KeralaNews

എന്തുകൊണ്ട് കൊച്ചി മെട്രോ തൂണ്‍ ചരിഞ്ഞു; കാരണം കണ്ടെത്തി പഠനം

കൊച്ചി: കൊച്ചി മെട്രോയുടെ (Kochi metro) പാളത്തിലെ ചെരിവിന് കാരണമായ തൂണിന്റെ പ്രശ്‌നത്തിന് കാരണം കണ്ടെത്തി പഠനം. മെട്രോയുടെ ചരിഞ്ഞ തൂണിന്റെ പൈലിങ് (Piling) ഭൂമിക്കടിയിലെ പാറയില്‍ തൊട്ടിട്ടില്ലെന്നാണ് കണ്ടെത്തല്‍. പത്തടിപ്പാലത്തെ 347ാം നമ്പര്‍ തൂണിനാണ് ചരിവ് കണ്ടെത്തിയത്. തൂണിന്റെ ബലക്ഷയത്തിന് കാരണം പൈലിങ് പാറയില്‍ തട്ടാത്തതാണെന്ന് ജിയോ ടെക്‌നിക്കല്‍ പഠനമാണ് വ്യക്തമാക്കിയത്. എന്നാല്‍ പഠന വിവരം കെഎംആര്‍എല്‍ പുറത്തുവിട്ടിട്ടില്ല.  

തൂണ്‍ നില്‍ക്കുന്ന സ്ഥലത്ത് 10 മീറ്റര്‍ താഴെയാണ് പാറ. ഇവിടേക്ക് പൈലിങ് എത്തിയിട്ടില്ല. പാറക്ക് ഒരു മീറ്റര്‍ മുകളിലാണ് പൈലിങ്. മണ്ണിനടില്‍ പാറ കണ്ടെത്തുന്നത് വരെ പൈലടിച്ചാണ് മെട്രോ തൂണുകള്‍ നിര്‍മിക്കേണ്ടത്. പൈലിങ് പാറയില്‍ എത്തിയാല്‍ പാറ തുരന്ന് പൈലിങ് പാറയില്‍ ഉറപ്പിക്കണം. പത്തടിപ്പാലത്ത് ഈ മാര്‍ഗനിര്‍ദേശങ്ങളൊന്നും പാലിക്കാത്തതാണ് ചരിവിന് കാരണമെന്നാണ് നിഗമനം. പുതിയ പൈലുകള്‍ അടിച്ച് തൂണിനെ ബലപ്പെടുത്താനാണ് അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍ തകരാര്‍ പരിഹരിക്കാന്‍ മെട്രോ സുരക്ഷാ കമ്മീഷണറുടെ അനുമതി വേണം.

തൂണ്‍ ബലപ്പെടുത്തുന്ന ചുമതല എല്‍ ആന്‍ഡ് ടിക്ക് കൈമാറാനാണ് കെഎംആര്‍എല്‍ തീരുമാനിച്ചത്. ഒരുമാസം മുമ്പാണ് പാലത്തിന് ചരിവുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഡിഎംആര്‍സിയുടെ  മുഖ്യഉപദേശകനായിരുന്ന ഇ ശ്രീധരന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ പരിശോധന നടത്തിയിരുന്നു. പിന്നീട് ചരിവിനുള്ള കാരണം കണ്ടെത്താനായി അള്‍ട്രാ സോണിത് ടെസ്റ്റും സോയില്‍ ബോര്‍ ടെസ്റ്റും നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. പരിശോധന ഫലം കാത്തുനില്‍ക്കാതെ അടിയന്തരമായ മറ്റൊരു പൈലിങ് നടത്തി പാലത്തെ ബപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

നിലവിലെ പൈലിങ്ങിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്നം സംഭവിച്ചോ എന്നും പൈലിങ് ഉറച്ച് നില്‍ക്കുന്നുണ്ടോ എന്നറിയാനുമാണ് അള്‍ട്രോ സോണിക് പരിശോധന നടത്തിയത്. നിലവില്‍ പൈലിനും പൈല്‍ ക്യാപ്പിനും കേടില്ല. എന്നാല്‍ നേരിയ ചെരിവ് കാരണം പാളത്തിന്റെ അലൈന്‍മെന്റിലും നേരിയ വ്യതിയാനമുണ്ട്. സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടായ കനത്ത മഴകാരണം മണ്ണിന്റെ ഘടനയില്‍ മാറ്റമോ അല്ലെങ്കില്‍ സോയില്‍പൈപ്പിങ് ഉണ്ടായോ എന്നതും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ നിര്‍മിച്ച ഡിഎംആര്‍സിയുടെ മുഖ്യ ഉപദേശകനായിരുന്നു ഇ ശ്രീധരന്‍. 

തൂണിനുണ്ടായ ചരിവ് കണ്ടെത്താന്‍ വിദഗ്ധര്‍ പരിശോധന നടത്തിയിരുന്നു. പത്തടിപ്പാലത്തെ 347-ാം നമ്പര്‍ തൂണിനു സമീപത്തെ മണ്ണിന്റെ ഘടനയാണ് പ്രധാനമായും പരിശോധിച്ചത്. കെഎംആര്‍എല്ലിന്റെയും ഈ ഭാഗത്തെ മെട്രോ പാത നിര്‍മിച്ച കരാറുകാരായ എല്‍ ആന്റ് ടിയുടെയും സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തിയത്. രണ്ടാഴ്ച മുമ്പ് നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ചരിവ് കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker