അപര്‍ണ ബാലമുരളി ഗുരുതരാവസ്ഥയിൽ?വിശദീകരണവുമായി താരം
കൊച്ചി:ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ താന്‍ ഗുരുതരമായ അവസ്ഥയിലാണെന്ന വാര്‍ത്ത വ്യാജമാണെന്ന് അറിയിച്ച് അപര്‍ണ ബാലമുരളി.
നടി കടുത്ത പനി ബാധിച്ച് ആശുപത്രിയിലാണെന്നും ഇപ്പോള്‍ ഗുരുതരമായ അവസ്ഥയിലാണ് ഉള്ളതെന്നും ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു .
‘എന്റെ ആരോഗ്യത്തെക്കുറിച്ച് മോശമായ ചില കിംവദന്തികള്‍ കേള്‍ക്കുന്നുണ്ട്. ഞാന്‍ പൂര്‍ണമായും ആരോഗ്യവതിയാണ്. ദയവായി ഇത്തരം അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക! ആരും പരിഭ്രാന്തരാകരുത് എന്നാണ് എന്റെ എല്ലാ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയാനുള്ളത്. ഞാന്‍ സുഖമായി ഇരിക്കുന്നു. അടുത്തിടെ ഞാന്‍ നിരാമയ റിട്രീറ്റ്സില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ആണ് ഒപ്പം പങ്കുവയ്ക്കുന്നത്.’-അപര്‍ണ കുറിച്ചു.
ഷൂട്ടിങ്ങിനിടയില്‍ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട താരത്തെ ആശുപത്രിയിലാക്കുകയും തുടര്‍ന്ന് താരത്തിന്റെ അവസ്ഥ ഗുരുതരമാവുകയുമായിരുന്നു എന്നായിരുന്നു വാര്‍ത്തകള്‍.
അന്യഭാഷയിലുള്‍പ്പടെ നിരവധി ആരാധകരുള്ള താരമാണ് അപര്‍ണ. അപര്‍ണ നായികയായി അഭിനയിച്ച സൂര്യ ചിത്രം സുരരൈ പോട്ര് വമ്ബന്‍ ഹിറ്റായിരുന്നു. അരുണ്‍ ബോസിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഒരു പ്രണയചിത്രത്തിലാണ് അപര്‍ണ ബാലമുരളി ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.