ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകത്തിൽ ഭരണം മാറിയാലും, അബ്ദുൾ നാസർ മഅദനി പ്രതിയായ ബെംഗളൂരു സ്ഫോടനക്കേസിലെ നിലവിലെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റരുതെന്ന നിർദേശം നൽകണമെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ. കർണാടകത്തിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ നിഖിൽ ഗോയൽ ആണ് സുപ്രീം കോടതിയിൽ ആവശ്യം ഉന്നയിച്ചത്. എന്നാൽ പ്രോസിക്യൂട്ടർ തീരുമാനിക്കേണ്ട ഈ ആവശ്യത്തിൽ ഉത്തരവിറക്കാൻ സുപ്രീം കോടതി വിസമതിച്ചു.
ബസവരാജ് ബൊമ്മ സർക്കാരിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറലാണ് നിഖിൽ ഗോയൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുൻതൂക്കം ഉണ്ടെന്ന അഭിപ്രായ സർവ്വേ റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടയിലാണ് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഇത്തരം ഒരാവശ്യം സുപ്രീം കോടതിയിൽ ഉന്നയിച്ചത് എന്നത് ശ്രദ്ധേയമാണ്.
കേരള യാത്രയ്ക്കുള്ള അകമ്പടി ചെലവ് കുറയ്ക്കണമെന്ന മഅദനിയുടെ ആവശ്യം പരിഗണിച്ച ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബഞ്ചിന് മുമ്പാകെയാണ് പ്രോസിക്യൂട്ടറെ സംബന്ധിച്ച ആവശ്യം കർണാടക സർക്കാർ മുന്നോട്ടുവച്ചത്.
നേരത്തെ കർണാടക ഭീകര വിരുദ്ധ സെല്ലിലെ അസിസ്റ്റന്റ് കമ്മീഷണർ ഡോ. സുമിത് ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ഈ ആവശ്യം ഉന്നയിച്ചിരുന്നില്ല. സത്യവാങ്മൂലത്തിൽ ഉന്നയിക്കാത്ത വിഷയം എന്ന ആമുഖത്തോടെയാണ് നിഖിൽ ഗോയൽ വിഷയം സുപ്രീം കോടതിയിൽ അവതരിപ്പിച്ചത്.
തിരഞ്ഞെടുപ്പ് നടക്കുന്ന കർണാടകത്തിൽ ഭരണം മാറിയാൽ അബ്ദുൾ നാസർ മഅദനി പ്രതിയായ ബെംഗളൂരു സ്ഫോടനക്കേസിലെ ഇപ്പോഴത്തെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയേക്കും. അങ്ങനെ എങ്കിൽ വിചാരണ വൈകും. ഈ സാഹചര്യത്തിൽ ഇപ്പോഴത്തെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റരുതെന്ന് ഉത്തരവിറക്കണമെന്നും അഡീഷണൽ അഡ്വക്കേറ്റ് ജനറൽ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
ഈ ആവശ്യം അംഗീകരിക്കരുത് എന്ന് അബ്ദുൾ നാസർ മഅദനിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബലും, അഭിഭാഷകൻ ഹാരിസ് ബീരാനും സുപ്രീം കോടതിയോട് അഭ്യർഥിച്ചു. തുടർന്ന് ഇത്തരം വിഷയങ്ങളിൽ പ്രോസിക്യുട്ടർ നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കി അഡീഷണൽ അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യത്തിൽ ഉത്തരവിറക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.