നയാഗ്രയില്‍ കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
കൊല്ലം: കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിനുസമീപം ഒഴുക്കിൽപ്പെട്ടുകാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കാനഡയിലെ കോൺസ്റ്റഗോ സർവകലാശാല എൻജിനീയറിങ് എം.എസ്. വിദ്യാർത്ഥി ചിന്നക്കട ശങ്കർ നഗർ കോട്ടാത്തല ഹൗസിൽ കോട്ടാത്തല ഷാജിയുടെ മകൻ അനന്തുകൃഷ്ണ ഷാജി (26) ആണ് മരിച്ചത്. സഹപാഠിയായ വിദ്യാർത്ഥിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഈ മാസം ഒന്നിനാണ് അനന്തുകൃഷ്ണ ഒഴുക്കിൽപ്പെട്ടത്. നയാഗ്ര പോലീസും മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റ്ഗാർഡും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സഹപാഠിയായ തമിഴ്നാട് സ്വദേശിയെ പോലീസ് രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കോൺസ്റ്റഗോ സർവകലാശാല ഗുലേബ് കാമ്പസിലെ വിദ്യാർത്ഥിയാണ് അനന്ദു. പാർട് ടൈം ജോലിചെയ്യുന്ന സുഹൃത്തുക്കൾക്കൊപ്പമാണ് നയാഗ്ര താഴ്വരയിലെത്തിയത്. മലയിടുക്കിലെ ചെറിയ വെള്ളച്ചാട്ടത്തിനു മുന്നിൽനിന്ന് ഫോട്ടോ എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷിക്കാൻ ശ്രമിച്ച അനന്തു ഒഴുക്കിൽപ്പെടുകയായിരുന്നു.
എം.ടെക് കഴിഞ്ഞ അനന്തു ഏപ്രിലിലാണ് കാനഡയിൽ എം.എസ്. കോഴ്സിന് ചേർന്നത്. ഓൺലൈൻ ക്ലാസുകൾക്കുശേഷം മേയിലാണ് തിരികെപ്പോയത്.ഞായറാഴ്ച രാവിലെ തിരുവനന്തപുരം എയർപോർട്ടിൽ മൃതദേഹം എത്തിക്കും. ഉച്ചയ്ക്ക് 12-ന് കുടുംബവീടായ കൊട്ടാരക്കര കോട്ടാത്തല മുഴിക്കോട്ടുള്ള വീട്ടിൽ സംസ്കരിക്കും. അമ്മ: നൈന ഷാജി. സഹോദരൻ: അശ്വിൻ ഷാജി.