30.6 C
Kottayam
Friday, April 19, 2024

സൺ ടിവിയുടെ ഉടമയാണെന്നും ജയലളിത അമ്മായിയാണെന്നും പറഞ്ഞ് പറ്റിച്ചു; സുകാഷിനെതിരെ മൊഴിയുമായി ജാക്വിലിൻ ഫെർണാണ്ടസും നോറ ഫത്തേഹിയും

Must read

ന്യൂഡൽഹി ∙ സാമ്പത്തിക തട്ടിപ്പു കേസിൽ ജയിലിലുള്ള സുകാഷ് ചന്ദ്രശേഖറിനെതിരെ കടുത്ത ആരോപണങ്ങളുമായി ബോളിവുഡ് നടിമാരായ ജാക്വിലിൻ ഫെർണാണ്ടസും നോറ ഫത്തേഹിയും രംഗത്ത്. സുകാഷ് ചന്ദ്രശേഖറിന്റെ സാമ്പത്തിക തട്ടിപ്പുമായുള്ള ബന്ധത്തിൽ ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ നൽകിയ മൊഴിയിലാണ് ഇരുവരും കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്. വ്യാജവാഗ്ദാനങ്ങൾ നൽകി സുകാഷ് തങ്ങളെ കബളിപ്പിച്ചതായാണ് ഇരുവരുടെയും ആരോപണം. സുകാഷ് തുടർച്ചയായി കള്ളം പറഞ്ഞ് വഞ്ചിച്ചതായും ഇരുവരും മൊഴി നൽകി.

‘‘പല നടിമാരും സുകേഷിന്റെ ആളാകാൻ മത്സരിക്കുന്നു. സുകാഷ് ആരാണെന്ന് ആദ്യം എനിക്ക് അറിയില്ലായിരുന്നു. എൽഎസ് കോർപറേഷൻ എന്ന കമ്പനിയിൽ ജോലി ചെയ്യുന്നയാളാണെന്ന് പിന്നീട് ഞാൻ കരുതി. അയാളുമായി എനിക്ക് വ്യക്തിപരമായി യാതൊരു സമ്പർക്കവും ഉണ്ടായിരുന്നില്ല, സംസാരിച്ചിട്ടു പോലുമില്ല. അയാളെക്കുറിച്ച് എനിക്കൊന്നുമറിയുമായിരുന്നില്ല. ഇഡി ഓഫിസിൽ വച്ചാണ് ഞങ്ങൾ തമ്മിൽ ആദ്യമായി കാണുന്നത്’ – നോറ ഫത്തേഹി മൊഴി നൽകി.

അതേസമയം, സുകാഷ് ചന്ദ്രശേഖർ തന്റെ ജീവിതം തന്നെ നശിപ്പിച്ചതായി ജാക്വിലിൻ ഫെർണാണ്ടസ് മൊഴി നൽകി. ‘‘സുകാഷ് എന്നെ അക്ഷരാർഥത്തിൽ കബളിപ്പിക്കുകയായിരുന്നു. എന്റെ ജീവിതവും കരിയറും അയാൾ നശിപ്പിച്ചു. സുകാഷ് ആഭ്യന്തര മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്ന് പിങ്കി ഇറാനി (നടിയെ സുകാഷിന് പരിചയപ്പെടുത്തിയ വ്യക്തി) എന്റെ മേക്കപ്പ് ആർട്ടിസ്റ്റായ ഷാനിനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു’ – ജാക്വിലിൻ പറഞ്ഞു.

‘സൺ ടിവിയുടെ ഉടമസ്ഥനായാണ് അയാൾ സ്വയം പരിചയപ്പെടുത്തിയത്. ജയലളിത തന്റെ അമ്മായിയാണെന്നും അവകാശപ്പെട്ടിരുന്നു. എന്റെ വലിയ ആരാധകനാണെന്നും, ദക്ഷിണേന്ത്യൻ സിനിമകളിലും അഭിനയിക്കണമെന്നും ആവശ്യപ്പെട്ടു. സൺ ടിവിയുടെ ഉടമയെന്ന നിലയിൽ ഒട്ടേറെ സിനിമകൾ നിർമിക്കാൻ പദ്ധതിയുണ്ടെന്നും പറഞ്ഞു. ദക്ഷിണേന്ത്യൻ സിനിമകളിൽ ഒന്നിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു. ജയിലിലാണെന്നോ ജയിലിൽ നിന്നാണ് വിളിക്കുന്നതെന്നോ ഒരിക്കലും പറഞ്ഞില്ല. ഒരു കർട്ടനും അതിനു മുന്നിൽ സോഫയുമിട്ടായിരുന്നു ഫോൺ കോളുകൾ’ – ജാക്വിലിൻ വിശദീകരിച്ചു.

‘‘2021 ഓഗസ്റ്റ് എട്ടിനു ശേഷം അയാൾ എന്നെ വിളിച്ചിട്ടില്ല. ആഭ്യന്തര മന്ത്രാലയത്തിലെയും നിയമ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥനെന്ന വ്യാജേന ആളുകളെ കബളിപ്പിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തതായി പിന്നീട് അറിഞ്ഞു. പിങ്കി ഇറാനി എന്നെ മനഃപൂർവം വഞ്ചിച്ചതാണ്. ശേഖർ എന്ന വ്യാജേന അയാൾ എന്നെ കബളിപ്പിച്ചു. ഈ പറയുന്ന ശേഖറിന്റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് അറിഞ്ഞപ്പോഴാണ് അയാളുടെ ശരിക്കുള്ള പേര്  സുകാഷ് ആയിരുന്നുവെന്നു പോലും ഞാൻ മനസ്സിലാക്കുന്നത്. ശേഖറിന്റെ പശ്ചാത്തലവും പ്രവർത്തനങ്ങളും പിങ്കിക്ക് അറിയാമായിരുന്നു. അക്കാര്യം അവർ എന്നോട് ഒരിക്കലും വെളിപ്പെടുത്തിയിരുന്നില്ല’ – ജാക്വിലിൻ പറഞ്ഞു.

നേരത്തെ, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാക്വിലിനെ നിരവധിത്തവണ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. സുകാഷ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ 200 കോടി രൂപ തട്ടിയ സംഘത്തിനെതിരായ കേസുമായി ബന്ധപ്പെട്ടായിരുന്നു ഇത്. 2017 ൽ അറസ്റ്റിലായ സുകാഷ് നിലവിൽ ഡൽഹി രോഹിണി ജയിലിലാണ്. സുകാഷും ജാക്വിലിനും ഡേറ്റിങ്ങിലാണെന്നാണ് സുകാഷിന്റെ അഭിഭാഷന്റെ നിലപാട്. എന്നാൽ ജാക്വിലിന്റെ സംഘം ഇതു നിഷേധിച്ചിരുന്നു.

നേരത്തേ, താരത്തിന്റെ 7.27 കോടി രൂപയുടെ സ്വത്തുവകകൾ ഇഡി കണ്ടുകെട്ടിയിരുന്നു. നടിയുടെ പേരിലുള്ള 7.12 കോടി രൂപയുടെ സ്ഥിരനിക്ഷേപവും ജാക്വിലിനു വേണ്ടി ഒരു തിരക്കഥാകൃത്തിന് സുകാഷ് നൽകിയ 15 ലക്ഷം രൂപയുമാണ് കണ്ടുകെട്ടിയതെന്നാണ് വിവരം. സാമ്പത്തിക തട്ടിപ്പിലൂടെ ലഭിച്ച പണത്തിൽനിന്ന് ഏതാണ്ട് 5.71 കോടി രൂപ വിലമതിക്കുന്ന നിരവധി സമ്മാനങ്ങൾ സുകാഷ് ചന്ദ്രശേഖർ ജാക്വിലിന് നൽകിയിട്ടുണ്ടെന്ന് അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ തെളിഞ്ഞതായി ഇഡി അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week