സി.കെ ജാനുവിന്റെ പ്രചാരണത്തിന് ഉപയോഗിച്ചത് കുഴല്‍പ്പണം; ബി.ജെ.പിയെ വെട്ടിലാക്കി പുതിയ ആരോപണം

വയനാട്: കുടകര കുഴല്‍പ്പണ കേസിന് പിന്നാലെ ബിജെപിയെ പ്രതിരോധത്തിലാക്കി പുതിയ ആരോപണം. സുല്‍ത്താന്‍ബത്തേരി മണ്ഡലത്തിലെ എന്‍ഡിഎസ്ഥാനാര്‍ഥി സികെ ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ച ഫണ്ട് കുഴല്‍പ്പണമാണെന്നാണ് ആരോപണം.

സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം തുടങ്ങി ഒരാഴ്ചക്കുളളില്‍ കാസര്‍കോട് ടൗണിനടുത്തുള്ള ഒരു കേന്ദ്രത്തില്‍ നിന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുക എത്തിച്ചതെന്നായിരുന്നു ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. ജില്ലാനേതാക്കളടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പണമെത്തിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വാടകയ്ക്കെടുത്ത രണ്ടു കാറുകളിലായാണ് സംഘം യാത്രചെയ്തതെന്നും ആരോപണമുണ്ട്.

മാര്‍ച്ച് 24ന് മംഗളൂരുവില്‍പോയതിന്റെ യാത്രാച്ചെലവായി 30,000 രൂപ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പുചെലവ് പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കണക്കിനെ ചോദ്യം ചെയ്താണ് ഒരുവിഭാഗം നേതാക്കള്‍ ഇപ്പോള്‍ രംഗത്തുവന്നിട്ടുള്ളത്. കൊടകരയില്‍ കവര്‍ച്ചയ്ക്കിരയായ കുഴല്‍പ്പണത്തിന്റെ ഉറവിടവും കാസര്‍കോടാണെന്നാണ് സൂചന. ഇതോടെ പോലീസ് അന്വേഷണം വയനാട് ജില്ലയിലെ നേതാക്കളിലേക്ക് കേന്ദ്രീകരിക്കുകയാണ്.

സുല്‍ത്താന്‍ ബത്തേരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നല്‍കിയ പണത്തില്‍ തിരിമറി നടന്നതായി പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന അഴിമതിയാരോപണങ്ങളും തര്‍ക്കങ്ങളുമാണ് പണത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരാനിടയായത്.

സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പുപ്രചാരണത്തിനുള്ള സാമ്ബത്തിക ഇടപാടുകളെല്ലാം ഡിജിറ്റലായിട്ടാണ് നടത്തിയതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ സി കെ ജാനുവിന്റെ തിരഞ്ഞെടുപ്പ് ഫണ്ട് ഡിജിറ്റലായല്ല കൈകാര്യം ചെയ്തിരിക്കുന്നത് എന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News