യഥാര്‍ത്ഥ അജയ് മോഹന്‍ ബിഷ്ട്; മഠാധിപതിയില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തിയ യോഗിയുടെ യാത്ര
കാഷായ വേഷം ധരിച്ച ഒരു മുഖ്യമന്ത്രിയെ ഇന്ത്യ ആദ്യമായി കണ്ടത് യോഗിയുടെ വരവോടെയാണ്. ഗോരഖ്നാഥ് മഠത്തിലെ മുഖ്യ പുരോഹിതനായിരുന്നു യോഗി ആദിത്യനാഥ്. പിന്നീട് നാല് തവണ ഗോരഖ്പൂര്‍ എംപിയും പിന്നാലെ മുഖ്യമന്ത്രിയുമായി. മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ സംസ്ഥാനത്തിന്റെ ശോഭ കെടുത്തുന്ന പല സംഭവങ്ങളും അരങ്ങേറി. ഇന്ത്യന്‍ മനസാക്ഷിയെ ഞെട്ടിച്ച ഹത്രാസ്, ഉന്നാവ് പീഡനങ്ങള്‍, ഗൊരഖ്പൂര്‍ ശിശുമരണം തുടങ്ങി അനിഷ്ട സംഭവങ്ങള്‍ നിരവധി. പക്ഷേ ഇതൊന്നും യോഗിയുടെ ഭരണത്തുടര്‍ച്ചയ്ക്ക് വിലങ്ങുതടിയായില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്. രണ്ടാം തവണയും ഉത്തര്‍ പ്രദേശിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്ന യോഗി ആദിത്യനാഥ് രാഷ്ട്രീയത്തിലേക്ക് എത്തിയത് എങ്ങനെയെന്ന് അറിയാം.
1972 ജൂണ്‍ 5ന് ഉത്തര്‍പ്രദേശിലെ പൗരി ഗര്‍വാളില്‍ ജനിച്ച യോഗി ആദിത്യനാഥിന്റെ യഥാര്‍ത്ഥ പേര് അജയ് മോഹന്‍ ബിഷ്ട് എന്നായിരുന്നു. ഇന്ന് ഉത്തരാഖണ്ഡിന്റെ ഭാഗമാണ് യോഗി ജനിച്ച പൗരി ഗര്‍വാളെന്ന പ്രദേശം. ഉത്തരാഖണ്ഡിലെ ഹേംവതി നന്ദന്‍ ബഹുഗുണ ഗര്‍വാള്‍ സര്‍വകലാശാലയില്‍ നിന്ന് ഗണിതത്തില്‍ ബിരുദം നേടി.
പഠനത്തിന് പിന്നാലെ ആത്മീയവഴി തെരഞ്ഞെടുത്ത യോഗി, ഗോരഖ്നാഥ് മഠത്തിലെ മുഖ്യനായിരുന്ന മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യനായി. അവിടെ വച്ചാണ് യോഗി ആദിത്യനാഥ് എന്ന പേര് ലഭിച്ചത്. 1990 ല്‍ അയോധ്യയില്‍ രാമ ക്ഷേത്ര പണിയാനുള്ള നീക്കത്തിന്റെ ഭാഗമാകാന്‍ വീട് വിട്ടു. ഹിന്ദു മഹാസഭയില്‍ അംഗമായിരുന്ന അവൈദ്യനാഥ് 1991 ല്‍ ബിജെപിയില്‍ ചേര്‍ന്നു. 1994 ല്‍ തന്റെ ശിഷ്യനായി യോഗി ആദിത്യനാഥിനെ മഹന്ദ് അവൈദ്യനാഥ് പ്രഖ്യാപിച്ചു. ഇതിന് നാല് വര്‍ഷത്തിന് പിന്നാലെ ശിഷ്യനായിരുന്ന യോഗി ആദിത്യനാഥിനെ രാഷ്ട്രീയത്തിലിറക്കി.
26-ാം വയസില്‍ യോഗി ആദിത്യനാഥ് 12-ാം ലോക്സഭയില്‍ അംഗമായി. 1998 ല്‍ ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു യോഗി ആദിത്യനാഥ്. അഞ്ച് തവണയാണ് യോഗി ആദിത്യനാഥ് ഗൊരഖ്പൂരില്‍ നിന്ന് എംപി ആയത്. 1998, 1999, 2009, 2014 വര്‍ഷങ്ങളിലായിരുന്നു ഇത്. 2017 ല്‍ ഉത്തര്‍ പ്രദേശില്‍ ബിജെപിയുടെ പ്രധാന പ്രചാരകരില്‍ ഒരാളായിരുന്നു യോഗി ആദിത്യനാഥ്. 2017 മാര്‍ച്ച് 18ന് യോഗി ഉത്തര്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലേറി.
ഹിന്ദുത്വ അജണ്ഡകളും, ഹിന്ദുത്വയിലൂന്നിയ പ്രചാരണ പ്രവര്‍ത്തനങ്ങളും ഭരണപരിഷ്‌കാരങ്ങള്‍ കൊണ്ടും നിരവധി തവണ വിമര്‍ശനം നേരിടേണ്ടി വന്ന നേതാവാണ് യോഗി ആദിത്യനാഥ്. ഗൊരഖ്പൂര്‍ ശിശു മരണ സംഭവത്തില്‍ യോഗി ആദിത്യനാഥിന്റെ ഇടപെടല്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഗൊരഖ്പൂര്‍ ആശുപത്രിയിലെ ഡോക്ടറായിരുന്ന കഫീല്‍ ഖാനെ അനധികൃതമായി അറസ്റ്റ് ചെയ്യുന്നതിലേക്ക് വരെ വഴിവച്ചിരുന്നു യോഗി ആദിത്യനാഥിന്റെ ഇടപെടല്‍.
പിന്നീട് ഉന്നാവ്, ഹത്രാസ് എന്നിവിടങ്ങളിലെ പീഡനക്കേസുകളിലും പ്രതിയെ സംരക്ഷിക്കുന്ന യോഗിയുടെ നിലപാട് നിശിതമായി വിമര്‍ശിക്കപ്പെട്ടു. പക്ഷേ ഇതൊന്നും യോഗിയുടെ ഭരണത്തുടര്‍ച്ചയ്ക്ക് വിലങ്ങുതടിയായില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്. ഈ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് വിജയിച്ച് ബിജെപി അധികാരത്തിലെത്തിയാല്‍ 1985 ന് ശേഷം തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാകും യോഗി.