ഡൊണാൾഡ് ട്രംപിന് കോവിഡ്,ആഗോള എണ്ണ വിപണിയിൽ വിലയിടിവ്
ന്യൂയോർക്ക് : യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചതോടെ എണ്ണ വിപണിയിൽ വിലയിടിവ്. അസംസ്കൃത എണ്ണ വീപ്പക്ക് നാലു ശതമാനത്തിെന്‍റെ വരെ ഇടിവാണ് രേഖപ്പെടുത്തിയത്. ന്യൂയോർക്ക് വിപണിയിൽ ബാരലിന് 37 ഡോളറിലേക്കാണ് വിലയിടിഞ്ഞത്. എന്നാൽ പിന്നീട് ചെറിയ തോതിലുള്ള ഉണർവ് വിലയിൽ രേഖപ്പെടുത്തി.
ട്രംപിനും ട്രംപ് ഭരണകൂടത്തിലെ ഉന്നതർക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എണ്ണവിപണിയിൽ ഉണ്ടായ തിരിച്ചടി താൽക്കാലികം മാത്രമാണെന്നാണ് വിലയിരുത്തൽ. കോവിഡ് വ്യാപനത്തെ തുടർന്ന് എണ്ണവിപണി നേരത്തെ തന്നെ പ്രതിസന്ധി നേരിടുകയാണ്. വലിയ തോതിലുള്ള വിലയിടിവാണ് എണ്ണ വിപണിയിൽ രേഖപ്പെടുത്തിയത്.
കോവിഡ് ഭീഷണി ഇടക്കാലത്ത് നിയന്ത്രണ വിധേയമായ ഘട്ടത്തിൽ വിപണിയിൽ ചെറിയ ഉണർവ് പ്രകടമായിരുന്നു. എന്നാൽ മിക്ക രാജ്യങ്ങളിലും കോവിഡ് വീണ്ടും പിടിമുറുക്കിയതോടെ ഉൽപാദന മേഖലയിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ല.