ലോക ചെസ് ചാമ്പ്യൻഷിപ്പ്: 13-ാം റൗണ്ടിൽ സമനില, ഗുകേഷും ലിറനും കലാശപ്പോരിലേക്ക്

സിങ്കപ്പുര്‍: ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷും ചൈനയുടെ ഡിങ് ലിറനും തമ്മിലുള്ള ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ 13-ാം റൗണ്ട് മത്സരം സമനിലയിൽ. അഞ്ചു മണിക്കൂർ നീണ്ട മത്സരം സമനില ആയതോടെ, 6.5 വീതം പോയിന്റുമായി ഇരുവരും ഒപ്പത്തിനൊപ്പമാണുള്ളത്. അതിനാൽ തന്നെ വ്യാഴാഴ്ച നടക്കുന്ന അവസാന റൗണ്ടിൽ ചതുരം​ഗ കളങ്ങളിൽ തീ പാറുമെന്ന് ഉറപ്പായി.

12-ാം റൗണ്ട് മത്സരത്തിൽ ഗുകേഷിനെ ഡിങ് ലിറൻ പരാജയപ്പെടുത്തിയിരുന്നു. ഇതോടെയാണ് പിന്നിലായിരുന്ന ലിറൻ പോയിന്റിൽ ഒപ്പത്തിനൊപ്പമെത്തിയത് (6-6). ഞായറാഴ്ച നടന്ന 11-ാം റൗണ്ട് മത്സരത്തിൽ ഡിങ് ലിറനെതിരേ നിർണായക ജയം ഗുകേഷ് സ്വന്തമാക്കിയിരുന്നു.

ഒന്നാം പോരാട്ടം ഡിങ് ലിറൻ ജയിച്ചപ്പോൾ മൂന്നാം പോരിൽ ജയം പിടിച്ച് ഗുകേഷ് തിരിച്ചടിച്ചിരുന്നു. പത്താം മത്സരവും സമനിലയിൽ പിരിഞ്ഞതോടെ തുടരെ ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പമായത്.

14 പോരാട്ടങ്ങൾ അടങ്ങിയ ചാമ്പ്യൻഷിപ്പിൽ ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ആദ്യം 7.5 പോയിന്റ് നേടുന്നയാൾ ചാമ്പ്യനാകും. ഒരു വിജയത്തിന് ഒരു പോയിന്റും സമനിലയ്ക്ക് 0.5 പോയിന്റുമാണ് ലഭിക്കുക. 14 റൗണ്ടുകൾ അവസാനിക്കുമ്പോഴും മത്സരം സമനില ആവുകയാണെങ്കിൽ അടുത്ത ദിവസം ടൈബ്രേക്ക് നടത്തിയായിരിക്കും വിജയിയെ പ്രഖ്യാപിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News