മുസ്ലീം സ്ത്രീകളെ വില്പനയ്ക്ക് വച്ച് വിദ്വേഷ പ്രചാരണം; ആപ്പ് ബ്ലോക്ക് ചെയ്‌തെന്ന് ഐ.ടി മന്ത്രി
ന്യൂഡല്‍ഹി: മുസ്ലീം സ്ത്രീകളെ വില്പനയ്ക്ക് വച്ച് വിദ്വേഷ പ്രചാരണം നടത്തിയ ‘ബുള്ളി ബായ്’ ആപ്പ് ബ്ലോക്ക് ചെയ്തതായി കേന്ദ ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്. ആപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം. പ്രശസ്തരായ മുസ്ലിം വനിതാ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണമാണ് ‘ബുള്ളി ബായ്’ എന്ന ആപ്പ് നടത്തിവന്നത്. കഴിഞ്ഞ വര്‍ഷം ‘സുള്ളി ഡീല്‍സ്’ എന്ന പേരില്‍ ഇതുപോലെ ഒരു ആപ്പ് പുറത്തുവന്നിരുന്നു.
ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബ് അഹ്‌മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്വി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഇസ്മത്ത് ആര, റേഡിയോ ജോക്കി സായിമ, സിഎഎ വിരുദ്ധസമരത്തിന്റെ അമരത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥിനേതാക്കളായ ലദീദ സഖലൂന്‍, ആയിഷ റെന്ന, ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് തുടങ്ങി നിരവധി മുസ്ലിം സ്ത്രീകളെയാണ് ചിത്രങ്ങള്‍ സഹിതം ആപ്പില്‍ വില്‍പനയ്ക്കു വച്ചിരിക്കുന്നത്.
സുള്ളി ഡീല്‍സിലും ഇവരുടെ ചിത്രങ്ങള്‍ പങ്കുവച്ച് വില്‍പനയ്ക്കു വച്ചിരുന്നു. മാധ്യമപ്രവര്‍ത്തക ഇസ്മത്ത് ആരയുടെ പരാതിയില്‍ ഡല്‍ഹി പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തന്റെ പേരും ചിത്രവും സഹിതം ആപ്പില്‍ വില്പനയ്ക്ക് വച്ചിരുന്നതിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം ഇസ്മത്ത് ആര തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചിരുന്നു.
ആപ്പില്‍ പേര് വന്ന മറ്റുചിലരും സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചു. ഇതേ തുടര്‍ന്നാണ് സംഭവം വിവാദമായത്. ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി അടക്കം നിരവധി പേര്‍ ആപ്പിനെതിരെ രംഗത്തെത്തി. തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. പ്രിയങ്കയുടെ ട്വീറ്റിനു മറുപടി ആയാണ് ഐടി മന്ത്രി ആപ്പ് ബ്ലോക്ക് ചെയ്‌തെന്ന് വ്യക്തമാക്കിയത്. ഇതിനു നന്ദി അറിയിച്ച പ്രിയങ്ക വിഷയത്തില്‍ കൂടുതല്‍ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.