EntertainmentKeralaNews

തമിഴില്‍ ചെയ്യാമെങ്കില്‍ എന്തു കൊണ്ട് മലയാളത്തില്‍ ചെയ്തു കൂടാ? മലയാളത്തില്‍ അവസരം കുറയുന്ന കാരണത്തെ പറ്റി തുറന്ന് പറഞ്ഞ് ഷംന കാസിം

കൊച്ചി:അഭിനേത്രിയെന്ന നിലയിലും നര്‍ത്തകി എന്ന നിലയിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമായതാരം മലയാളത്തിലേയ്ക്ക് എത്തിയിട്ട് നാളുകള്‍ ഏറെയായി. മലയാളത്തേക്കാള്‍ കൂടുതല്‍ അഭിനയപ്രാധാന്യമുള്ള സിനിമകള്‍ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറ്. വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും മലയാളത്തില്‍ വിജയം നേടാനോ കൂടുതല്‍ അവസരങ്ങള്‍ നേടാനോ ഷംനയ്ക്കായില്ല. പല അഭിമുഖങ്ങളിലും മലയാളത്തില്‍ നിന്നും മാറി നില്‍ക്കുന്നതിനെ കുറിച്ച് പലപ്പോഴും ചോദിച്ചിട്ടുണ്ട്.

എന്നാല്‍ ഇപ്പോഴിതാ മലയാളത്തില്‍ അവസരങ്ങള്‍ ലഭിക്കാത്തതിനെക്കുറിച്ച് തുറന്നു പറയുകയാണ് താരം, മറ്റു ഭാഷകളില്‍ ലഭിക്കുന്നതു പോലെ നല്ല റോളുകള്‍ മലയാളത്തില്‍ ലഭിക്കാത്തതില്‍ എനിക്കെല്ലായ്പ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. നമ്മുടെ ചില സിനിമകള്‍ കാണുമ്പോള്‍ ഞാനിതിനെ പറ്റി ചിന്തിക്കാറുണ്ട്.

ഇതെല്ലായ്പ്പോഴും എനിക്കൊരു ചോദ്യചിഹ്നമാണ്. ജോസഫ് സിനിമയുടെ തമിഴ് റീമേക്ക് തന്നെ എടുക്കുക. അഭിനയ കേന്ദ്രീകൃതമായ കഥാപാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഇത് എനിക്ക് തമിഴില്‍ ചെയ്യാമെങ്കില്‍ എന്തു കൊണ്ട് മലയാളത്തില്‍ ചെയ്തു കൂടാ? എനിക്കിതുവരെ ഇതിനൊരു ഉത്തരം ലഭിച്ചിട്ടില്ല. ചിലര്‍ എന്നോട് പറഞ്ഞത് ഞാന്‍ ഒരുപാട് സ്റ്റേജ് ഷോകള്‍ ചെയ്യുന്നതു കൊണ്ടും എന്നെ കാണാന്‍ മലയാളിയെ പോലല്ലാത്തതു കൊണ്ടാണെന്നുമൊക്കെയാണ് എന്നും ഷംന പറഞ്ഞു.

കമല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലൂടെയായിരുന്നു ഷംന കാസിം തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറക്കുന്നത്. മലയാളത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പമൊക്കെ അഭിനയിച്ചിട്ടുള്ള ഷംന കാസിമിന് തമിഴകത്ത് ചിന്ന അസിന്‍ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്. ദളപതി വിജയ് പോലും തന്നെ ചിന്ന അസിന്‍ എന്ന് വിളിക്കാറുണ്ടെന്ന് ഷംന തന്നെ പറഞ്ഞിട്ടുണ്ട്.നടന്‍ ജോജു ജോര്‍ജ് നായകനായെത്തി മലയാളത്തില്‍ വന്‍ ഹിറ്റായി മാറിയ ജോസഫിന്റെ തമിഴ് പതിപ്പാണ് ഷംനയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ജോസഫ് സംവിധാനം ചെയ്ത എം പദ്മകുമാര്‍ തന്നെയാണ് തമിഴ് പതിപ്പും ഒരുക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. മുമ്പ് ബ്ലാക്‌മെയ്ലിങ് കേസുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുെതന്ന് എന്ന് പറഞ്ഞ് ഷംന കാസിം രംഗത്തെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു താരം അന്ന് പ്രതികരിച്ചിരുന്നത്. ‘പിന്തുണ നല്‍കിയ സുഹൃത്തുക്കള്‍ക്കും നന്ദി.

ചില മാധ്യമങ്ങളില്‍ വാസ്തവവിരുദ്ധമായ വാര്‍ത്തകള്‍ വരുന്നത് സംബന്ധിച്ച് വ്യക്തത വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുറ്റക്കാരെയോ അവരുടെ ഗ്യാങിനെ കുറിച്ചോ എനിക്ക് അറിയില്ല. ദയവ് ചെയ്ത് അത്തരം വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കരുതെന്നും മാധ്യമസുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നു. വിവാഹാലോചനയുടെ പേരില്‍ വ്യാജ പേരും മേല്‍വിലാസവും തിരിച്ചറിയല്‍ അടയാളങ്ങളും നല്‍കി വഞ്ചിതരായതിന് ശേഷമാണ് എന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.

അത് ബ്ലാക്മെയിലിലേക്ക് കടന്നപ്പോഴാണ് ഞങ്ങള്‍ പൊലീസിനെ സമീപിച്ചത്. അവരുടെ ഉദ്ദേശമെന്തെന്ന് അന്നും ഇന്നും ഞങ്ങള്‍ക്കറിയില്ല. നിലവില്‍ കേരള പൊലീസ് ഭംഗിയായി തന്നെ അവരുടെ ജോലി ചെയ്യുന്നുണ്ട്. കുറ്റക്കാരെ കണ്ടെത്തി അന്വേഷണം തുടരുകയാണ്. അതുകൊണ്ടുതന്നെ ദയവ് ചെയ്ത് അന്വേഷണം അവസാനിക്കുന്നതുവരെ എന്റെ കുടുംബത്തിന്റെയോ എന്റെയോ സ്വകാര്യതയെ അതിലേക്ക് വലിച്ചിഴക്കരുത് എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. കേസ് അന്വേഷണം പൂര്‍ത്തിയായാല്‍ തീര്‍ച്ചയായും മാധ്യമങ്ങളെ കാണും. വിഷമകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ സുഹൃത്തുക്കളും സ്‌നേഹിതരും നല്‍കിയ പിന്തുണയില്‍ നന്ദി അറിയിക്കുന്നു. വഞ്ചിക്കുന്നവര്‍ക്കെതിരായ പോരാട്ടത്തില്‍ മറ്റ് സഹോദരിമാരെ കുറച്ചെങ്കിലും ബോധവതികളാക്കാന്‍ താന്‍ നല്‍കിയ കേസിനു കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഷംന കാസിം പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker