ദൈവത്തോട് ഒരു കാര്യം, എന്റെ ഇന്നച്ചൻ അങ്ങോട്ടു വന്നിട്ടുണ്ട്, ഇനി നിങ്ങൾക്ക് ഒരുപാട് ചിരിക്കാം
കൊച്ചി: അന്തരിച്ച നടനും മുന്‍ എംപിയുമായ ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ഹൃദയത്തില്‍ തട്ടുന്ന കുറിപ്പുമായി നടന്‍ മോഹന്‍ലാല്‍.ഇന്നലെ വൈകിട്ട് ഇന്നസെന്റിന്റെ വീടായ ഇരിങ്ങാലക്കുടയിലെ പാര്‍പ്പിടത്തിലെത്തി മോഹന്‍ലാല്‍ തന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന് അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.
മോഹന്‍ലാലിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപമിങ്ങനെ:
ചില മനുഷ്യരെ എന്ന്, എവിടെവെച്ചാണ് പരിചയപ്പെട്ടത് എന്നെനിക്കോർക്കാൻ സാധിക്കാറില്ല. എന്നാൽ, അവർ എന്നിൽനിന്ന് അടർന്നുപോവരുതേ എന്ന് പ്രാർഥിക്കാറുണ്ട്. നെടുമുടി വേണു അത്തരത്തിലൊരാളായിരുന്നു എനിക്ക്; ഇപ്പോൾ ഇന്നസെന്റും. ഇന്നസെന്റ് ഇല്ലാതെയായി എന്ന് ഞാനിപ്പോഴും വിശ്വസിച്ചിട്ടില്ല. കാരണം, ഈ മനുഷ്യന് ഇല്ലാതെയാവാൻ സാധിക്കില്ല എന്നായിരുന്നു ഞാൻ എപ്പോഴും എന്നെത്തന്നെ വിശ്വസിപ്പിച്ചിരുന്നത്.
ഇന്നസെന്റില്ലാത്ത ഈ ലോകം എത്രമേൽ വിരസമായിരിക്കുമെന്ന് ഞാൻ എപ്പോഴും ഓർക്കാറുണ്ടായിരുന്നു. ഇപ്പോഴത് യാഥാർഥ്യമായിരിക്കുന്നു. ആ ലോകത്തിലൂടെവേണം ഇനി യാത്രതുടരാൻ എന്നോർക്കുമ്പോൾ വിഷമം മാത്രമല്ല, ഭയവുമുണ്ട് എനിക്ക്.
ഇന്നസെന്റിന്റെ ജീവിതമാണ് എന്നെ ഏറ്റവും അദ്‌ഭുതപ്പെടുത്തിയത്. അദ്ദേഹം അനുഭവിച്ചതിന്റെ നൂറിലൊരംശംപോലും ഞാനൊന്നും അനുഭവിച്ചിട്ടില്ല. ആ അനുഭവങ്ങളെല്ലാം ഇന്നസെന്റിനെ പരുക്കനായ ഒരു വ്യക്തിയാക്കി മാറ്റേണ്ടതായിരുന്നു. എന്നാൽ, ഇന്നസെന്റ് താനനുഭവിച്ച പരുക്കൻ ജീവിതയാഥാർഥ്യങ്ങളെ ഫലിതംകൊണ്ട് പൊതിഞ്ഞു. ജീവിതത്തിലും മരണത്തിലും അദ്ദേഹം ഫലിതം കണ്ടെത്തി.
പല അനുഭവങ്ങളെയും കഥയായി കെട്ടിപ്പറഞ്ഞു. ഇന്നച്ചൻ ഉള്ള സെറ്റുകളെല്ലാം ഇത്തരം കഥപറച്ചിൽകേന്ദ്രങ്ങളായി. അദ്ദേഹത്തിന്റെ പറച്ചിലുകളിൽ ചിലപ്പോൾ കഥയേത്, യാഥാർഥ്യമേത് എന്നറിയാതെ ഞാൻ കുഴങ്ങിയിട്ടുണ്ട്.
ഇന്നസെന്റിൽനിന്ന് ഒരുകാര്യവും മനഃപൂർവം മറച്ചുവെക്കാൻ സാധിക്കില്ലായിരുന്നു. അതെങ്ങനെയെങ്കിലും അദ്ദേഹം അറിയും. ഇന്നസെന്റിൽമാത്രം ഞാൻ കണ്ട ഒരു സിദ്ധിവിശേഷമായിരുന്നു അത്. ഇന്നസെന്റുമായി പരിചയിക്കുന്ന എല്ലാവരോടും ഞാൻ പറയാറുണ്ടായിരുന്നു, ഈ മനുഷ്യനിൽനിന്ന് ഒന്നും മറച്ചുവെക്കാൻ ശ്രമിക്കരുത് എന്ന്. എപ്പോഴും ജാഗ്രതയോടെയുള്ള ബുദ്ധിയും കാതുകളും സൂക്ഷ്മമായ നിരീക്ഷണപാടവമുള്ള കണ്ണുകളുമായിരുന്നു ഇന്നച്ചന്റേത്.
നമ്മൾ ഒരുപാടുപേരെ സ്നേഹിക്കുന്നുണ്ടാവും. എന്നാൽ, നമ്മൾ അങ്ങോട്ട് സ്നേഹിക്കുന്നതിനെക്കാൾ തിരിച്ച് നമ്മളെ സ്നേഹിക്കുന്നവർ കുറവായിരിക്കും. ഞാൻ അദ്ദേഹത്തെ സ്നേഹിച്ചതിനെക്കാൾ എന്നെ സ്നേഹിച്ചയാളായിരുന്നു ഇന്നസെന്റ്. എന്റെ കാര്യത്തിൽ എപ്പോഴും നല്ല കരുതലുണ്ടായിരുന്നു. ഇന്നസെന്റ് ഒപ്പമുണ്ടെങ്കിൽ എന്തുകാര്യങ്ങൾ ചെയ്യാനും നമുക്കൊരു ധൈര്യം വരാനുണ്ട്. അനുഭവങ്ങളിൽനിന്നുണ്ടായ അപാരമായ പ്രായോഗികജ്ഞാനത്തിലൂടെ ഇന്നസെന്റ് ഏതു പ്രതിസന്ധിഘട്ടത്തിലും വഴിതെളിക്കാൻ മുന്നിൽ നടക്കുമായിരുന്നു.
ഞാൻ അമ്മ സംഘടനയുടെ പ്രസിഡന്റായി ചുമതലയേറ്റത് ഇന്നസെന്റ് ഒപ്പമുണ്ട് എന്ന ധൈര്യത്തിലായിരുന്നു.
എപ്പോഴും ദൈവത്തോട് സംസാരിക്കാനും ദൈവത്തെ പറ്റിക്കാനുമൊക്കെയുള്ള ഒരു കുറുമ്പുള്ള മനസ്സ് ഇന്നസെന്റിനുണ്ടായിരുന്നു. ദൈവവുമായുള്ള തന്റെ ഇടപെടൽ ഒരുപാടുതവണ അദ്ദേഹം പറഞ്ഞിട്ടും എഴുതിയിട്ടുമുണ്ട്. അറിവിലും അനുഭവത്തിലുമുപരിയുള്ള ജ്ഞാനത്തിൽനിന്നു മാത്രമേ ഇത്തരത്തിലുള്ള ഒരു കാഴ്ചപ്പാടുണ്ടാവൂ.
എഴുതിയാലും പറഞ്ഞാലും തീരാത്ത ഒരു മനുഷ്യനെപ്പറ്റി ഇനിയെന്താണെഴുതുക? ദൈവത്തോട് ഒരു കാര്യംപറഞ്ഞ് അവസാനിപ്പിക്കാം: ഞങ്ങളെയെല്ലാം കരയിച്ചുകൊണ്ട് എന്റെ ഇന്നച്ചൻ അങ്ങോട്ടു വന്നിട്ടുണ്ട്, ഇനി നിങ്ങൾക്ക് ഒരുപാട് ചിരിക്കാം.