EntertainmentNationalNews

കാണാന്‍ ആളില്ല; അക്ഷയ് കുമാര്‍ ചിത്രത്തിന്റെ പ്രദര്‍ശനം റദ്ദാക്കി തിയേറ്ററുകള്‍, നിരവധിയിടത്തു നിന്നും ‘പൃഥ്വിരാജ്’ മാറ്റി, താരം പണം നൽകണമെന്ന് വിതരണക്കാർ

മുംബൈ:അക്ഷയ് കുമാർ ചിത്രം സാമ്രാട്ട് പൃഥ്വിരാജിന്റെ പ്രദർശനം ഏതാനും തിയേറ്ററുകളിൽ റദ്ദാക്കി. പല തിയേറ്ററുകളിൽ ഷോകളുടെ എണ്ണം വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഞായറാഴ്ച മാറ്റിനിർത്തിയാൽ ഓരോ ദിവസം പിന്നിടുമ്പോഴും വരുമാനത്തിൽ സാരമായ ഇടിച്ചിലാണ് സംഭവിക്കുന്നത്. സാമ്രാട്ട് പൃഥ്വിരാജിന്റെ പതിന്നൊന്നാം ദിവസത്തെ കളക്ഷൻ ഒരു കോടിയിൽ താഴെയാണ്.

ജൂൺ 3 ന് പുറത്തിറങ്ങിയ ചിത്രത്തിന് വളരെ തണുത്ത പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 250 കോടിയോളം മുടക്കിയൊരുക്കിയ ചിത്രത്തിന് 56 കോടിയേ ബോക്സ് ഓഫീസിൽ തിരിച്ചുപിടിക്കാനായുള്ളൂ. ചന്ദ്രപ്രകാശ് ദ്വവേദി ഒരുക്കിയ പൃഥ്വിരാജിൽ സോനു സൂദ്, സഞ്ജയ് ദത്ത്, മാനുഷി ചില്ലാർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആദിത്യ ചോപ്രയാണ് നിർമിച്ചത്.

പൃഥ്വിരാജിനൊപ്പം റിലീസ് ചെയ്ത ലോകേഷ് കനകരാജിന്റെ തമിഴ്ചിത്രം വിക്രം അതിഗംഭീര വിജയമാണ് നേടിയത്. അതോടൊപ്പം തന്നെ 42 കോടിയോളം മുതൽ മുടക്കിലൊരുക്കിയ തെലുങ്ക് ചിത്രം മേജർ ബോക്സ് ഓഫീസിൽ 60 കോടിയിലേറെ വരുമാനം നേടി പ്രദർശനം തുടരുകയാണ്.

ബച്ചൻ പാണ്ഡെയായിരുന്നു പൃഥ്വിരാജിന് മുൻപ് റിലീസ് ചെയ്ത അക്ഷയ് കുമാർ ചിത്രം. 180 കോടി മുതൽമുടക്കിൽ ഒരുക്കിയ ചിത്രത്തിന് 68 കോടി മാത്രമേ നേടാനായുള്ളൂ.

സമീപകാലത്ത് റിലീസ് ചെയ്ത ഹിന്ദി ചിത്രങ്ങളിൽ ഭൂൽ ഭുലയ്യ രണ്ടാംഭാഗം മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. കങ്കണയുടെ ധാക്കഡ്, ഷാഹിദ് കപൂറിന്റെ ജഴ്സി തുടങ്ങിയ ചിത്രങ്ങൾക്ക് ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. അതേ സമയം തെലുങ്ക് ചിത്രം ആർആർആർ, കന്നട ചിത്രം കെജിഎഫ് ചാപ്റ്റർ 2 തുടങ്ങിയവ 1000 കോടിയിലധികമാണ് വരുമാനം നേടിയത്.

250 കോടിയോളം മുതല്‍ മുടക്കിയ ചിത്രത്തിന്റെ നഷ്‍ടം നികത്താൻ അക്ഷയ് കുമാര്‍ തയ്യാറാകണമെന്ന് ആവശ്യവുമായി ‘പൃഥ്വിരാജി’ന്റെ വിതരണക്കാർ രംഗത്ത് എത്തിയിരുന്നു.

അക്ഷയ് കുമാര്‍ നഷ്‍ടം നികത്താൻ തയ്യാറാകണമെന്ന് ബീഹാറിലെ വിതരണക്കാര്‍ ആവശ്യപ്പെട്ടതായി ഐഡബ്യുഎം ബസ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. അക്ഷയ് കുമാര്‍ എന്തെങ്കിലും ചെയ്യേണ്ട ഒരു സമയമാണിത്. തെലുങ്കില്‍ ആചാര്യ എന്ന സിനിമ പരാജയപ്പെട്ടപ്പോള്‍ ചിരഞ്‍ജീവി വിതരണക്കാരുടെ നഷ്‍ടം നികത്തി. ഹിന്ദി സിനിമകളുടെ തുടര്‍ച്ചയായ പരാജയം വലിയ ആഘാതമാണുണ്ടാക്കുന്നത്.  എന്തിന് ഞങ്ങള്‍ മാത്രം ഇവിടെ നഷ്‍ടം  സഹിക്കണം. വിതരണക്കാരുടെ നഷ്‍ടം നികത്താൻ അക്ഷയ് കുമാറിന് കഴിയില്ലേ. ഞങ്ങളില്‍ പലരും കടം കയറി തകര്‍ന്നിരിക്കുകയാണ് എന്ന് ബീഹാറിലെ പ്രധാന വിതരണക്കാരില്‍ ഒരാളായ രോഹൻ സിംഗ് പറയുന്നു.

സൂപ്പര്‍ സ്റ്റാറുകളുലെ കാലം കഴിഞ്ഞെന്ന് അവര്‍ മനസിലാക്കണമെന്ന് എക്സിബിറ്ററായ സുമൻ സിൻഹ പറഞ്ഞതായി ഐഡ‍ബ്യുഎം ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാര്‍ത്തിക് ആര്യനെ പോലെയുള്ള പുതിയ തലമുറ താരങ്ങളാണ് ഇപ്പോള്‍ മുന്നില്‍. വിതരണക്കാർക്ക് പണം  നൽകുന്നതിനെക്കുറിച്ച് അക്ഷയ് കുമാർ ചിന്തിക്കുമോ എന്ന് എനിക്ക് സംശയമുണ്ട്. ഈ സൂപ്പര്‍ താരങ്ങള്‍ക്ക് അവരുടെ ബാങ്ക് ബാലൻസിനെ കുറിച്ച് മാത്രമേ ചിന്തയുള്ളൂവെന്നും സുമൻ സിൻഹ പറയുന്നു. അക്ഷയ് കുമാര്‍ നായകനായ ചിത്രം ബച്ചൻ പാണ്ഡെയും ബോക്സ് ഓഫീസില്‍ തകര്‍ന്നിരുന്നു.

ചന്ദ്രപ്രകാശ് ദ്വിവേദി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. പൃഥ്വിരാജ് ചൌഹാന്‍റെ ടൈറ്റില്‍ റോളിലാണ് അക്ഷയ് എത്തിയത്. 12-ാം നൂറ്റാണ്ടില്‍ രാജാവായിരുന്ന പൃഥ്വിരാജ് ചൌഹാനെക്കുറിച്ച് ചന്ദ് ബര്‍ദായി എഴുതിയ പൃഥ്വിരാജ് റാസൊ എന്ന ഇതിഹാസ കവിതയെ ആസ്പദമാക്കിയാണ് ചന്ദ്രപ്രകാശ് ദ്വിവേദി തിരക്കഥയൊരുക്കിയിരിക്കുന്നത്.

മനുഷ് നന്ദന്‍ ആണ് ഛായാഗ്രാഹകന്‍. ശങ്കര്‍ എഹ്സാന്‍ ലോയ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം സഞ്ചിത് ബല്‍ഹര, അങ്കിത് ബല്‍ഹര എന്നിവരാണ്. യഷ് രാജ് ഫിലിംസ് ആണ് നിര്‍മ്മാണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker