KeralaNews

ഫൈന്‍ അടച്ചില്ലെങ്കില്‍ ഇനി മുതല്‍ പുക പരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കില്ല: നിബന്ധനയുമായി എംവിഡി

തിരുവനന്തപുരം: സംസ്ഥാനത്ത് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങൾക്ക് മാത്രമേ ഡിസംബർ 1 മുതൽ പുക പരിശോധനാ സർട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. എ.ഐ. ക്യാമറ സ്ഥാപിച്ചതിനുശേഷമുള്ള അഞ്ച് മാസങ്ങളിൽ റോഡ് അപകട മരണ നിരക്ക് കുറഞ്ഞതായി യോഗം വിലയിരുത്തി. എ.ഐ. ക്യാമറ സ്ഥാപിച്ച 2023 ജൂൺ മുതൽ ഒക്ടോബർ 31 വരെ സംസ്ഥാനത്ത് 1263 റോഡ് അപകട മരണങ്ങളാണ് ഉണ്ടായത്.

2022-ൽ ഇതേ കാലയളവിൽ സംസ്ഥാനത്ത് 1669 പേരാണ് മരിച്ചത്. ഈ വർഷം സെപ്റ്റംബർ മാസം റോഡപകടങ്ങളിൽ 273 ജീവൻ നഷ്ടപ്പെട്ടു. എന്നാൽ കഴിഞ്ഞവർഷം സെപ്റ്റംബർ മാസത്തിൽ റോഡ് അപകടങ്ങളിൽ 365 പേരാണ് മരിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 340 പേർ റോഡപകടങ്ങളിൽ മരണമടഞ്ഞപ്പോൾ ഈ വർഷം ഒക്ടോബറിൽ ഇതുവരെ ലഭിച്ച റിപ്പോർട്ട് പ്രകാരം 85 മരണങ്ങളാണ് ഉണ്ടായത്. അപകടാവസ്ഥയിലുള്ളവർ പലരും ചികിത്സയിലായതിനാൽ മരണ നിരക്കിൽ ഇനിയും വ്യത്യാസം വരാം.

ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ഒക്ടോബർ വരെ 74,32,371 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 58,29,926 എണ്ണം പരിശോധിക്കുകയും 23,06,023 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്‌ലോഡ്‌ ചെയ്യുകയും 2,103,801 ചെല്ലാനുകൾ തയ്യാറാക്കുകയും ചെയ്തു. 139 കോടിയിലധികം രൂപ പിഴ ചുമത്താവുന്ന നിയമലംഘനങ്ങളാണ് ഈ കാലയളവിൽ നടന്നത്. ഏകദേശം 21.5 കോടി രൂപ ഇതിനകം പിഴയായിലഭിച്ചിട്ടുണ്ട്.

ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളോടിച്ചതാണ് ഒക്ടോബർ മാസത്തിലെ ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ 21,865. സഹയാത്രികർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 16,581. കാറിലെ മുൻ സീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്-23,296, കാർ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്- 25,633, മൊബൈൽ ഫോൺ ഉപയോഗം-662, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ റൈഡ്- 698തുടങ്ങിയവയാണ് ഒക്ടോബർ മാസം കണ്ടെത്തിയ നിയമലംഘനങ്ങൾ. ഇക്കാലയളവിൽ 13MP-MLAവാഹനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എ.ഐ. ക്യാമറകൾ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണങ്ങൾ കുറഞ്ഞതിനാൽ വാഹന ഇൻഷുറൻസ് പോളിസി തുക കുറയ്ക്കുവാനും തുടർച്ചയായി നിയമലംഘനം നടത്തുന്നവർക്ക് അധിക തുക ചുമത്തുവാനും ഇൻഷുറൻസ് പുതുക്കുന്നതിനു മുൻപു ഗതാഗത നിയമ ലംഘനങ്ങളുടെ പിഴ അടയ്ക്കണമെന്ന വ്യവസ്ഥ കൊണ്ടുവരുവാനും ഇൻഷുറൻസ് കമ്പനി മേധാവികളുമായി നവംബർ 15-ന് തിരുവനന്തപുരത്ത്ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.ബോംബെയിൽ വച്ച് കഴിഞ്ഞ മാസം നടത്തിയ ചർച്ചകളുടെ തുടർച്ചയായിരിക്കും യോഗം.

നവംബർ ഒന്നു മുതൽ ഹെവി വാഹനങ്ങളിൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് ഡ്രൈവർമാർക്കും മുൻനിരയിലെ സഹയാത്രികർക്കും സീറ്റ് ബെൽറ്റും വാഹനത്തിനുള്ളിലും പുറത്തും ക്യാമറകളും നിർബന്ധമാക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.

എം. പരിവാഹൻ എന്ന മൊബൈൽ ആപ്പിലൂടെ വാഹനങ്ങൾക്ക് പിഴയുണ്ടോ എന്ന് അറിയുവാൻ കഴിയും. ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളെ പറ്റിയുള്ള പരാതികൾ ഓൺലൈനായി ഇ-ചെല്ലാൻ വെബ്‌സൈറ്റിൽ തന്നെ സമർപ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നിശ്ചിത സമയത്ത് പിഴ അടയ്ക്കാത്തത് മൂലം വിചാരണ നടപടികൾക്കായി കോടതിയിലേക്ക് അയയ്ക്കുന്ന കേസുകളിൽപിഴ അടയ്ക്കാൻ സാധിക്കാതെ വരുന്ന സാഹചര്യം പരിഗണിച്ച് മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ അപേക്ഷ സമർപ്പിച്ച് നേരിട്ട് പിഴ അടയ്ക്കാവുന്നതാണ്. അവലോകന യോഗത്തിൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്, കെൽട്രോൺ സി.എം.ഡി. നാരായണ മൂർത്തിട. എൻ.ഐ.സി.യിലെയും ഗതാഗത വകുപ്പിലെയും കെൽട്രോണിലെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker