KeralaNews

പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കു ഫയര്‍ഫോഴ്‌സ് പരിശീലനം; ഗുരുതര വീഴ്ചയെന്ന് ബി. സന്ധ്യ

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയത് ഗുരുതര വീഴ്ചയെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി. സന്ധ്യ. അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. ബി. സന്ധ്യ ആഭ്യന്തര മേധാവിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പുതുതായി രൂപം നല്‍കിയ, റെസ്‌ക്യൂ ആന്‍ഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലാണ് പരിശീലനം അരങ്ങേറിയത്. അപകടത്തില്‍നിന്ന് ഒരാളെ രക്ഷിക്കാനുള്ള വിവിധ രീതികള്‍, അതിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം എന്നിവങ്ങനെയുള്ള വിവിധ കാര്യങ്ങള്‍ക്കാണ് പ്രവര്‍ത്തകര്‍ക്ക് സേനാംഗങ്ങള്‍ പരിശീലനം നല്‍കിയത്.

ഉദ്ഘാടന വേദിയില്‍ വച്ചു തന്നെയായിരുന്നു പരിശീലനം. സംഭവത്തിന്റെ വാര്‍ത്തയും ചിത്രങ്ങളും പോപ്പുലര്‍ ഫ്രണ്ട് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. അതോടെ സംഭവം വിവാദമായി. നിരവധി സംഭവങ്ങളില്‍ പ്രതിക്കൂട്ടിലും സംശയത്തിന്റെ നിഴലിലും നില്‍ക്കുന്ന ഒരു പ്രസ്ഥാനത്തിനു പരിശീലനം നല്‍കിയതിനെതിരേ പല സംഘടനകളും രംഗത്തുവന്നു.

പോപ്പുലര്‍ ഫ്രണ്ടിനു പരിശീലനം നല്‍കിയതു ചട്ടലംഘനമെന്ന് ആരോപിച്ചു ബിജെപി ഉള്‍പ്പടെ രംഗത്തുവന്നു. അതേസമയം, സംഭവത്തില്‍ ചട്ടലംഘനമൊന്നും നടന്നിട്ടില്ലെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ നിലപാട്. സന്നദ്ധ സംഘടനകള്‍, റസിഡന്റ് അസോസിയേഷനുകള്‍ വിവിധ എന്‍ജിഒകള്‍ എന്നിവയ്ക്കു സാധാരണ പരിശീലനം നല്‍കാറുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് ഇതുപോലെ അധികാരികള്‍ക്കു കത്തു നല്‍കുകയും അതു പ്രകാരം അവര്‍ക്കു പരിശീലനം നല്‍കുകയുമായിരുന്നെന്നു ഉദ്യോഗസ്ഥര്‍ പറയുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വേദിയില്‍ വച്ചു പ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കരുതെന്ന് ചട്ടമില്ലെന്നുമാണ് ഇവരുടെ വാദം.

ഇതിനിടെ, സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്തുവന്നു. ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിനെന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കിയ അഗ്‌നിശമന സേനയുടെ പ്രവൃത്തി മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നു സുരേന്ദ്രന്‍ ആരോപിച്ചു.

പാക്കിസ്ഥാനെ പോലെ ഭീകരവാദ സംഘടനകള്‍ക്കു സര്‍ക്കാര്‍ തന്നെ പരിശീലനം നല്‍കുന്ന സ്ഥലമായി കേരളം മാറി. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാനതല പരിപാടിയിലാണ് അഗ്‌നിശമന സേനയിലെ അംഗങ്ങള്‍ എത്തിയും പരിശീലനം നല്‍കിയതുമെന്നത് ഉന്നത ഭരണ നേതൃത്വത്തിന്റെ അറിവോടെയാണെന്നതിന് ഉദാഹരണമാണ്. ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനയ്ക്കു പരിശീലനം നല്‍കിയ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു പുറത്താക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker