'വ്യാജഫെമിനിസം അപലപനീയം', വിവാഹ കേസുകളിൽ 99 ശതമാനവും കുറ്റക്കാർ പുരുഷന്മാർ- കങ്കണ

ന്യൂഡല്‍ഹി: വ്യാജ സ്ത്രീധനപീഡന ആരോപണത്തില്‍ ബെംഗളൂരുവില്‍ ഐ.ടി ജീവനക്കാരനായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ബി.ജെ.പി എം.പി കങ്കണ റണാവത്ത്. യുവാവിന്റെ സാമ്പത്തിക ശേഷിയേക്കാള്‍ കോടിക്കണക്കിന് രൂപ അദ്ദേഹത്തില്‍നിന്ന് തട്ടിയെടുക്കുകയാണുണ്ടായതെന്ന് കങ്കണ വിമര്‍ശിച്ചു. ‘രാജ്യം മുഴുവന്‍ ഞെട്ടലിലാണ്. ആത്മഹത്യക്കു തൊട്ടു മുന്‍പുള്ള യുവാവിന്റെ വീഡിയോ ഹൃദയഭേദകമാണ്. കടുത്ത മാനസിക സമ്മര്‍ദമാണ് അദ്ദേഹത്തെ കടുംകൈ ചെയ്യിക്കാന്‍ പ്രേരിപ്പിച്ചത്’, കങ്കണ പറഞ്ഞു.

ഇത്തരം വ്യാജഫെമിനിസം അപലപനീയമാണെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. അതേസമയം തെറ്റായ ഒരു സ്ത്രീയെ മാതൃകയാക്കി ദിവസവും പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം നിഷേധിക്കാനാകില്ലെന്നും വ്യക്തമാക്കി. വിവാഹവുമായി ബന്ധപ്പെട്ട 99 ശതമാനം കേസുകളിലും കുറ്റക്കാര്‍ പുരുഷന്മാരാണെന്നും കങ്കണ കുറ്റപ്പെടുത്തി. വിവാഹം പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നിടത്തോളം കാലം അവര്‍ നല്ല രീതിയിലായിരിക്കും മുന്നോടുപോവുകയെന്ന് പറഞ്ഞ കങ്കണ, എന്നാല്‍ സോഷ്യലിസം, കമ്യൂണിസം എന്നിവ വന്നതോടെ വിവാഹബന്ധങ്ങള്‍ ദുഷിപ്പിക്കപ്പെട്ടുവെന്നുംആരോപിച്ചു.

വ്യാജ സ്ത്രീധനപീഡന ആരോപണത്തില്‍ അതുല്‍ സുഭാഷ് എന്ന 34 കാരന്‍ ബെംഗളൂരുവില്‍ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു. രാജ്യത്താകെ ശ്രദ്ധപിടിച്ചുപറ്റിയ സംഭവമായിരുന്നു അത്. താന്‍ നേരിട്ട പീഡനങ്ങള്‍ വിവരിക്കുന്ന വീഡിയോ എക്‌സില്‍ പങ്കുവെച്ച ശേഷമായിരുന്നു ആത്മഹത്യ. 24 പേജുള്ള കത്തെഴുതി വെച്ചായിരുന്നു യുവാവ് ജീവനൊടുക്കിയത്. ഭാര്യയും ഭാര്യവീട്ടുകാരും മാനസികമായി പീഡിപ്പിച്ചെന്ന് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ അതുല്‍ പറഞ്ഞു.

വ്യാജ പരാതി കെട്ടിച്ചമച്ചതുള്‍പ്പടെ നിരവധി ഗുരുതര ആരോപണങ്ങള്‍ ഭാര്യക്കെതിരെ അതുല്‍ ഉന്നയിച്ചു. സംഭവത്തില്‍ പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുകയും, ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ‘നീതി വേണം’ എന്നെഴുതിയ പ്ലക്കാര്‍ഡ് അതുലിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. അതുലിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ രണ്ട് ദിവസമായി വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News