ന്യൂഡല്‍ഹി: ഓസ്‌കാര്‍ 2025നുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ബോളിവുഡ് ചിത്രം ലാപതാ ലേഡീസ്. വിദേശ ചിത്രങ്ങളുടെ കാറ്റഗറിയിലാണ് ചിത്രം മത്സരിക്കുക. ഫിലിം ഫെഡറേഷനാണ് ലാപതാ ലേഡീസിനെ ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുത്ത കാര്യം അറിയിച്ചത്. ഫിലിം ഫെഡറേഷന്‍ ചെയര്‍മാന്‍ ജാനു ബറുവയാണ് തീരുമാനം പ്രഖ്യാപിച്ചത്.
12 ഹിന്ദി ചിത്രങ്ങള്‍, ആറ് തമിഴ്, 4 മലയാളം ചിത്രങ്ങള്‍ എന്നിവയാണ് മത്സരത്തിനുണ്ടായിരുന്നത്. ജൂറിയില്‍ ഇത്തവണ 13 പേരാണ് ഉണ്ടായിരുന്നത്. ആമിര്‍ ഖാന്‍ മുന്‍ ഭാര്യയായ കിരണ്‍ റാവുവാണ് ചിത്രം സംവിധാനം ചെയ്തത്. ആമിര്‍ ഖാന്‍, കിരണ്‍ റാവു, ജ്യോതി ദേശ്പാണ്ഡെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
പ്രധാന വേഷങ്ങളില്‍ എല്ലാം പുതുമുഖങ്ങള്‍ എത്തിയ ചിത്രമായിരുന്നു ലാപതാ ലേഡീസ്. നിതാന്‍ഷി ഗോയല്‍, പ്രതിഭ റാന്‍ഡ, സ്പര്‍ശ് ശ്രീവാസ്തവ്, ഛായ കദം, രവി കിഷന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.
ആനിമല്‍, കില്‍, കല്‍ക്കി 2898 എഡി, ശ്രീകാന്ത്, ചന്ദു ചാമ്പ്യന്‍, ജോറം, മൈതാന്‍, സാം ബഹാദൂര്‍, ആര്‍ട്ടിക്കിള്‍ 370, മലയാള ചിത്രം ആട്ടം, പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ്, എന്നിവയടക്കം 29 ചിത്രങ്ങളാണ് ഇന്ത്യന്‍ ഓസ്‌കര്‍ എന്‍ട്രിക്കായി മത്സര രംഗത്തുണ്ടായിരുന്നത്. ബിപ്ലബ് ഗോസ്വാമിയുടെ കഥയെ ആസ്പദമാക്കി നിര്‍മിച്ച ലാപതാ ലേഡീസിന് തിരക്കഥയും സംഭാഷണവും ഒരുക്കിയത് സ്‌നേഹ ദേശായിയാണ്.
കഴിഞ്ഞ വര്‍ഷം ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മാര്‍ച്ച് ഒന്നിനാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്തത്. ബോക്‌സോഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും, നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തതോടെ ചിത്രം ആഗോള ശ്രദ്ധ നേടിയിരുന്നു. ചിത്രം ജപ്പാനില്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ കിരണ്‍ റാവു അറിയിച്ചിരുന്നു.