CrimeKeralaNews

കാട്ടാനയെ വിരട്ടിയ യുട്യൂബർക്കൊപ്പം പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ 4 പേർ; വീട്ടിൽ നോട്ടിസ് പതിക്കും

പത്തനാപുരം (കൊല്ലം) ∙ അനുമതിയില്ലാതെ വനത്തിൽ പ്രവേശിച്ച് വന്യജീവികളെ ചിത്രീകരിച്ചതിന് കേസ് എടുത്തതോടെ ഒളിവിൽ പോയ യൂട്യൂബർ കിളിമാനൂർ സ്വദേശി അമല അനുവിനെ തേടി വീട്ടിൽ നോട്ടിസ് പതിക്കും. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വനം വകുപ്പ് നോട്ടിസ് പതിക്കുക. കേന്ദ്ര വനം വന്യജീവി നിയമം, കേരള വനം നിയമം എന്നിവ അനുസരിച്ച് ഒന്നു മുതൽ ഏഴു വർഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. 

6 മാസം മുൻപ് തെന്മല മാമ്പഴത്തറ വനത്തിൽ പ്രവേശിച്ച ഇവർ ഹെലിക്യാം, മറ്റു ക്യാമറകൾ എന്നിവ ഉപയോഗിച്ച് കാട്ടാനകളെ ഉൾപ്പെടെ ചിത്രീകരിക്കുകയും ഇവയെ പ്രകോപിപ്പിക്കുകയും ചെയ്ത ദൃശ്യങ്ങൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തെന്നാണ് കേസ്. ഇവർക്കൊപ്പം പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ 4 പേരുണ്ടായിരുന്നെന്നും ഇവരെ തിരിച്ചറിഞ്ഞതായും അന്വേഷണച്ചുമതലയുള്ള റേഞ്ച് ഓഫിസർ ബി.ദിലീഫ് പറഞ്ഞു. യൂട്യൂബിനും പ്രായപൂർത്തിയാകാത്ത കുട്ടിയെ വനത്തിൽ എത്തിച്ചതിനു ബാലാവകാശ കമ്മിഷനും നടപടിയാവശ്യപ്പെട്ട് വനം വകുപ്പ് കത്ത് നൽകും.

വനം വന്യജീവി നിയമം അനുസരിച്ച് വന്യജീവികളുടെ ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിലോ, സിനിമ പോലുള്ള മാധ്യമങ്ങളിലോ ഉപയോഗിക്കുന്നത് നിയമ ലംഘനമാണ്. ഗവേഷണം, സിനിമാ ചിത്രീകരണം പോലെയുള്ള കാര്യങ്ങൾക്ക് വനം ഉപയോഗിക്കാൻ പ്രത്യേക അനുമതി വേണം. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് അനുമതി നൽകേണ്ടത്.

വന്യജീവികളെ ചിത്രീകരിക്കരുതെന്നും ആവാസ വ്യവസ്ഥയ്ക്ക് കോട്ടം വരുത്തരുതെന്നും ആവശ്യപ്പെട്ട് കരാർ തയാറാക്കിയ ശേഷമാണ് സിനിമ ചിത്രീകരണത്തിന് അനുമതി നൽകുക. ഇവിടെ എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തിയാണ് അമല അനു വനത്തിൽ പ്രവേശിച്ചതെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു. ഹെലിക്യാം ഉപയോഗിച്ച് ദൃശ്യം പകർത്തുമ്പോൾ ഭയന്നു കാട്ടിലേക്ക് ഓടി‌യ കാട്ടാന, പ്രകോപിപ്പിച്ചതോടെ അമല അനുവിനു നേരെ ചീറിപ്പാഞ്ഞെത്തുന്നതും യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വിഡിയോയിൽ ഉണ്ട്. കേസ് എടുത്തതോടെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്ന വിഡിയോ അപ്രത്യക്ഷമായിട്ടുണ്ട്.

∙ ‘പുനലൂർ മാമ്പഴത്തറയിൽ സംരക്ഷിത വനമേഖലയിൽ കയറി കാട്ടാനയെ പ്രകോപിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ വ്ലോഗറുടെ നടപടി അംഗീകരിക്കാനാകില്ല. സംരക്ഷിത വനമേഖലയിൽ അതിക്രമിച്ചു കടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അപകടകരവും വന്യജീവികളുടെ സ്വൈര വിഹാരത്തിനു തടസ്സവുമാകുന്ന പ്രവർത്തനം ആരും ചെയ്യരുത്. വനം വകുപ്പ് നടപടി കർശനമാക്കും.’ – മന്ത്രി എ.കെ.ശശീന്ദ്രൻ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker