ദുബായിക്കാരന്‍ വ്ളോഗർ തമിഴ് നടിയെ വിവാഹം ചെയ്യും: ഖാലിദ് അമേരിക്ക് വധുവാകുന്നത് സുനൈന
ചെന്നൈ:മലയാളികള്‍ക്കിടയില്‍ പോലും വലിയ സ്വാധീനം ഉണ്ടാക്കിയ ദുബായിക്കാരനായ യൂട്യൂബ് വ്ളോഗറാണ് ഖാലിദ് അല്‍ അമേരി. കേരളത്തില്‍ നിരവരധി തവണ വന്ന അദ്ദേഹം സംസ്ഥാനത്തുടനീളം സഞ്ചരിച്ചുകൊണ്ട് ഫുഡ് വ്ളോഗുകള്‍ ചെയ്തിട്ടുമുണ്ട്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. അടുത്തിടെ മമ്മൂട്ടിയുമായുള്ള അമേരിയുടെ ഇന്റർവ്യൂവും വൈറലായി മാറിയിരുന്നു.
ഇപ്പോഴിതാ ഖാലിദ് അമേരി വിവാഹിതനാകുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഇന്ത്യയില്‍ നിന്നാണ് അദ്ദേഹം വിവാഹം കഴിക്കുന്നതെന്ന് മാത്രമല്ല, അത് ഒരു സിനിമാ നടിയാണെന്നുമാണ് വിവരം. വിവാഹ മോതിരം അണിഞ്ഞുള്ള രണ്ട് കൈകൾ പരസ്പരം ചേർത്തുപിടിച്ച ചിത്രം ഇരുവരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുമുണ്ട്.
സുനൈന ചിത്രം പ്രൊഫലില്‍ പങ്കുവെച്ചിരുന്നുവെങ്കിലും ആരാണ് വരനെന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ഇതേ ചിത്രം ഖാലിദ് അമേരിയും പങ്കുവെച്ചതോടെയാണ് ഇരുവരും വിഹാതിരാകാന്‍ പോകുന്നുവെന്ന വാർത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയത്. അമേരിക്കയില്‍ വെച്ചാണ് ചടങ്ങുകള്‍ നടന്നതെന്നാണ് സൂചന.
ഹൈദരാബാദുകാരിയായ സുനൈന, പ്രധാനമായും തമിഴ് സിനിമകളിലാണ് അഭിനയിച്ച് വരുന്നത്. 2008-ൽ കാതലിൽ വിഴുന്തേൻ എന്ന ചിത്രത്തിലൂടെ നടൻ നകുലിനൊപ്പാമാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ആമസോൺ പ്രൈം വീഡിയോയിൽ മാർച്ചിൽ റിലീസ് ചെയ്ത തമിഴ് ക്രൈം ത്രില്ലർ ഇൻസ്പെക്ടർ ഋഷിയിലാണ് സുനൈന അവസാനമായി അഭിനയിച്ചത്.
40 കാരനായ ഖാലിദ് തൻ്റെ വിവാഹനിശ്ചയം അഞ്ച് ദിവസം മുമ്പ് സോഷ്യൽ മീഡിയയിൽ പ്രഖ്യാപിക്കുകയും നിരവധി പേർ ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു. സുനൈനയെപ്പോലെ, പ്രതിശ്രുതവധു ആരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല, മാത്രമല്ല വിവാഹ തീയതിയോട് അടുത്ത് മാത്രമേ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ സാധ്യതയുള്ളൂവെന്നും വ്യക്തമാക്കി. വിവാഹ വാർത്തയോട് സുനൈനയെപ്പോലെ ഖാലിദും ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്തായാലും ഈ വർഷം ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോർട്ടുകൾ. ഖാലിദ് ഇപ്പോള്‍ ചെന്നൈയിലാണെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള ചില സ്റ്റാറ്റസുകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ചെന്നൈയില്‍ തന്നെയുള്ള യൂട്യൂബർ ഇർഫാന്‍ ഖാലിദിന്റെ അടുത്ത സുഹൃത്താണ്. 2023 ൽ ഇർഫാൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഖാലിദ് ചെന്നൈയിൽ എത്തിയിരുന്നു.