KeralaNews

പൊതു കടത്തിന്റെ പേരില്‍ താങ്കള്‍ക്ക് എത്ര നിലപാടുണ്ട്; മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് ഉയര്‍ത്തിക്കാട്ടി വി.ടി ബല്‍റാം

തിരുവനന്തപുരം: പൊതു കടത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പഴയ വിമര്‍ശന ഫേസ്ബുക്ക് പോസ്റ്റിനെ ചോദ്യം ചെയ്ത് കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം. പൊതു കടത്തിന്റെ കാര്യത്തില്‍ താങ്കള്‍ക്ക് എത്ര നിലപാടുണ്ടെന്നാണ് ബല്‍റാമിന്റെ ചോദ്യം. 2016ല്‍ എകെ ആന്റണി പറഞ്ഞത് കാട്ടി പിണറായി വിജയന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് ബല്‍റാം ഉയര്‍ത്തിക്കാണിക്കുന്നത്. കേരളത്തിന്റെ വാര്‍ഷിക കടം 1,59,523കോടിയിലേക്ക് എത്തുന്നുവെന്നാണ് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ അന്ന് കുറിച്ചത്. 54 വര്‍ഷം കൊണ്ട് 78,675 കോടി രൂപയായിരുന്നു കേരളത്തിന്റെ കടമെങ്കില്‍ യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് 64,692 കോടി കടമെടുത്തുവെന്നായിരുന്നു പോസ്റ്റ്.

പിണറായി വിജയന്റെ ഈ പഴയ നിലപാടും ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥയും വച്ച് ഇത് അദ്ദേഹത്തിന്റെ ഇരട്ടത്താപ്പോ കണ്ടാമൃഗത്തെ വെല്ലുന്ന ചര്‍മ്മശേഷിയോ ആയി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഏതായാലും കേരളത്തിന്റെ ഭരണാധികാരിയും ഏറ്റവും പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ നേതാവും എന്ന നിലയില്‍ സംസ്ഥാനത്തിന്റെ പൊതുകടം വര്‍ദ്ധിക്കുന്നതിനേക്കുറിച്ച് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ട് എന്നതില്‍ സംശയമില്ലെന്നും ബല്‍റാം പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു. യുഡിഎഫിന്റെ കാലത്ത് 82 ശതമാനം വര്‍ദ്ധനവെന്ന് പിണറായി വിജയന്‍ പറയുമ്പോള്‍ ഇന്നത് 129 ശതമാനം കടന്നുവെന്നും ബല്‍റാം പരിഹസിക്കുന്നു.

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ശ്രീ പിണറായി വിജയന്റെ ഈ പഴയ നിലപാടും ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥയും വച്ച് ഇത് അദ്ദേഹത്തിന്റെ ഇരട്ടത്താപ്പോ കണ്ടാമൃഗത്തെ വെല്ലുന്ന ചര്‍മ്മശേഷിയോ ആയി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഏതായാലും കേരളത്തിന്റെ ഭരണാധികാരിയും ഏറ്റവും പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ നേതാവും എന്ന നിലയില്‍ സംസ്ഥാനത്തിന്റെ പൊതുകടം വര്‍ദ്ധിക്കുന്നതിനേക്കുറിച്ച് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ട് എന്നതില്‍ സംശയമില്ല.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 64,692 കോടി രൂപയാണ് പുതുതായി കടമെടുത്തത് എന്ന് അദ്ദേഹം പറയുന്നു. അതായത് പഴയ 78,675 കോടി അടക്കം യുഡിഎഫ് അധികാരമൊഴിയുമ്പോള്‍ കേരളത്തിന്റെ മൊത്തം കടബാധ്യത 1,43,367 കോടിയാണെന്നാണ് പിണറായി വിജയന്റെ തന്നെ കണക്ക്. ഇതുപ്രകാരം യുഡിഎഫ് കാലത്ത് പൊതുകടം വര്‍ദ്ധിച്ചത് 82 ശതമാനം.

എന്നാല്‍ പിണറായി വിജയന്റെ ഭരണകാലത്ത് ഇപ്പോള്‍ കേരളത്തിന്റെ പൊതുകടം എത്തിനില്‍ക്കുന്നത് 3,29,000 കോടിയിലാണ്! അതായത് ഇക്കാലയളവില്‍ കേരളത്തിന്റെ കടബാധ്യതയിലുണ്ടായ വര്‍ദ്ധനവ് 129 ശതമാനത്തിലേറെയാണ്. അതായത് ഒന്നേകാല്‍ ഇരട്ടിയിലധികം. ഈ വര്‍ഷത്തെ 27000 കോടി ഒഴിവാക്കി ആദ്യ 5 വര്‍ഷത്തെ കണക്ക് മാത്രമെടുത്താലും കടവര്‍ദ്ധനവ് 110 ശതമാനം വരും.

കിഫ്ബിയുടെ പേരില്‍ ബജറ്റിന് പുറത്ത് കടമെടുക്കുന്ന 65,000 ഓളം കോടി ഇതില്‍ ഉള്‍പ്പെടുന്നില്ല എന്നും ഓര്‍ക്കണം. ആ കടബാധ്യതയും ആത്യന്തികമായി വന്നു ചേരുന്നത് സംസ്ഥാന ഖജനാവിന് മേല്‍ തന്നെയാണ്. അതുകൂടി കണക്കിലെടുത്താല്‍ ആകെ കടബാധ്യത ഇപ്പോള്‍ത്തന്നെ നാല് ലക്ഷം കോടിയോടടുക്കും. ഇതിനും പുറമേയാണ് ഏറ്റവും കുറഞ്ഞത് രണ്ട് ലക്ഷം കോടിയെങ്കിലും ചെലവ് വരുന്ന കെ റെയില്‍ പദ്ധതിക്ക് വേണ്ടിയുള്ള കടമെടുപ്പ്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ഇല്ലാത്ത സാഹചര്യത്തില്‍ ഈ ബാധ്യതയും പൂര്‍ണ്ണമായി വഹിക്കേണ്ടത് കേരളം തന്നെയായിരിക്കും.

പൊതുകടത്തിന്റെ കേവല കണക്കുകള്‍ വച്ചുള്ള വിലയിരുത്തലിലും അപാകതയുണ്ട്. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനവുമായി ചേര്‍ത്ത് വച്ചുകൊണ്ട് കടബാധ്യതയെ വിലയിരുത്തുമ്പോള്‍ (ഉലയേഏടഉജ ഞമശേീ) മാത്രമേ യഥാര്‍ത്ഥചിത്രം വെളിച്ചത്ത് വരികയുള്ളൂ. ആ നിലയില്‍ Debt-GSDP റേഷ്യോ ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന ഇന്ത്യയിലെ നാലാമത്തെ പ്രധാന സംസ്ഥാനമാണ് കേരളം. 2017-18 വര്‍ഷത്തില്‍ വെറും 30.78% ആയിരുന്ന കടബാധ്യത ഇപ്പോള്‍ 38.3% ആയി കുത്തനെ വര്‍ദ്ധിച്ചിരിക്കുകയാണ്. നേരത്തെപ്പറഞ്ഞ കിഫ്ബി ബാധ്യതകള്‍ കൂടി കണക്കിലെടുത്താല്‍ ഇത് ഏതാണ്ട് 45% ആയി ഉയരും. കെ-റെയിലിനു വേണ്ടിക്കൂടി കടമെടുക്കേണ്ടി വന്നാല്‍ സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ കടബാധ്യത മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 60 ശതമാനത്തിലധികമാവും, ബജറ്റിന് പുറത്തുള്ള കടമെടുപ്പായതിനാല്‍ ഇത് കണക്കില്‍ വരില്ല എന്നേയുള്ളൂ. കേരളം കുത്തുപാളയെടുക്കേണ്ടി വരുമെന്ന് പറയുന്നതും ഇതുകൊണ്ടൊക്കെത്തന്നെയാണ്. ഇന്ത്യാ രാജ്യത്തിലെ ഒരു സംസ്ഥാനം മാത്രമാണ് കേരളം എന്ന ഒറ്റക്കാരണം കൊണ്ടാണ് ഇവിടം മറ്റൊരു ശ്രീലങ്കയായി മാറാത്തത്.

ഏതായാലും ശ്രീ പിണറായി വിജയനോട് ഒരൊറ്റ ചോദ്യം വീണ്ടുമാവര്‍ത്തിക്കുന്നു: പൊതുകടത്തിന്റെ കാര്യത്തില്‍ താങ്കള്‍ക്ക് എത്ര നിലപാട് ഉണ്ട്?

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker