KeralaNews

മക്കള്‍ ബി.ജെ.പിയിലേക്ക് പോകുമോ?തുറന്ന് പറഞ്ഞ്‌ മറിയാമ്മ ഉമ്മന്‍

കോട്ടയം: ഉമ്മന്‍ ചാണ്ടി ഇല്ലാത്ത ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ കുടുംബ സമേതം പ്രചാരണത്തിന് ഇറങ്ങുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ മറിയാമ്മ ഉമ്മന്‍. തുണ്ടം കണ്ടിച്ച് ഇട്ടാല്‍ പോലും മൂന്നു മക്കളും ബിജെപിയിലേക്ക് പോകില്ലെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മക്കള്‍ പാര്‍ട്ടി വിടുമെന്ന പ്രചാരണം നടക്കുമ്പോള്‍ അങ്ങനെ അല്ലെന്ന് തെളിയിക്കണം. അനില്‍ ആന്‍റണിയും പത്മജയും ബിജെപിയിലേക്ക് പോയത് വിഷമിപ്പിച്ചു. അനില്‍ ആന്‍റണി പോയതാണ് കൂടുതല്‍ വിഷമിപ്പിച്ചത്, എന്ന് കരുതി അവരോട് വിരോധമൊന്നുമില്ലെന്നും മറിയാമ്മ പറഞ്ഞു.

വീട്ടില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ചാണ്ടി ഉമ്മന്‍ മാത്രം മതിയെന്ന് ഉമ്മന്‍ ചാണ്ടി തന്നെയാണ് പറഞ്ഞത്. ചാണ്ടി ഉമ്മന്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. എങ്കിലും അര്‍ഹിക്കുന്ന പദവികള്‍ പോലും ചാണ്ടിക്ക് ഉമ്മന്‍ ചാണ്ടി നല്‍കിയിരുന്നില്ല. അച്ചു ഉമ്മനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നും മറിയാമ്മ പറഞ്ഞു.

അവസാന നാളുകളില്‍ പോലും യുഡിഎഫിനുവേണ്ടി പ്രയത്‌നിച്ച ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ ജനങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ലെന്ന് അറിയാമെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്. ഇത്തവണയും വര്‍ഗീയ, ഏകാധിപത്യ ശക്തികള്‍ അധികാരത്തില്‍ വന്നാല്‍ ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് ഭയപ്പെടേണ്ട സാഹചര്യമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന വര്‍ഗീയ -കോര്‍പ്പറേറ്റ് ഭരണത്തിനെതിരെയും കേരളത്തിലെ ജനദ്രോഹഭരണത്തിനെതിരെയും ഒരുമിക്കേണ്ട കാലമാണിത്. ആ ഉത്തരവാദിത്തം എല്ലാ കുടുംബങ്ങളും, പ്രത്യേകിച്ച് കോണ്‍ഗ്രസ് കുടുംബങ്ങങ്ങളും ഏറ്റെടുക്കണം.

ജീവിതത്തില്‍ ആദ്യമായി താനും അനാരോഗ്യം വകവെക്കാതെ പ്രചാരണത്തിനായി ഇറങ്ങും. മക്കളും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകും. അതൊന്നും ഉമ്മന്‍ചാണ്ടിയ്ക്ക് പകരമാവില്ല എന്നറിയാം. രാജ്യത്തെ മതേതരത്വവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായി രാഹുല്‍ഗാന്ധിയോടൊപ്പവും ഓരോരുത്തരോടൊപ്പവും ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കണമെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker