ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ഭരണഘടന ചര്‍ച്ചയില്‍ ബിജെപിക്ക് എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവര്‍ക്കര്‍ പറഞ്ഞത്. മനു സ്മൃതിയാണ് ഔദ്യോഗിക രേഖയെന്നതായിരുന്നു വാദം. ഇന്നും ബിജെപിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണ ഘടനയല്ല. സവര്‍ക്കറെ വിമര്‍ശിച്ചാല്‍ തന്നെ കുറ്റക്കാരനാക്കും. രാജ്യത്തെ പിന്നാക്കം കൊണ്ടുപോകാനാണ് ബിജെപിയുടെ ശ്രമമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഏകലവ്യന്റെ വിരല്‍ മുറിച്ച പോലെയാണ് ഇന്നത്തെ ഇന്ത്യന്‍ യുവതയുടെ സ്ഥിതി. അദാനിക്ക് അവസരം നല്‍കിയും, ലാറ്ററല്‍ എന്‍ട്രി അവസരം നല്‍കിയും രാജ്യത്തെ യുവാക്കള്‍ക്ക് അവസരം ഇല്ലാതാക്കുകയാണ്. കര്‍ഷകരുടെ വിരല്‍ മുറിക്കുന്നു. ഇന്നത്തെ മുദ്ര വിരല്‍ നഷ്ടപ്പെട്ട കൈയാണ്. ഭരണഘടനയില്‍ എഴുതി വയ്ക്കാത്ത വിഷയങ്ങളാണ് താന്‍ ഉന്നയിക്കുന്നത്. ഭരണഘടനക്കൊപ്പം നീതി നിഷേധവും ചര്‍ച്ച ചെയ്യപ്പെടണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
നവീന ഇന്ത്യയുടെ രേഖയാണ് ഭരണഘടനയെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഗാന്ധിയുടെയും, നെഹ്രുവിന്റെയും, അംബേദ്കറിന്റെയുമൊക്കെ ആശയങ്ങളാണ് ഭരണഘടനയിലുള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണഘടനയുടെ ചെറിയ പതിപ്പ് കൈയില്‍ കരുതിയാണ് രാഹുല്‍ സംസാരിക്കാന്‍ തുടങ്ങിയത്.
യുപിയില്‍ ബിജെപി ഭരണമാണെന്നും അവിടെ മനുസ്മൃതിയാണ് പിന്തുടരുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഹാത്രസിലെ അതിജീവിതയുടെ കുടുംബത്തെ ഭരണ സംവിധാനം ഒറ്റപ്പെടുത്തിയിരിക്കുന്നു. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക തുല്യത ഇല്ലാതായിരിക്കുന്നു. ജാതി സെന്‍സസ് കൊണ്ടു വാരാത്തത് തുല്യതയില്ലായ്മയുടെ തെളിവാണ്. ഇന്ത്യ സഖ്യം ജാതി സെന്‍സസ് കൊണ്ടുവരുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
ഈ വര്‍ഷമാദ്യം കേന്ദ്ര മന്ത്രാലയങ്ങളിലെ ഉന്നത തസ്തികകളിലേക്ക് ലാറ്ററല്‍ പ്രവേശനത്തിന് അപേക്ഷകള്‍ തേടി കേന്ദ്രസര്‍ക്കാരിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കോണ്‍ഗ്രസ് എംപിയുടെ ആക്രമണം. പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്രം പരസ്യം പിന്‍വലിച്ചിരുന്നു. ഗവണ്‍മെന്റ് വ്യവസായിക്ക് അനാവശ്യ നേട്ടം നല്‍കുന്നുവെന്ന് ഗൗതം അദാനി വിഷയം ഉന്നയിച്ചുകൊണ്ട് രാഹുല്‍ ആരോപിച്ചു. അത് രാജ്യത്തെ മറ്റ് ചെറുകിട വ്യവസായങ്ങളെ ദ്രോഹിക്കുന്നതാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ അനുരാഗ് താക്കൂര്‍ രംഗത്തെത്തി. രാഹുല്‍ ഗാന്ധിക്ക് ഭരണഘടനയെ കുറിച്ച് ഒന്നുമറിയില്ലെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കും. അതേ സമയം രാഹുലിന്റെ പ്രസംഗത്തിനിടെ പരിഹാസവുമായി ബിജെപി രംഗത്തെത്തി. ഇതിനെ പ്രതിരോധിച്ച് കെസി വേണുഗോപാല്‍ എംപി ഇടപെട്ടതോടെ കെസിയെ സ്പീക്കര്‍ വിമര്‍ശിച്ചു.
പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗമായിരുന്നു കഴിഞ്ഞ ദിവസം വലിയ ശ്രദ്ധ നേടിയത്. സര്‍ക്കാരിനെ ആക്രമിക്കുന്ന ശൈലി പ്രിയങ്കാ ഗാന്ധിയും സ്വീകരിക്കുന്നതാണ് കാണാനായത്. പ്രിയങ്കയുടെ പ്രസംഗം ബിജെപി അംഗങ്ങള്‍ തടസപ്പെടുത്തിയിരുന്നില്ല എന്നതാണ് ശ്രദ്ധേയം. എന്നാല്‍, ഇന്ന് രാഹുല്‍ ഗാന്ധി സംസാരിക്കുന്നതിനിടെ ബിജെപി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.