ദുൽഖറിന്റെ വിലക്ക് ഫിയോക് പിൻവലിച്ചു
കൊച്ചി: നടൻ ദുൽഖർ സൽമാന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ദുൽഖറിന്റെ നിർമാണക്കമ്പനിയായ വേ ഫെയറർ ഫിലിംസ് നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
“സല്യൂട്ട്’ എന്ന ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് ഫിയോക് ദുല്‍ഖര്‍ സല്‍മാനു വിലക്കേര്‍പ്പെടുത്തിയത്. ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സല്യൂട്ട് സിനിമ ഒടിടിക്കു നല്‍കിയതെന്നാണ് ഫിയോക് ആരോപിക്കുന്നത്.
ജനുവരി 14ന് സല്യൂട്ട് തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നു കരാര്‍ ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് സിനിമ 18ന് ഒടിടിയില്‍ എത്തിയതെന്ന് സംഘടന പറയുന്നു.
ബോബി സഞ്ജയ് എഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സിനിമയാണ് സല്യൂട്ട്. അസ്ലം കെ പുരയിലാണ് ക്യാമറ കൈകാര്യം ചെയ്തത്. എ ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിച്ചു. ജേക്സ് ബിജോയ് ആണ് സംഗീതം. ദുൽഖറിനൊപ്പം ഡിയാന പെന്റി, മനോജ് കെ ജയൻ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.