Kerala

കേരളത്തിനെതിരെ വീണ്ടും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: കേരളത്തിനെതിരെ വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയെ കേരളമാക്കരുതെന്ന പ്രസ്താവന യോഗി വീണ്ടും ആവര്‍ത്തിച്ചു. യുപിയെ കേരളവും ബംഗാളും കാഷ്മീരും ആക്കരുത്. യുപി കേരളമാകാന്‍ താമസമുണ്ടാകില്ലെന്നും യോഗി പറഞ്ഞു. കഴിഞ്ഞ ദിവസവും യോഗി കേരളത്തെ വിമര്‍ശിച്ചു രംഗത്തെത്തിയിരുന്നു. ഇതിനെതിരെ കേരളം വലിയ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കവെയാണ് ആദ്യ വിവാദ പ്രസ്താവനയുമായി യോഗി രംഗത്തെത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിരവധി നല്ലകാര്യങ്ങള്‍ സംസ്ഥാനത്ത് നടന്നു. എന്നാല്‍ സൂക്ഷിക്കു, നിങ്ങള്‍ തെറ്റായി സമ്മതിദാനം വിനയോഗിച്ചാല്‍ ഈ അഞ്ചുവര്‍ഷത്തെ അധ്വാനം നശിക്കും. ഉത്തര്‍പ്രദേശ് കാഷ്മീരും കേരളവും ബംഗാളും ആകാന്‍ അധികം സമയം വേണ്ടി വരില്ലെന്ന് യോഗി ട്വിറ്ററില്‍ നല്‍കിയ വീഡിയോയില്‍ പറഞ്ഞു.

അഞ്ചുവര്‍ഷത്തെ തന്റെ പ്രയത്നത്തിനുള്ള അനുഗ്രഹമായാണ് നിങ്ങളുടെ വോട്ടിനെ കാണുന്നത്. നിങ്ങളുടെ വോട്ട് നിങ്ങളുടെ ഭയരഹിത ജീവിതത്തിന്റെ ഉറപ്പ് കൂടിയാണെന്നും യോഗി കൂട്ടിച്ചേര്‍ത്തു. വലിയ തീരുമാനം എടുക്കാനുള്ള സമയം വന്നിരിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബിജെപിയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ അര്‍പ്പണബോധത്തോടെയും പ്രതിബദ്ധതയോടെയും എല്ലാം ചെയ്തുവെന്നും യോഗി അവകാശപ്പെട്ടിരുന്നു.

കേരളം പോലെയാകാതിരിക്കാന്‍ ‘ശ്രദ്ധിച്ചു’ വോട്ട് ചെയ്യണമെന്ന് യോഗി ആദിത്യനാഥ് അവിടത്തെ ജനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം ആശ്ചര്യകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. ഒരു സമൂഹത്തിന്റെ പുരോഗതി അളക്കുന്ന ഏതു മാനദണ്ഡമെടുത്തു നോക്കിയാലും കേരളം ഇന്ത്യയില്‍ മുന്‍നിരയിലാണ്. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, താമസസൗകര്യം, ആയുര്‍ദൈര്‍ഘ്യം, ലിംഗസമത്വം, വരുമാനം, സാമൂഹ്യസുരക്ഷ തുടങ്ങി ജീവിതനിലവാരത്തിന്റെ മിക്ക സൂചികകളിലും ഉയര്‍ന്ന സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതാകട്ടെ, കേന്ദ്രസര്‍ക്കാരും അതിന്റെ വിവിധ ഏജന്‍സികളും ലോകമാകെയും അംഗീകരിച്ചതുമാണ്. എന്നിട്ടും ഉത്തര്‍പ്രദേശ് കേരളം പോലെയാകരുത് എന്നാണ് യോഗി ആദിത്യനാഥ് ആഗ്രഹിക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശ് എല്ലാ സൂചികകളിലും കേരളത്തിന്റെ നിലവാരത്തിലേക്കെത്തിയാല്‍ നമ്മുടെ രാജ്യത്തിന്റെതന്നെ നിലവാരം വികസിതരാജ്യങ്ങള്‍ക്കൊപ്പമാകും എന്നു മനസിലാക്കാന്‍ കഴിയാത്ത സഹതാപാര്‍ഹമായ പിന്തിരിപ്പന്‍ രാഷ്ട്രീയമാണതെന്ന് പിണറായി വിജയന്‍ പറഞ്ഞു. വര്‍ഗീയരാഷ്ട്രീയത്തിനു വളരാന്‍ സാധിക്കാത്ത വിധം മതേതരത്വവും ജനാധിപത്യവും ആധുനികമൂല്യങ്ങളുംകൊണ്ടു തീര്‍ത്ത ശക്തമായ സാമൂഹിക അടിത്തറയുള്ള കേരളം സംഘപരിവാറിന് അപ്രാപ്യമായ ഇടമാണ്.

അതിനാല്‍ കേരളത്തിനെതിരേ ദുഷ്പ്രചരണം നടത്തുക എന്നത് അവരുടെ പ്രധാന അജന്‍ഡകളിലൊന്നാണ്. അതിന്റെ തികട്ടലാണ് കേരളത്തെക്കുറിച്ചുള്ള പരാമര്‍ശത്തിലൂടെ പുറത്തുവന്നതെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. കേരളം പോലെയാകാന്‍ വോട്ട് ചെയ്യാന്‍ ഉത്തര്‍പ്രദേശിലെ ജനങ്ങളോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആവശ്യപ്പെട്ടു. മധ്യകാലഘട്ടത്തിലെ മതാന്ധതയ്ക്കു പകരം ബഹുസ്വരതയും സൗഹാര്‍ദവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനവും തെരഞ്ഞെടുക്കുക. കേരളീയരും ബംഗാളികളും കാഷ്മീരികളും അഭിമാനമുള്ള ഇന്ത്യക്കാരാണെന്നും വി.ഡി. സതീശന്‍ യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കു മറുപടിയായി ട്വിറ്ററില്‍ കുറിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker