ഓടുന്ന ട്രെയിനില്‍ ലൈംഗികാതിക്രമ ശ്രമത്തിന് ശേഷം യുവതിയെ കഴുത്തറുത്ത് കൊന്നു
ഭോപാല്‍: മധ്യപ്രദേശില്‍ ലൈംഗികാതിക്രമ ശ്രമത്തിന് പിന്നാലെ 21കാരിയെ ഓടുന്ന ട്രെയിനില്‍ വെച്ച് കഴുത്തറുത്ത് കൊന്നു. സെഹോറില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
ഇന്ദോര്‍-ബിലാസ്പൂര്‍ ട്രെയിനില്‍ വെച്ച് സെഹോര്‍ സ്‌റ്റേഷന്‍ എത്തുന്നതിന് രണ്ട് കിലോമീറ്റര്‍ മുമ്ബാണ് സംഭവം. മുസ്‌കാന്‍ ഹാഡ എന്ന് പേരായ യുവതിയാണ് കൊടും ക്രൂരതക്കിരയായതെന്ന് സെഹോര്‍ ജില്ലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ എസ്.എസ്. ചൗഹാന്‍ പറഞ്ഞു.
‘യാത്രക്കാര്‍ ട്രെയിനില്‍ വെച്ച് ചില ഒച്ചയും ബഹളവും കേട്ടിരുന്നു. പെട്ടെന്ന് ഒരു സ്ത്രീ അവരുടെ അടുത്തേക്ക് ഓടിയെത്തി. ബെര്‍ത്തില്‍ ഇരിക്കുന്നതിനുമുമ്പ് തന്നെ അവള്‍ തളര്‍ന്ന് വീണിരുന്നു’ -ചൗഹാന്‍ പറഞ്ഞു.
‘പെണ്‍കുട്ടിയെ ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ വെച്ച് ചിലര്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന് സഹോദരന്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ ട്രെയിന്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ അവള്‍ മരിച്ചിരുന്നു’ -അദ്ദേഹം പറഞ്ഞു.
മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് സ്ത്രീയുടെ തൊണ്ട മുറിച്ചുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ട്രെയിന്‍ സെഹോര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പേ തന്നെ പ്രതികള്‍ രക്ഷപെട്ടിരുന്നു.
ഒരു കേസില്‍ പെട്ട് യുവതിയുടെ പിതാവ് ജയിലിലാണെന്നും ജാമ്യത്തിലിറങ്ങാന്‍ ശ്രമിക്കുകയാണെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരുടെ മാതാവ് നേരത്തെ അന്തരിച്ചിരുന്നു. സംഭവ ദിവസം സഹോദരനെ കാണാനായി ഭോപാലില്‍ നിന്ന് ഇന്ദോറിലേക്ക് പോവുകയായിരുന്നു യുവതി.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.