഗവർണർ വി കെ സക്‌സേന നടപടികൾ ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോഴാണ് ഇൻഫർമേഷൻ ആന്റ് പബ്ളിസിറ്റി ഡയറക്ട്രേറ്റ് നോട്ടീസ് അയച്ചിരിക്കുന്നത്. പരസ്യവുമായി ബന്ധപ്പെട്ട് എ എ പിയിൽ നിന്ന് 97 കോടി രൂപ തിരിച്ചുപിടിക്കാൻ കഴിഞ്ഞ ഡിസംബർ 20ന് ലഫ്.ഗവർണർ ഉത്തരവിട്ടിരുന്നു. എന്നാൽ ഇത്തരം ഉത്തരവ് പുറപ്പെടുവിക്കാൻ ലഫ്. ഗവർണർക്ക് അധികാരമില്ലെന്നായിരുന്നു എ എ പി അന്ന് പ്രതികരിച്ചത്.

ലഫ്. ഗവർണറുടെ ഉത്തരവിനെ പുതിയൊരു പ്രണയലേഖനമെന്നായിരുന്നു എ എ പിയുടെ മുഖ്യ വക്തമാവ് സൗരഭ് ഭരത്വാജ് അന്ന് വിശേഷിപ്പിച്ചത്. മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബി ജെ പിയിൽ നിന്ന് അധികാരം പിടിച്ചെടുത്തതിനാൽ അവർ അസ്വസ്ഥരാണെന്നും എ എ പി ദേശീയ പാർട്ടിയായി മാറിയതിൽ അസൂയാലുക്കളാണെന്നും ഭരത്വാജ് പറഞ്ഞിരുന്നു. ബി ജെ പിയുടെ നിർദേശപ്രകാരമാണ് ലഫ്. ഗവർണർ പ്രവർത്തിക്കുന്നതെന്നും ഭരത്വാജ് ആരോപിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker