
ഡല്‍ഹി: കര്‍ഷകരുടെ ‘ദില്ലി ചലോ’ മാര്‍ച്ചില്‍ സംഘര്‍ഷം. ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു.. ഉച്ചയ്ക്ക് 12 മണിയോടെയാണ് മാര്‍ച്ച് ആരംഭിച്ചത്. 101 കര്‍ഷകര്‍ അടങ്ങുന്ന സംഘത്തെ ഹരിയാന-പഞ്ചാബ് അതിര്‍ത്തിയായ ശംഭുവില്‍ പോലീസ് തടഞ്ഞതോടെ സംഘര്‍ഷമുണ്ടായി. 17 കര്‍ഷകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 40 മിനിറ്റോളം സംഘര്‍ഷാവസ്ഥ നീണ്ടുനിന്നു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ശംഭുവില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ എത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് ‘ദില്ലി ചലോ’ മാര്‍ച്ച് ഇന്ന് വീണ്ടും പുനഃരാരംഭിച്ചത്.
അനുമതിയില്ലാതെ മാര്‍ച്ച് തുടരാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് പോലീസ് തടഞ്ഞത്. എന്നാല്‍, അത് കര്‍ഷകര്‍ കൂട്ടാക്കിയില്ല. ഡല്‍ഹിയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് കര്‍ഷകരും ആവശ്യപ്പെട്ടു. രാജ്യതലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും കര്‍ഷകര്‍ വ്യക്തമാക്കി.
വിളകളുടെ താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ്, വായ്പ എഴുതിത്തള്ളല്‍, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍, ഭൂമി ഏറ്റെടുക്കല്‍ നിയമം പുനഃസ്ഥാപിക്കുക, വൈദ്യുതി താരിഫ് വര്‍ധിപ്പിക്കരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. മാത്രമല്ല, 2021-ലെ ലഖിംപുര്‍ ഖേരി സംഘര്‍ഷത്തിലെ ഇരകള്‍ക്ക് നീതിവേണമെന്നും 2020-21 കാലത്തെ കര്‍ഷക സമരകാലത്ത് ജീവന്‍ നഷ്ടമായ കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.
സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള സംഘമാണ് യാത്ര നയിക്കുന്നത്. കഴിഞ്ഞ ആഴ്ച ഉത്തര്‍ പ്രദേശിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള അയ്യായിരത്തോളം കര്‍ഷകര്‍ ‘ദില്ലി ചലോ’ എന്ന പേരില്‍ പാര്‍ലമെന്റ് ലക്ഷ്യമാക്കി മാര്‍ച്ച് ആരംഭിച്ചിരുന്നുവെങ്കിലും ഇവരെ നോയിഡ-ഡല്‍ഹി അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു. 1997 മുതല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് ഉചിതമായ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഇവരുടെ മാര്‍ച്ച്.