സുഡാനിൽ ഡാം തകർന്ന് വീടുകളും കൃഷിയിടങ്ങളും ഒഴുകിപ്പോയി; 60-ൽ അധികം മരണം; നിരവധി പേരെ കാണാനില്ല
കെയ്‌റോ: സുഡാനില്‍ കനത്ത മഴയെത്തുടര്‍ന്ന് അണക്കെട്ട് തകര്‍ന്ന് ഒട്ടേറെപ്പേര്‍ മരിച്ചതായി റിപ്പോർട്ട്. നിരവധി പേരെ കാണാതായി. അറുപതോളംപേര്‍ മരിച്ചെന്നാണ് പ്രാഥമിക കണക്കുകളെന്ന് അന്തര്‍ദേശീയ മാധ്യമമായ ബി.ബി.സി. റിപ്പോര്‍ട്ടുചെയ്തു. മരണനിരക്ക് ഉയര്‍ന്നേക്കുമെന്നാണ് സൂചന. കാണാതായവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
റെഡ് സീ സ്‌റ്റേറ്റിലെ പോര്‍ട്ട് സുഡാനില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന അര്‍ബാത് ഡാമാണ് തകര്‍ന്നത്. രണ്ടരക്കോടി ക്യുബിക് മീറ്റര്‍ ശേഷിയുള്ളതാണ് അണക്കെട്ട്. വീടുകളും കൃഷിയിടങ്ങളുമടക്കം ഒഴുകിപ്പോയതായി റിപ്പോര്‍ട്ടുണ്ട്.
വാഹനങ്ങളിലും മറ്റും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഏഴോളം ലോറികളില്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം ഒട്ടേറെ കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായി പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു . ശനിയാഴ്ച വൈകീട്ടോടെയാണ് അണക്കെട്ട് തകര്‍ന്നതെന്നാണ് വിവരം. ഇന്റര്‍നെറ്റ് തകരാറിലായതിനെത്തുടര്‍ന്ന് ആശയവിനിമയം താറുമാറായി. പലവിവരങ്ങളും പുറത്തേക്ക് എത്തുന്നില്ലെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നാലുമരണമെന്നാണ് ഔദ്യോഗികമായി മന്ത്രാലയം പുറത്തുവിട്ട കണക്ക്.