KeralaNews

രഞ്ജിത്ത് താമസിക്കുന്ന വയനാട്ടിലെ റിസോർട്ടിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

കൽപ്പറ്റ : ലൈംഗികാരോപണമുയർന്നതിന് പിന്നാലെ സംവിധായകൻ രഞ്ജിത്ത് താമസിക്കുന്ന വയനാട്ടിലെ റിസോട്ടിലേക്ക് പ്രതിഷേധ മാർച്ചുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും മാറി നിൽക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

നടിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിയപരമായ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സിനിമാ മേഖലയിൽ നിന്നടക്കം വിമർശനം ഉയരുന്നതിന് പിന്നാലെയാണ് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. റിസോർട്ട് ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്ത് പൊലീസ് സംഘമെത്തിയിട്ടുണ്ട്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയേക്കും.  

ബംഗാളി നടി ശ്രീലേഖ മിത്രയാണ്  ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ചത്. പാലേരി മാണിക്കം സിനിമയിൽ അഭിനയിക്കാനായി വിളിച്ച് വരുത്തിയ രഞ്ജിത് മോശമായി പെരുമാറിയെന്ന് പേര് സഹിതം നടി തുറന്നു പറഞ്ഞതോടെ വലിയ പ്രതിഷേധമുയർന്നു.

എന്നാൽ അപമര്യാദയായി പെരുമാറിയ ആളുടെ പേരടക്കം ഇരയായ സ്ത്രീ വിളിച്ച് പറഞ്ഞെങ്കിലും  ഇപ്പോഴും ആരോപണ വിധേയനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.  നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്ന വേളയിൽ ആരുടേയും പേര് ഇല്ലാത്തത് കൊണ്ട് കേസ് എടുക്കാൻ നിയമ തടസമുണ്ടെന്ന നിലപാടാണ് സാംസ്‌കാരിക മന്ത്രി അടക്കം സ്വീകരിച്ചിരുന്നത്.  ഇപ്പോൾ  നടി മോശമായി പെരുമാറിയ ആളുടെ പേര് പറഞ്ഞെങ്കിലും അതും പോര പരാതി ലഭിച്ചാൽ മാത്രം നടപടിയെന്ന നിലപാടിലാണ് സർക്കാർ.  

സർക്കാർ പിന്തുണക്കുമ്പോഴും ഇടതുകേന്ദ്രങ്ങളില്‍ നിന്നടക്കം രഞ്ജിത്തിന്റെ രാജിക്കായി കടുത്ത സമ്മർദ്ദമാണ് ഉയരുന്നത്. അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രഞ്ജിത്തിനെ നീക്കണമെന്ന് സിപിഐ നേതാവ് ആനി രാജയും എഐവൈഎഫും ആവശ്യപ്പെട്ടു. 

ബംഗാളി നടിയുടെ ആരോപണം കേരളത്തിന് അവമതിപ്പുണ്ടാക്കുന്നതാണെന്നും സംസ്ഥാനത്തിന്‍റെ അഭിമാനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നുമാണ് ആനി രാജയുടെ പക്ഷം. രഞ്ജിത്ത് സ്വയം ഒഴിയുമെന്നാണ് കരുതുന്നതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. ചലച്ചിത്ര അക്കാദമിയിലും രഞ്ജിത്തിനെതിരെ എതിർശബ്ദം ഉയരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker