പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഒട്ടേറെപേര്‍ പീഡിപ്പിച്ചതായി പരാതി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവും ഇയാള്‍വഴി നഗ്നചിത്രങ്ങള്‍ അയച്ചുകിട്ടിയവരുമാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും ആക്ഷേപമുണ്ട്. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 18 പേരെ പ്രതികളാക്കി പോലീസ് കേസെടുത്തു.
സ്‌കൂളില്‍ പോകാന്‍ വിമുഖത കാട്ടിയ 16-കാരിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇന്‍സ്റ്റഗ്രാം വഴി ചിറ്റാര്‍ സ്വദേശിയായ യുവാവാണ് പെണ്‍കുട്ടിയുമായി ആദ്യം സൗഹൃദത്തിലായത്. ഇരുവരും നഗ്നചിത്രങ്ങളും കൈമാറി. പെണ്‍കുട്ടി പങ്കുവെച്ച നഗ്നചിത്രങ്ങള്‍ യുവാവ് പിന്നീട് സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കി. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ കിട്ടിയ മറ്റുള്ളവര്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നും കുട്ടിയെ ചൂഷണംചെയ്‌തെന്നുമാണ് പോലീസിന് ലഭിച്ചവിവരം.
വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് പ്രതികളില്‍ ചിലര്‍ വീട്ടിലെത്തി പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. മറ്റുചിലര്‍ പെണ്‍കുട്ടിയെ ചിലയിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയതായും പറയുന്നു.
സംഭവത്തില്‍ പെണ്‍കുട്ടിയെ ജില്ലാ പോലീസ് ആസ്ഥാനത്ത് എത്തിച്ച് വിശദമായ മൊഴിരേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളില്‍ നാലുപേര്‍ കസ്റ്റഡിയിലുള്ളതായും വിവരമുണ്ട്. പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ സ്‌കൂളിലെ വിദ്യാര്‍ഥി തന്നെയാണെന്നാണ് സൂചന.