ബഡേ മിയാൻ ഛോട്ടേ മിയാൻ പൊട്ടിപാളീസായി; 250 കോടി കടം, നിര്‍മ്മാണ കമ്പനി ഓഫീസ് കെട്ടിടം വിറ്റു
മുംബൈ: അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബഡേ മിയാൻ ഛോട്ടേ മിയാൻ വന്‍ ബോക്സോഫീസ് ഫ്ലോപ്പായിരുന്നു. അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ബജറ്റ് 350 കോടി രൂപയായിരുന്നു.റിലീസിന് മുമ്പ് വന്‍ പ്രമോഷന്‍ നടത്തിയ ചിത്രം എന്നാല്‍ ബോക്സ് ഓഫീസിൽ ദയനീയമായി പരാജയപ്പെട്ടു. മലയാളി താരം പൃഥ്വിരാജ് സുകുമാരന്‍ ചിത്രത്തില്‍ വില്ലനായി എത്തിയിരുന്നു.
ഇപ്പോള്‍ ചിത്രം സൃഷ്ടിച്ച 250 കോടി രൂപയുടെ കടം വീട്ടാൻ വാഷു ഭഗ്‌നാനി തൻ്റെ മുംബൈയിലെ ഓഫീസ് വിറ്റതായാണ് വാര്‍ത്തകള്‍ വരുന്നത്. സാമ്പത്തിക നഷ്ടത്തിൽ നിന്ന് കരകയറാൻ പ്രൊഡക്ഷൻ ഹൗസിൻ്റെ തൊഴിലാളികളെ പിരിച്ചുവിട്ടുവെന്നും വാര്‍ത്തകളുണ്ട്. 80% ജീവനക്കാരെയും പ്രൊഡക്ഷന്‍ ഹൌസ് കുറച്ചെന്നാണ് വിവരം.
ഇപ്പോള്‍ നിര്‍മ്മാതാക്കളായ പൂജ എന്‍റര്‍ടെയ്മെന്‍റിന്‍റെ ഓഫീസ് മുംബൈയിലെ ഒരു ടു ബിച്ച്കെ ഫ്ലാറ്റിലേക്ക് മാറ്റിയെന്നാണ് ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന റിപ്പോർട്ടിനോട് പ്രൊഡക്ഷൻ ഹൗസ് പ്രതികരിച്ചിട്ടില്ല.
“2021-ൽ കൊവിഡ്-19 പാൻഡെമിക്കിന് ശേഷം തിയേറ്ററുകളിൽ റിലീസ് ചെയ്ത ആദ്യ ഹിന്ദി സിനിമകളിലൊന്നായ പൂജ എന്‍റര്ടെയ്മെന്‍റിന്‍റെ ബെൽ ബോട്ടം എന്ന ചിത്രത്തോടെയാണ് എല്ലാം തുടങ്ങിയത്. ചിത്രം ബോക്‌സ് ഓഫീസിൽ ദയനീയമായി പരാജയപ്പെട്ടു, തുടർന്ന് മിഷൻ റാണിഗഞ്ച് എന്ന ചിത്രവും പരാജയമായി. ബിഗ്-ബജറ്റ് ഗണപത് പരാജയപ്പെടുകയും അതിന്‍റെ ഒടിടി കരാര്‍ നെറ്റ്ഫ്ലിക്സ് നിരസിക്കുകയും ചെയ്തപ്പോള്‍ കമ്പനിയുടെ പ്രശ്നങ്ങൾ രൂക്ഷമായി.
ഇത് തന്നെ കമ്പനിക്ക് വലിയ സാമ്പത്തിക മുന്നറിയിപ്പായിരുന്നു. ബഡെ മിയാൻ ചോട്ടെ മിയാന്‍ ചിത്രത്തിന്‍റെ ബജറ്റ് പിന്നെയും കമ്പനിയെ ക്ഷീണത്തിലാക്കി. അക്ഷയ് കുമാറും ടൈഗർ ഷ്രോഫും അഭിനയിച്ച ആക്ഷൻ ചിത്രം തങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും. അതിന്‍റെ വന്‍ പരാജയം കമ്പനിയുടെ കടത്തിന്‍റെ വന്‍ കുഴിയില്‍ വീഴ്ത്തി. ഭീമമായ കടം വീട്ടാൻ കെട്ടിടം വിൽക്കുകയല്ലാതെ വാഷുവിന് മറ്റ് മാർഗമില്ലായിരുന്നു ” സംഭവവുമായി നേരിട്ട് ബന്ധമുള്ള ഒരു ഉറവിടം ബോളിവുഡ് ഹംഗാമയോട് പറഞ്ഞു.
അതേ സമയം തങ്ങളുടെ പ്രതിഫലം പ്രൊഡക്ഷന്‍ ഹൌസ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയത് വലിയ വാര്‍ത്തയായിരുന്നു. പൂജ എന്‍റര്‍ടെയ്മെന്‍റ് നിര്‍മ്മിച്ച ചിത്രത്തിലെ ക്രൂ അംഗമായ രുചിത കാംബ്ലെയാണ് ഇൻസ്റ്റാഗ്രാമിൽ ഒരു നീണ്ട പോസ്റ്റ് എഴുതിയിരിക്കുന്നത്. ജാക്കിയുടെയും പിതാവ് വാഷു ഭഗ്നാനിയുടെയും ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ ഹൗസിൽ പ്രവർത്തിക്കരുതെന്ന് അവർ മറ്റുള്ളവരോട് ആവശ്യപ്പെടുന്നുണ്ട്.
ഒട്ടും പ്രഫഷണല്‍ അല്ലാത്ത രീതിയിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും, ശമ്പളം ലഭിക്കാൻ അവർ പാടുപെടുകയാണെന്നും. പ്രതിഫലം വൈകുന്നതില്‍ നിരാശ പ്രകടിപ്പിച്ച് ഇട്ട പോസ്റ്റില്‍ പറയുന്നു.