‘കൂട്ടുകാരിയെ പഠിക്കാന്‍ അനുവദിക്കുന്നില്ല, മദ്യപിച്ച് ബഹളമുണ്ടാക്കുന്നു’; കണ്ണൂരില്‍ അച്ഛനെ വീട്ടില്‍ കയറി വെട്ടി സഹപാഠികള്‍

കണ്ണൂര്‍: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പഠിക്കാന്‍ സമ്മതിക്കാതെ മദ്യപിച്ച് ബഹളമുണ്ടാക്കിയ പിതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് സഹപാഠികള്‍. ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 45 കാരനെയാണ് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ വെട്ടി പരിക്കേല്‍പ്പിച്ചത്.

നിലവില്‍ ഇയാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് മമ്പറം മൈളുള്ളി മെട്ട സ്വദേശികളായ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ പിതാവായ 45 കാരന്‍ മദ്യപിച്ചെത്തി വീട്ടില്‍ സ്ഥിരമായി ബഹളമുണ്ടാക്കിയിരുന്നു. ഭാര്യയെയും മകളെയും ഇയാള്‍ നിരന്തരം മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇത് സ്ഥിരമായപ്പോള്‍ കുട്ടിയുടെ പഠനത്തെ പോലും അത് ബാധിച്ചു.

അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സഹപാഠികള്‍ ആദ്യം വീട്ടിലെത്തിയ പിതാവിനെ താക്കീത് ചെയ്തു. മദ്യപിച്ച് ബഹളം വയ്ക്കരുത് എന്നാണ് സഹപാഠികള്‍ പിതാവിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, ഇതില്‍ പ്രകോപിതനായ പിതാവ് വീണ്ടും അമിതമായി മദ്യപിച്ചെത്തി ബഹളം വെച്ചു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടിയുടെ വീടിനടുത്ത് ഒളിച്ചിരുന്ന് പിതാവിനെ വെട്ടി പരിക്കേല്‍പ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News