CrimeKeralaNews

യുവതി വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ; ആത്മഹത്യക്കു ശ്രമിച്ച ഭർത്താവ് കസ്റ്റഡിയിൽ

പുനലൂർ : നഗരസഭയിലെ മണിയാറിൽ യുവതിയെ വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കൈത്തണ്ട മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചനിലയിൽ ഭർത്താവിനെ വീട്ടിൽനിന്ന്‌ പോലീസ് കസ്റ്റഡിയിലെടുത്തു.മണിയാറിൽ വാടകയ്ക്കു താമസിക്കുന്ന ഇടക്കുന്ന് മുളവട്ടിക്കോണം മഞ്ജുഭവനിൽ മഞ്ജു(35)വാണ് കൊല്ലപ്പെട്ടത്. ഭർത്താവ് അച്ചൻകോവിൽ സ്വദേശി മണികണ്ഠനാ(38)ണ് കസ്റ്റഡിയിലായത്.

ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയശേഷം കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മണികണ്ഠനെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല.ശനിയാഴ്ച രാവിലെ മഞ്ജുവിന്റെ സഹോദരൻ എത്തിയപ്പോഴാണ് യുവതി കൊല്ലപ്പെട്ട വിവരമറിയുന്നത്. കുട്ടികൾ മഞ്ജുവിന്റെ കുടുംബവീട്ടിലായിരുന്നതിനാൽ വെള്ളിയാഴ്ചമുതൽ മഞ്ജുവും മണികണ്ഠനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

സംഭവം സഹോദരൻ അയൽക്കാരെ അറിയിക്കുന്നതിനിടെ ഇടതുകൈത്തണ്ട മുറിച്ചനിലയിൽ അടുക്കളയിൽനിന്ന്‌ മണികണ്ഠൻ പുറത്തേക്ക് വന്നു. തുടർന്നാണ് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.മണികണ്ഠൻ ഭാര്യയോട് വഴക്കിടുകയും അവരെ തല്ലുകയും ചെയ്യുന്നത് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. മഞ്ജുവിന്റെ പരാതിയിന്മേൽ ഏതാനും ദിവസുംമുമ്പ്‌ മണികണ്ഠനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീതുചെയ്ത്‌ വിട്ടിരുന്നു.

മഞ്ജുവിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധന നടത്തി. വിരലടയാളവിദഗ്ധരും ഫൊറൻസിക് വിദഗ്ധരുമെത്തി തെളിവെടുത്തു. ഡിവൈ.എസ്.പി. ബി.വിനോദ്, ഇൻസ്പെക്ടർ ടി.രാജേഷ്‌കുമാർ, എസ്.ഐ. ജി.ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

മഞ്ജുവും മണികണ്ഠനും വിവാഹിതരായിട്ട് 15 വർഷത്തോളമായി. വർഷങ്ങളായി ഇവർ മണിയാറിലാണ് വാടകയ്ക്കു താമസിക്കുന്നത്. എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ, ഒന്നാംക്ലാസിൽ പഠിക്കുന്ന മീനു എന്നിവരാണ് മക്കൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker