സ്ത്രീകളുടെ ശരീരം വിലപ്പെട്ടതാണ്,അത് മൂടിവെക്കുന്നതാണ് നല്ലത്’ സൽമാൻ ഖാൻ
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാൻ തന്റെ സിനിമാ സെറ്റുകളിൽ കഴുത്ത് ഇറക്കമുള്ള വസ്ത്രം ധരിക്കരുതെന്ന് സ്ത്രീകളോട് നിർദേശിച്ചിരുന്നതായി വാർത്തകൾ പുറത്ത് വന്നിരുന്നു. നടി പലിക് തിവാരിയാണ് വെളിപ്പെടുത്തൽ നടത്തിയത്. ഇത് ഏറെ ചർച്ചകൾക്കും വഴിവെച്ചിരുന്നു. ഒടുവിൽ ഈ വിവാദങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സൽമാൻ ഖാൻ. ആപ് കി അദാലത്ത് എന്ന ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷർട്ടൂരി സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന നടൻ ഇത്തരത്തിലൊരു വസ്ത്ര നിയമം കൊണ്ടുവരുന്നത് ഇരട്ടത്താപ്പ് അല്ലേ എന്നായിരുന്നു ചോദ്യം. അത് ഒരിക്കലും ഇരട്ടത്താപ്പല്ലെന്നും സ്ത്രീകളുടെ ശരീരം വളരെ വിലപ്പെട്ടതാണെന്നും അതുകൊണ്ട് അതിനാൽ മൂടിവെക്കുന്നതാണ് നല്ലതെന്നും സൽമാൻ പറഞ്ഞു.
‘മാന്യമായ സിനിമ ചെയ്യുമ്പോൾ എല്ലാവരും അത് കുടുംബത്തോടൊപ്പം കാണും. പ്രശ്നം സ്ത്രീകളുടേതല്ല, പു രുഷന്മാരുടേതാണ്. പുരുഷന്മാർ സ്ത്രീകളെ നോക്കുന്ന രീതിയുടേതാണ്. പുരുഷന്മാർ തെറ്റായ രീതിയിൽ നമ്മുടെ സഹോദരിയേയും ഭാര്യയേയും അമ്മയേയും തുറിച്ചുനോക്കുന്ന രീതി എനിക്ക് ഇഷ്ടമല്ല’. അദ്ദേഹം പറഞ്ഞു.
പാലക് തിവാരിയുടെ പ്രസ്താവന പലരും തെറ്റിദ്ധരിച്ചുവെന്നും സെറ്റിൽ വനിതാ അംഗങ്ങൾ മാന്യമായി വസ്ത്രം ധരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ഖാൻ വ്യക്തമാക്കി. ‘ എനിക്ക് സ്ത്രീകളോടും അവരുടെ ശരീരത്തോടും വലിയ ബഹുമാനമുണ്ട്. അവരോട് ആരും അനാദരവോടെ പെരുമാറാന്‍ ഞാൻ ആഗ്രഹിക്കുന്നില്ല’. അദ്ദേഹം പറഞ്ഞു.
സൽമാൻ ഖാന്‍റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം കിസി കാ ഭായ്, കിസി കി ജാൻ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം ആഗോള തലത്തിൽ 100 കോടി നേടിയിരിക്കുകയാണ്.
ഫർഹാദ് സാംജിയാണ് ചിത്രം സംവിധാനം ചെയ്തത്. ബജ്‍രംഗി ഭായ്‍ജാന് ശേഷം സൽമാൻ ഖാൻ അവതരിപ്പിച്ച മികച്ച കഥാപാത്രമാണ് കിസി കാ ഭായ്, കിസി കി ജാനിലേത് എന്നാണ് പ്രേക്ഷക പ്രതികരണം. പക്ഷെ നിരൂപക പ്രശംസ നേടാന്‍ സിനിമയ്ക്കായില്ല. പൂജ ഹെഗ്ഡെയാണ് നായിക. സൽമാനും പൂജ ഹെഗ്ഡെയും ഒരുമിച്ച് അഭിനയിച്ച ആദ്യ ചിത്രമാണിത്.