ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍, പോലീസ് ഒരു കുടുംബത്തെ മുഴുവന്‍ അറസ്റ്റ് ചെയ്തു. ചെന്നൈയിലാണ് സംഭവം. രക്ഷിതാക്കളായിരുന്ന ദമ്പതികളും അവരുടെ രണ്ട് ആണ്‍മക്കളുമാണ് ദത്തെടുത്ത 17 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഒളിവില്‍ കഴിയുന്ന മൂന്നാമത്തെ മകനായി തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
പെണ്‍കുട്ടി കഴിഞ്ഞ രണ്ട് വര്‍ഷമായി നിരന്തരം പീഡനത്തിന് ഇരയാകുകയായിരുന്നു. അച്ഛനും സഹോദരന്മാരും തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന കാര്യം 17-കാരിയായ പെണ്‍കുട്ടി അമ്മയുടെ സ്ഥാനത്തുള്ള രക്ഷിതാവിനോട് പറഞ്ഞെങ്കിലും അവര്‍ ചെവികൊണ്ടില്ല. ലോറി റിപ്പയര്‍ ചെയ്യുന്ന കട നടത്തുകയാണ് 64-കാരനായ പിതാവ്. ഇയാളുടെ രണ്ട് ആണ്‍മക്കളും ലോറി-കാര്‍ ഡ്രൈവര്‍മാരാണ്. മൂന്നാമത്തെ മകന്‍ മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്ററാണ് നടത്തുന്നതെന്ന് പോലീസ് അറിയിച്ചു.
2005ലാണ് പെണ്‍കുട്ടിയെ ദമ്പതികള്‍ ദത്തെടുക്കുന്നത്. മൂന്ന് ആണ്‍മക്കളായതിനാല്‍ പെണ്‍കുട്ടിയെ വേണമെന്ന ആഗ്രഹത്താലായിരുന്നു ഇതെന്നാണ് ദമ്പതികള്‍ പോലീസിന് നല്‍കിയ മൊഴി. പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ കുടുംബം അതിദാരിദ്രത്തിലായിരുന്നതിനാല്‍, അവര്‍ കുട്ടിയെ ദത്ത് നല്‍കുകയായിരുന്നു.
നാല് മാസങ്ങള്‍ക്ക് മുമ്പ് ഒരു വിവാഹ ചടങ്ങിനിടെ പെണ്‍കുട്ടി തന്റെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടുമുട്ടിയപ്പോഴാണ് വിവരം പുറംലോകമറിയുന്നത്. അവരുടെ സഹായത്തോടെ പെണ്‍കുട്ടി ഇക്കാര്യം പോലീസില്‍ അറിയിക്കുകയായിരുന്നു.