KeralaNews

സില്‍വര്‍ ലൈന്‍ കല്ലിടല്‍; ചങ്ങനാശേരിയില്‍ ഹര്‍ത്താല്‍; പോലീസ് നടപടിയില്‍ പ്രതിഷേധം

കോട്ടയം: കെ റെയിലിന് എതിരായ സമരത്തിനിടെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താൽ. രാവിലെ ആറുമുതൽ മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. കെ റെയിൽ വിരുദ്ധ സംയുക്തസമരസമിതി ആണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യുഡിഎഫും ബിജെപിയും മറ്റ് ഇതര സംഘടനകളും അടങ്ങുന്നതാണ് സംയുക്തസമരസമിതി. 

വാഹനങ്ങളെ തടയില്ലെന്ന് സമരക്കാർ അറിയിച്ചിട്ടുണ്ട്. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കും. 10 മണിക്ക് ചങ്ങനാശ്ശേരി നഗരത്തിൽ സംയുക്തസമരസമിതി പ്രകടനം നടത്തും. പ്രാദേശികതലത്തിലും പ്രകടനങ്ങൾ നടത്തുമെന്ന് സമരസമിതി അറിയിച്ചു. 12 മണിക്ക് മാടപ്പള്ളിയിൽ പ്രതിഷേധയോഗവും നടക്കും. മാടപ്പള്ളിയിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്

കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയിൽ കെ റെയിൽ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധമാണ് പൊലീസുകാരുമായുള്ള സംഘർഷത്തിലേക്ക് വഴിവച്ചത്. നാട്ടുകാർക്ക് നേരെ പൊലീസിന്റെ ബലപ്രയോ​ഗം ഉണ്ടായി. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച് നീക്കി.  സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല് സ്ത്രീകൾ ഉൾപ്പടെ 23 പേരാണ് അറസ്റ്റിലായത്. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.ജോസഫ് എം പുതുശ്ശേരി, മിനി കെ ഫിലിപ്പ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മനുഷ്യശൃംഖല തീർത്തായിരുന്നു രാവിലെ മുതൽ ഇവിടെ  പ്രതിഷേധം. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാർ തകർത്തു. നാട്ടുകാർ റോഡ് ഉപരോധിച്ചു. കല്ലിടൽ നടപടിക്രമം പാലിക്കാതെയെന്നാണ് പ്രതിഷേധക്കാർ ആരോപിച്ചത്. വലിയ പ്രതിഷേധമാണ് മുണ്ടുകുഴിയിൽ നാട്ടുകാരുടെ ഭാ​ഗത്തു നിന്നുണ്ടായത്. കല്ലുമായെത്തിയ വാഹനം തുടർന്ന് തിരികെപ്പോകേണ്ടതായി വന്നു. മനുഷ്യശൃംഖല തീർത്ത് നാട്ടുകാർ ഉദ്യോ​ഗസ്ഥർക്കെതിരെ പ്രതിഷേധിക്കുകയും ആക്രോശിക്കുകയുമാണുണ്ടായത്. കൂട്ട ആത്മഹത്യ നടത്തുമെന്ന് സമരക്കാർ പറഞ്ഞു. മണ്ണെണ്ണ ഉയർത്തി കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി. 

പിന്നീട് കെ റെയിൽ അടയാള കല്ലുമായി വാഹനം തിരിച്ചെത്തി. കനത്ത പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. കെ റെയിൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പൊലീസ് അകമ്പടിയോടെ കല്ലിടുന്ന സ്ഥലത്തേക്ക് നീങ്ങി. പൊലീസ് പ്രതിഷേധക്കാർക്ക് മുന്നറിപ്പ് നൽകി. എന്നാൽ, പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ നാട്ടുകാർ ഉ​ദ്യോ​ഗസ്ഥർക്ക് നേരെ ​ഗോ ബാക്ക് വിളികളുയർത്തി. തുടർന്നാണ് സമരക്കാരും പൊലീസും നേർക്കുനേർ വരുന്ന സ്ഥിതിയുണ്ടായത്. പൊലീസിന്റെ അനുനയ ശ്രമങ്ങളൊന്നും വിലപ്പോയില്ല. പ്രതിഷേധത്തിൽ നിന്ന് പിന്മാറാതെ സമരക്കാർ പൊലീസ് പിൻമാറണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ബലപ്രയോ​ഗം വേണ്ടിവന്നത്. 

മണ്ണെണ്ണ കയ്യിലെടുത്ത് വളരെ വൈകാരികമായി സ്ത്രീകൾ പ്രതിഷേധിച്ചു. മണ്ണെണ്ണ മാറ്റിവെക്കാനും കുട്ടികളെ സമരസ്ഥലത്തു നിന്ന് മാറ്റാനും പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് സമരക്കാർ തയ്യാറായില്ല. ഇതോടെയാണ് വനിതാ പൊലീസ് അങ്ങനെയുള്ളവരെ ബലം പ്രയോ​ഗിച്ച് നീക്കിയത്. ഒടുവിൽ നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ ഉദ്യോ​ഗസ്ഥർ പൊലീസ് സുരക്ഷയിൽ കെ റെയിൽ സർവ്വേക്കല്ലിട്ടു. 

ജില്ലയിൽ 16 പഞ്ചായത്തുകളിലൂടെയാണ് സിൽവർ ലൈൻ കടന്നുപോകുക. 14 വില്ലേജുകളെ  പദ്ധതി ബാധിക്കും. വിവിധ രാഷട്രീയ പാർട്ടികൾ സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. ജോസഫ് എം പുതുശ്ശേരി അടക്കമുള്ള യുഡിഎഫ് നേതാക്കൾ സ്ഥലത്തെത്തിയിരുന്നു. ബിജെപിയുടെ ശക്തമായ സാന്നിധ്യവും പ്രതിഷേധത്തിലുണ്ട്. ഈ മാസം 24ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കെടുക്കുന്ന സംരക്ഷണ ജാഥ ബിജെപി കോട്ടയം ജില്ലയിൽ സംഘടിപ്പിക്കുന്നുണ്ട്. 

അറസ്റ്റിലായ 23 പേരിൽ മൂന്ന് പേരെ പൊലീസ് വിട്ടയക്കാൻ ആദ്യം തയ്യാറായിരുന്നില്ല.  ഇതോടെ പ്രതിഷേധം തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിലേക്കെത്തി. കെ റെയിൽ വിരുദ്ധ സമര സമിതിക്ക് ഒപ്പം നാട്ടുകാരും യുഡിഎഫ്, ബിജെപി പ്രവർത്തകരും പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതോടെ മൂന്നുപേരെയും പൊലീസ് വിട്ടയക്കാൻ തീരുമാനിച്ചു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരല്ലെന്നും ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയ വീടും സ്ഥലവും സംരക്ഷിക്കാനാണ് സമരത്തിനിറങ്ങിയതെന്നും സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ സമരക്കാർ പറഞ്ഞു. 

കോട്ടയം മാടപ്പള്ളിയിൽ കെ റെയിൽ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം വലിയ സംഘർഷത്തിലേക്കാണ് വഴിവെച്ചത്. കാലങ്ങളോളം കഷ്ടപ്പെട്ടുണ്ടാക്കിയ കിടപ്പാടം സംരക്ഷിക്കാനാണ് സമരത്തിനിറങ്ങിയതെന്നും ഇനിയും സമരം തുടരുമെന്നും പ്രതിഷേധക്കാർ പറയുന്നു. സമരത്തിൽ അറസ്റ്റിലായ ജിജി ഫിലിപ്പിന്റെ വാക്കുകൾ.. 

ആദ്യം മറ്റൊരു സ്ഥലത്താണ് കെ റെയിൽ കല്ലിടലെന്നാണ് അറിയിച്ചിരുന്നത്. ഞങ്ങളെ കബളിപ്പിച്ചാണ് ഇവിടേക്ക് (മാടപ്പള്ളി) കല്ലിടാൻ ഉദ്യോഗസ്ഥരെത്തിയത്. ഭർത്താവിനും കുഞ്ഞിനുമൊപ്പമാണ് പ്രതിഷേധത്തിനെത്തിയത്. മണ്ണെണ്ണ കയ്യിലുണ്ടായിരുന്നു. പക്ഷേ പൊലീസ് ആരോപിക്കുന്നത് പോലെ മണ്ണെണ്ണ ഒഴിച്ചിട്ടില്ല. പക്ഷേ എന്റെ വീട്ടിൽ കല്ലിടുകയാണെങ്കിൽ മണ്ണെണ്ണ ഒഴിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു. 

”സമരത്തിനിടെ നിലത്തു വീണ എന്നെ കാലിനും കയ്യിലും പിടിച്ച്  വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയത്. ദേഹത്ത് പരിക്കുകളുണ്ട്. കെ റെയിൽ വന്നാൽ എന്റെ രണ്ട് വീടുകളാണ് നഷ്ടമാകുക. ലോണെടുത്തുണ്ടാക്കിയ കടയും നഷ്ടമാകും. എനിക്കെന്റെ വീട് വേണം, പിണറായിക്ക് സ്വപ്നമുണ്ടെങ്കിൽ എനിക്കുമുണ്ട് സ്വപ്നം. പിണറായിയുടെ സ്വപ്നം പോലെ തന്നെ എനിക്കെന്റെ സ്വപ്നവും സാക്ഷാത്കരിക്കണം. വീടും സ്ഥലവും നഷ്ടമാകുന്നവർക്കുള്ള കോംമ്പൻസേഷൻ എനിക്ക് വേണ്ട”. ഇനിയും ഉദ്യോഗസ്ഥർ കല്ലിടലിനെത്തിയാൽ തടയാൻ തന്നെയാണ് തീരുമാനമെന്നും ജിജി പറയുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker