KeralaNews

‘ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി അട്ടിമറിക്കുന്നു’ ടൂറിസം മന്ത്രിക്കെതിരെ ആഞ്ഞടിച്ച് കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നതിലെ വീഴ്ചയിൽ ടൂറിസം വകുപ്പ് മന്ത്രിക്കെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ. കോടികൾ വകയിരുത്തിയ പദ്ധതി നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി ടൂറിസം വകുപ്പ് അട്ടിമറിച്ചെന്നാണ് കടകംപള്ളിയുടെ വിമർശനം. പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയ്ക്ക് നൽകിയ ഉറപ്പ് പോലും പാലിക്കപ്പെട്ടില്ലെന്നാണ് ആരോപണം.

225 ഏക്കറിലെ ആക്കുളം കായലും അനുബന്ധ തോടുകളും നവീകരിക്കാൻ 185 കോടിയുടെ പദ്ധതി. പ്രഖ്യാപനം കഴിഞ്ഞ് പല കടമ്പകൾ പിന്നിട്ട്  96.13 കോടി രൂപയ്ക്ക് ആദ്യഘട്ട പണി തീർക്കാൻ കരാറുകാരനുമെത്തി. പക്ഷെ കരാറിൽ ഒപ്പിട്ട് തുടർ നടപടികൾ ഉറപ്പാക്കാൻ നടത്തിപ്പ് ഏജൻസിയായ വാപ്കോസോ ടൂറിസം വകുപ്പോ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് സ്ഥലം എംഎൽഎ കൂടിയായ കടകംപള്ളിയുടെ വിമര്‍ശനം. നിഷിപ്ത താൽപര്യം സംരക്ഷിക്കാൻ ടൂറിസം വകുപ്പ് നാല് ലക്ഷം ചെലവിൽ കൺസൾട്ടൻസിയെ നിയോഗിച്ചതെന്തിനെന്നും കടകംപള്ളി നിയമസഭയിൽ ചോദിച്ചു. 

പണം അനുവദിച്ച കിഫ്ബിയുടെ ടെക്നിക്കൽ കമ്മിറ്റി പരിശോധനക്ക് ശേഷം തുടർ നടപടി ഉണ്ടാകുമെന്നല്ലാതെ മന്ത്രി മുഹമ്മദ് റിയാസിന് സഭയിൽ അധികമൊന്നും പറയാനുണ്ടായിരുന്നില്ല. കായലിലെ ഫ്ലോട്ടിംഗ് മാലിന്യം നീക്കം ചെയ്യൽ ഡ്രഡ്ജിംഗ്, കുളവാഴ നീക്കല്‍, ജലശുദ്ധീകരണം തുടങ്ങി വെറ്റ് ലാന്‍റ് പാര്‍ക്ക്, ഓപ്പണ്‍ എയര്‍ തീയറ്ററും ഇരിപ്പിടങ്ങളും ജിമ്മും അടക്കം വിപുലമായ പദ്ധതികളാണ് ആക്കുളം പുനരുജ്ജീവന മാസ്റ്റർ പ്ലാനിനുള്ളത്. പ്രഖ്യാപിച്ചതും പാതി വഴിയിൽ മുടങ്ങിയതുമായ പദ്ധതികൾ ഒരു വശത്തും കായലിന്റെ ദുരവസ്ഥ മറുവശത്തും തുടരുന്നതിനിടെയാണ് ഭരണ നിരയിൽ നിന്ന് തന്നെ വീഴ്ചയിൽ വിമർശനം ഉയരുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker