കൊച്ചി: തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളില്‍ പ്രതികരിച്ച് നടന്‍ ബാബുരാജ്. ആരാണ് ആരോപണം ഉന്നയിച്ചതെന്ന് മനസിലായിട്ടില്ല എന്നും അമ്മ സംഘടനയ്ക്കും തനിക്കുമെതിരെ നടക്കുന്ന ഗൂഢാലോചനയാണ് ഇത് എന്നും ബാബുരാജ് പറഞ്ഞു. തന്റെ റിസോര്‍ട്ടില്‍ ജോലി ചെയ്ത സ്ത്രീയായിരിക്കാം ആരോപണം ഉന്നയിച്ചത് എന്നും ബാബുരാജ് പറഞ്ഞു.
താന്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നത് തടയാനായിരിക്കാം ഇത്തരം ആരോപണങ്ങള്‍ എന്നും ഇതുമൂലം യഥാര്‍ത്ഥ കാര്യങ്ങള്‍ ഇല്ലാതെയാകും എന്നും അദ്ദേഹം പറഞ്ഞു. കാണാമറയത്തിരുന്ന് പറയുന്നത് എന്തിനാണെന്ന് മനസിലാകുന്നി എന്നും തന്റെ റിസോര്‍ട്ടില്‍ ജോലി ചെയ്തിരുന്ന സ്ത്രീയാണെന്നാണ് ലഭിച്ച വിവരം എന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് സിനിമയുമായി ബന്ധമില്ലെന്നാണ് മനസിലാക്കാന്‍ സാധിച്ചത് എന്നും ബാബുരാജ് വ്യക്തമാക്കി.
‘എന്റെ റിസോര്‍ട്ടില്‍ വര്‍ക്ക് ചെയ്യുന്ന ഒരു സ്ത്രീയായിരിക്കാം എന്നാണ് അവരുടെ ശബ്ദം കേട്ടിട്ട് തോന്നുന്നത്. അതിന്റെ പുറകില്‍ കുറേ സിനിമക്കാരുണ്ട്. ഒരുപാട് പണം പമ്പ് ചെയ്തിട്ടുണ്ട്. അമ്മ സംഘടനയ്ക്കും എനിക്കുമെതിരെയുള്ള നീക്കമാണ്,’ ബാബുരാജ് പറഞ്ഞു. ഇത്രയും വലിയ ഒരു പരാതി ഉന്നയിക്കുമ്പോള്‍ അത് ആരാണ് എന്ന് പറയുന്നത് ഒരു മനുഷത്വപരമായ കാര്യമല്ലെ എന്നും അദ്ദേഹം ചോദിച്ചു.
ഇവരുടെ ബാങ്ക് അക്കൗണ്ട് പരിശോധിക്കണം എന്നും ഇതിനൊക്കെയായി താന്‍ നാളെ ഇറങ്ങുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. വക്കീലുമായി സംസാരിച്ചിട്ടുണ്ട്. തന്നെ ഡിഫന്റ് ചെയ്യാനുള്ള ബാധ്യത തനിക്കുണ്ട് എന്നും ആരോപണം ഉന്നയിച്ചവര്‍ സിനിമയുമായി ബന്ധമുള്ള ആളല്ല എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. ആണുങ്ങള്‍ എല്ലാവരും പേടിച്ചിരിക്കുകയാണ് എന്നും ഇങ്ങനെ പോയിക്കഴിഞ്ഞാല്‍ യഥാര്‍ത്ഥ കാര്യങ്ങള്‍ എല്ലാവരും നിസാരമായിട്ടെടുക്കും എന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂരില്‍ ഇങ്ങനെയൊരു ചര്‍ച്ച നടക്കുന്നുണ്ടെന്ന തരത്തില്‍ ഇന്നലെ തന്നെ പല വാര്‍ത്തകളും ലഭിച്ചിരുന്നു. ആലുവയിലുള്ള ബാബുരാജിന്റെ വീട്ടില്‍ വച്ച് സിനിമയില്‍ ചാന്‍സ് വാങ്ങി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡിപ്പിച്ചു എന്നായിരുന്നു താരത്തിനെതിരായ ആരോപണം. ഒരു പാവപെട്ട പെണ്‍കുട്ടിയെ രക്ഷിക്കണം, സഹായിക്കണം എന്ന രീതിയിലാണ് തന്നോട് ഇടപെട്ടത് എന്നായിരുന്നു യുവതി പറഞ്ഞത്.
ആ വിശ്വാസത്തിന്റെ പേരിലാണ് ആലുവയില്‍ ഉള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയത് എന്നും വീട്ടില്‍ നിര്‍മാതാവ്, കണ്‍ട്രോളര്‍ തുടങ്ങിയവര്‍ വരുന്നുണ്ട് അവരുമായി നേരിട്ട് സംസാരിച്ച് നല്ലൊരു റോള്‍ എടുക്കാം എന്നാണ് ബാബുരാജ് പറഞ്ഞത് എന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഭക്ഷണം കഴിക്കാനായി റൂം തുറന്നപ്പോള്‍ അകത്ത് കയറി മോശമായി സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്തു എന്നാണ് ആരോപണം.