രോഗം പടർന്നു പിടിയ്ക്കുന്നു, ബിഗ് ബോസ് ഷോ പ്രതിസന്ധിയിൽ, അഞ്ച് പേരെ ക്യാമ്പിൽ നിന്ന് മാറ്റി
ആവേശവും ആരവവും വര്‍ധിച്ചുവരുന്നതിനിടെ ബിഗ് ബോസ് വീട്ടിലെ അംഗങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ് കണ്ണിലെ അസുഖം. ഓരോരുത്തര്‍ക്കായി വന്നുതുടങ്ങിയ അസുഖം അധികം വൈകാതെ അംഗങ്ങള്‍ക്കിടയില്‍ പടരുകയായിരുന്നു. വ്യക്തിശുചിത്വം പാലിക്കണമെന്നും അസുഖബാധിതര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പല തവണ ബിഗ് ബോസ് മുന്നറിയിപ്പ് നല്‍കിയിട്ടും അംഗങ്ങള്‍ അത് ഗൗരവമായി എടുക്കാതിരുന്നതോടെയാണ് സംഗതി കൂടുതല്‍ വഷളായിത്തുടങ്ങിയത്.
നേരത്തെ ഷോയില്‍ നിന്ന് പുറത്തായ പരീക്കുട്ടിക്കായിരുന്നു ആദ്യമായി അസുഖം കണ്ടത്. അപ്പോള്‍ മുതല്‍ മതിയായ ശ്രദ്ധ ഇക്കാര്യത്തില്‍ പുലര്‍ത്തണമെന്ന് ബിഗ് ബോസ് താക്കീത് നല്‍കുന്നുണ്ടായിരുന്നു. എന്നാല്‍ പരീക്കുട്ടിയുടെ രോഗം മൂര്‍ച്ഛിക്കുകയാണുണ്ടായത്. തുടര്‍ന്ന് പരീക്കുട്ടിയെ ബിഗ് ബോസ് വീട്ടില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ വൈകാതെ തന്നെ വോട്ടിംഗിന്റെ അടിസ്ഥാനത്തില്‍ പരീക്കുട്ടിക്ക് ഷോ വിട്ട് പുറത്ത് പോകേണ്ടിയും വന്നു.
ഇതിന് ശേഷം ദിവസങ്ങള്‍ക്കകം രഘു അലസാന്‍ഡ്ര എന്നിവര്‍ക്കും കണ്ണില്‍ ഇന്‍ഫെക്ഷന്‍ വന്നതായി കണ്ടു. മറ്റ് അംഗങ്ങളുമായുള്ള സമ്പര്‍ക്കം കുറയ്ക്കണമെന്ന് കര്‍ശനമായി ആ ഘട്ടത്തില്‍ ബിഗ് ബോസ് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അവരത് പാലിച്ചില്ലെന്നാണ് മനസിലാകുന്നത്. അസുഖമുള്ളപ്പോള്‍ തന്നെ അലസാന്‍ഡ്ര, സുജോയുമായി അടുത്തിടപഴകിയിരുന്നു.
അധികം വൈകാതെ തന്നെ രേഷ്മ, സുജോ എന്നിവര്‍ക്കും രോഗം ബാധിച്ചു. പുതിയ മത്സരാര്‍ത്ഥിയായ പവന്റെ കണ്ണിലും നേരിയ അണുബാധയുണ്ടായതായി ബിഗ് ബോസ് അംഗങ്ങളെ വിശദപരിശോധനയ്ക്ക് വിധേയരാക്കിയ മെഡിക്കല്‍ സംഘം അറിയിച്ചു. സംഭവത്തിന്റെ ഗൗരവം അംഗങ്ങള്‍ വേണ്ടവിധം ഉള്‍ക്കൊള്ളാത്തതിനാല്‍ത്തന്നെ അസുഖമുള്ളവരെ അവിടെ നിന്ന് മാറ്റുക എന്ന വഴി മാത്രമേ ബിഗ് ബോസിന് മുന്നില്‍ അവശേഷിച്ചിരുന്നുള്ളൂ.
അതിനാല്‍ രഘു, അലസാന്‍ഡ്ര, രേഷ്മ, സുജോ, പവന്‍ എന്നിവരെ ഇപ്പോള്‍ ബിഗ് ബോസ് വീട്ടില്‍ നിന്ന് മാറ്റി, തനിയെ പാര്‍പ്പിച്ചിരിക്കുകയാണ്. ഗെയിം അതിന്റെ എല്ലാ തരത്തിലുമുള്ള മേളത്തിലും എത്തിനില്‍ക്കുമ്പോള്‍ പ്രധാനപ്പെട്ട അഞ്ച് മത്സരാര്‍ത്ഥികള്‍ പുറത്ത് നില്‍ക്കേണ്ടിവരുന്ന അവസ്ഥ ദയനീയം തന്നെയാണ്. ഒരുപക്ഷേ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നെങ്കില്‍ സംഗതി ഇത്രത്തോളമെത്തില്ലായിരുന്നുവെന്നാണ് നേത്രരോഗ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.